പോര്‍ട്ട് ബ്ലയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ സെന്റിനല്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റ് മരിച്ച 27കാരനായ ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം വീണ്ടെക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. അലന്റെ മൃതദേഹം ഇപ്പോഴും ദ്വീപില്‍ തന്നെയാണുള്ളത്. അതേസമയം അലന്റെ മൃതദേഹം വീണ്ടെടുക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ ടി.എന്‍.പണ്ഡിറ്റ് രംഗത്തെത്തി.നാളികേരമോ ഇരുമ്പു കഷണങ്ങളോ സെന്റിനല്‍ ദ്വീപുകാര്‍ക്ക് സമ്മാനമായി നല്‍കി അവരെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ നിര്‍ദേശം.
നവംബര്‍ പതിനേഴാം തീയതിയാണ് ഗോത്രവര്‍ഗക്കാര്‍ മതപ്രചാരകനായ ജോണിനെ അമ്പെയ്ത് കൊലപ്പെടുത്തിയത്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ മതപ്രചാരണം നടത്താനായിരുന്നു ജോണ്‍ ദ്വീപിലേക്ക് എത്തിയത്.
ഏഷ്യയിലെ തന്നെ ഏറ്റവും ആക്രമണകാരികളാണെന്ന് വിശേഷിപ്പിക്കാവുന്ന ഗോത്ര വിഭാഗമാണ് സെന്റിനല്‍സ്. പുറംലോകത്ത് ദ്വീപിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവരെ ഇവര്‍ ആക്രമിക്കുകയാണ് പതിവ്.ബംഗാള്‍ ഉള്‍ക്കടലില്‍ പോര്‍ട്ട് ബ്ലെയറില്‍ നിന്നും 50 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ ദ്വീപിലെ മനുഷ്യരെക്കുറിച്ച് പുറംലോകത്തിന് ഇപ്പോഴും വ്യക്തമായ ധാരണയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ചുറ്റും പവിഴപ്പുറ്റുകള്‍ നിറഞ്ഞ ഈ ദ്വീപിലേക്ക് എത്തിച്ചേരുക എന്നതും ദുര്‍ഘടം പിടിച്ച പരിപാടിയാണ്. പവിഴപ്പുറ്റുകള്‍ കാരണം കപ്പലുകള്‍ ഇവിടേക്ക് അടുപ്പിക്കാനും സാധ്യമല്ല. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്നതിനാല്‍ ഇവിടേക്ക് എത്തിപ്പെടുന്നവര്‍ക്ക് ദ്വീപ് നിവാസികളുടെ ആക്രമണം ഏല്‍ക്കാനുള്ള സാധ്യതയും ഏറെയാണ്.
















