ബെംഗളൂരു: ഇന്നലെ അന്തരിച്ച മുന്‍ കന്നഡ സിനിമാ താരവും, മന്ത്രിയുമായിരുന്ന എം.എച്ച്. അംബരീഷിന് (66) അന്ത്യാഞ്ജലി. കണ്ഠീരവ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരം അവസാനമായി ഒന്നു കാണാനും അന്ത്യാഞ്ജലിയര്‍പ്പിക്കാനും ആയിരങ്ങളെത്തി. ഇന്നു രാവിലെ പത്തിന് കണ്ഠീരവ സ്റ്റുഡിയോയ്‌ക്കടുത്താണ് സംസ്‌കാരം.
കര്‍ണാടകത്തില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഉപരാഷ്‌ട്രപതി എം. വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരടക്കം പ്രമുഖര്‍ നിര്യാണത്തില്‍ അനുശോചിച്ചു.
ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ രാത്രിയിലായിരുന്നു അംബരീഷിന്റെ അന്ത്യം. 1972ല്‍ നഗരഹാവു എന്ന സിനിമയിലൂടെയാണ് അംബരീഷ് എന്ന മലവള്ളി ഹുച്ചേ ഗൗഡ അമര്‍നാഥ് സിനിമ ലോകത്തെത്തിയത്. കന്നഡ, ഹിന്ദി, തെലുങ്കു, തമിഴ്, മലയാളം ഭാഷകളിലായി ഇരുന്നൂറ്റിമുപ്പതോളം സിനിമകളില്‍ അഭിനയിച്ചു.
കോണ്‍ഗ്രസ്സിലൂടെ 1994ല്‍ അംബരീഷ് രാഷ്‌ട്രീയത്തിലെത്തി. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് 1996ല്‍ അദ്ദേഹം പാര്‍ട്ടി വിട്ടു. തുടര്‍ന്ന് ജനതാദളില്‍ ചേര്‍ന്നു. 1998ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇദ്ദേഹം, മാണ്ഡ്യയില്‍ നിന്ന് വിജയിച്ചു. വീണ്ടും കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയ അംബരീഷ്, 2006ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ വാര്‍ത്താവിനിമയ മന്ത്രിയായി. കാവേരി തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവച്ചു.
മാണ്ഡ്യയില്‍നിന്ന് മൂന്നു തവണ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. സിദ്ധരാമയ്യ മന്ത്രിസഭയില്‍ പാര്‍പ്പിട മന്ത്രിയായിരുന്നു. ചലച്ചിത്രതാരം സുമലതയാണു ഭാര്യ. മകന്‍: അഭിഷേക് ഗൗഡ.
















