കൊച്ചി: സംസ്ഥാന സര്‍ക്കാരിനും പോലീസിനും കനത്ത തിരിച്ചടി നല്‍കി ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. ക്രമസമാധാനപാലനത്തിനൊഴികെ പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് കോടതി നീക്കിയത്. എന്നാല്‍, നിരോധനാജ്ഞയില്‍ കോടതി ഇടപെട്ടില്ല. ഭക്തരുടെ നാമജപവും ശരണംവിളിയും തടയരുതെന്നും ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
ശബരിമലയിലെ സ്ഥിതി സാധാരണനിലയിലാക്കി ക്രമസമാധാനമുറപ്പാക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് റിട്ട. ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട മൂന്നംഗ നിരീക്ഷണ സമിതിക്ക് രൂപം നല്‍കി. ഈ മണ്ഡലക്കാലത്തേക്കാണ് സമിതി. ദേവസ്വം ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.ആര്‍. രാമന്‍, ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എസ്. സിരിജഗന്‍, ഡിജിപി എ. ഹേമചന്ദ്രന്‍ എന്നിവരാണ് സമിതിയില്‍.
നിയന്ത്രണങ്ങള്‍ക്കെതിരെ ചെന്നൈ സ്വദേശി ടി.ആര്‍. രമേഷ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളും ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സ്വമേധയാ എടുത്ത ഹര്‍ജിയും പരിഗണിച്ച് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
നടപ്പന്തലിന്റെ രണ്ട് ഗേറ്റിലും കാവല്‍ വേണം. നടപ്പന്തലില്‍ വൃദ്ധര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും രോഗികള്‍ക്കും വിരിവയ്‌ക്കാന്‍ അനുമതി നല്‍കണം. കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചാലും പോലീസിന് കൂടുതല്‍ അധികാരം ലഭിക്കില്ല, കോടതി വ്യക്തമാക്കി. പമ്പ, നിലയ്‌ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ഹോട്ടലുകളും ഭക്ഷണശാലകളും 24 മണിക്കൂറും പ്രവര്‍ത്തിക്കണം. ഇതിന് ദേവസ്വം ബോര്‍ഡ് സൗകര്യമൊരുക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ആഹാരത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം. നിലയ്‌ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ തടസപ്പെടുത്തരുത്.
പമ്പയില്‍ ടോയ്‌ലെറ്റ് സൗകര്യം ഉറപ്പാക്കണം. കുടിവെള്ളം ഉറപ്പാക്കേണ്ട ചുമതല വാട്ടര്‍ അതോറിറ്റിക്കാണ്. ഭക്തര്‍ക്ക് മഹാകാണിക്കയുടെ അടുത്തെത്താന്‍ സൗകര്യമൊരുക്കണം. ക്ഷേത്ര പരിസരത്ത് പ്രതിഷേധവും ധര്‍ണയും പ്രകടനവും അനുവദിക്കില്ല. നിരീക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഏകോപിപ്പിക്കണം. അതിന് ദേവസ്വം ബോര്‍ഡ് സൗകര്യമൊരുക്കണം, ഉത്തരവില്‍ പറയുന്നു.
സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ പരാതിയുണ്ടെങ്കില്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ഹൈക്കോടതിയെ സമീപിക്കാം. ഹര്‍ജികള്‍ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
















