ന്യൂദൽഹി : കുട്ടികൾക്ക് ആരോഗ്യത്തിന് ഹാനികരമാകും വിധത്തിലുള്ള സ്ക്കൂൾ ബാഗുകളുടെ ഭാരം കുറയ്‌ക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഒന്നും,രണ്ടും ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ ബാഗുകളുടെ ഭാരം ഒന്നര കിലോഗ്രാമിൽ കൂടാൻ പാടില്ലെന്നും കേന്ദ്ര മാനവ ശേഷി മന്ത്രാലയം നിർദേശിച്ചു.
ഇതു സംബന്ധിച്ച സർക്കുലർ എല്ലാ സംസ്ഥാനങ്ങൾക്കും,കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ചു. അഞ്ചാംക്ലാസുവരെ സ്കൂള്‍ ബാഗ് മൂന്നു കിലോയില്‍ താഴേ ഭാരമുള്ളതായിരിക്കണം. ഏഴാം ക്ലാസുവരെ സ്കൂള്‍ ബാഗ് നാല് കിലോയില്‍ താഴേയും, ഒന്‍പതാം ക്ലാസുവരെ സ്കൂള്‍ ബാഗ് നാലര കിലോയില്‍ താഴേയും, പത്താംക്ലാസില്‍ പരമാവധി അഞ്ച് കിലോയുമായിരിക്കണം സ്ക്കൂൾ ബാഗുകളുടെ ഭാരമെന്നാണ് സർക്കാർ നിർദേശം.
മാത്രമല്ല ഒന്ന്,രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ഭാഷയും,കണക്കും മാത്രം പഠിപ്പിച്ചാൽ മതിയെന്നും ,ഇവർക്ക് ഹോംവർക്കുകൾ നൽകരുതെന്നും സർക്കാർ നിർദേശിച്ചു. അതേ സമയം മൂന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിൽ കണക്കിനും,ഭാഷയ്‌ക്കും പുറമെ പരിസ്ഥിതി ശാസ്ത്രവും പാഠ്യവിഷയമാക്കണം. എന്‍സിഇആര്‍ടി നിര്‍ദേശിക്കുന്ന പുസ്തകങ്ങളാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
















