ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഗുരുദാസ്പൂരിലെ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ ഒരുക്കുന്ന ഇടനാഴി ഇന്ത്യയ്‌ക്കും പാക്കിസ്ഥാനുമിടയില്‍ നല്ലനാളുകളുടെ പാലമായി വര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ നിന്ന് പാക് പഞ്ചാബിലെ ഗുരുദാസ്പൂരിലുള്ള ദേരാബാബാ നാനാക്ക് ഗുരുദ്വാരയിലേക്കുള്ള ഇടനാഴിക്ക് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ”ബര്‍ലിന്‍ മതില്‍ പൊളിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചതാണോ? ഒരുപക്ഷേ ഗുരുനാനാക്കിന്റെ അനുഗ്രഹത്താല്‍ കര്‍ത്താര്‍പൂര്‍ ഇടനാഴി വെറുമൊരി ഇടനാഴി മാത്രമാകില്ല, ഇരുരാജ്യത്തെയും ജനങ്ങള്‍ക്കിടയില്‍ പാലമായി വര്‍ത്തിച്ചേക്കും” മോദി പറഞ്ഞു.
ഗുരുനാനാക്ക് ജയന്തിയോടനുബന്ധിച്ച് ന്യൂദല്‍ഹിയില്‍ കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ വസതിയില്‍ നടന്ന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
1947ല്‍ സംഭവിച്ചത് കഴിഞ്ഞ കാര്യം. സര്‍ക്കാരുകള്‍ക്കും സൈന്യത്തിനുമിടയിലെ പ്രശ്‌നങ്ങള്‍ തുടര്‍ന്നെന്നിരിക്കും. അതിനു പുറത്തേക്കുള്ള വഴി കാലം കാണിച്ചുതരുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. സിഖ് സമൂഹത്തിന്റെ ഏറെ നാള്‍ നീണ്ട സ്വപ്‌നമാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി.
















