ന്യൂദല്‍ഹി : ഇന്ത്യ പാക് തീര്‍ത്ഥാടക ഇടനാഴിക്ക് ക്യാബിനറ്റ് അംഗീകാരം നല്‍കി. ഗുരാനാനാക്ക് 18 വര്‍ഷത്തോളം ചെലവഴിച്ചെന്ന് കരുതപ്പെടുന്ന പാക്കിസ്ഥാനിലെ ഗുരുദ്വാരയിലേക്കുള്ള ഇടനാഴിക്കാണ് ക്യാബിനറ്റ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഗുരുനാനാക് ദേവിന്റെ 550-ാംമത് ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
ഇന്ത്യ- പാക് അന്താരാഷ്‌ട്ര ഇടനാഴിയായ കര്‍താര്‍പുരില്‍ നിന്ന് തീര്‍ത്ഥാടക ഇടനാഴിക്കുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഗുരുദ്വാരയില്‍ നിന്ന് തീര്‍ത്ഥാടകര്‍ക്കായി പാത നിര്‍മിക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക് പഞ്ചാബ് പ്രവിശ്യയിലെ ലാഹോറില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരത്തായാണ് കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര സ്ഥിതിചെയ്യുന്നത്. ഗുരാനാനാക്കിന്റെ ജന്മ ദിനത്തോടനുബന്ധിച്ച് 3000 ഇന്ത്യന്‍ സിഖ് തീര്‍ത്ഥാടകരാണ് ബുധനാഴ്ച ലാഹോറില്‍ എത്തിയത്.
പഞ്ചാബ് ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ദെരാ ബാബ നാനാക്കില്‍ നിന്ന് അന്താരാഷ്‌ട്ര അതിര്‍ത്തി വരെയാണ് തീര്‍ത്ഥാടക ഇടനാഴിക്കായി പദ്ധതി ഇടുന്നത്. കര്‍താര്‍പുര്‍ ഇടനാഴി പ്രാവര്‍ത്തികമാവുന്നതോടെ ദര്‍ബാര്‍ സാഹിബിന്റെ ഗുരുദ്വാര സന്ദര്‍ശിക്കുന്നവരുടെ യാത്ര ഏളുപ്പത്തില്‍ സാധ്യമാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെ അറിയിച്ചു.
നാലു കിലോമീറ്റളോം ദൂരത്തിലാണ് ഇടനാഴി സ്ഥാപിക്കുക ഇതിനായുള്ള വിസ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. കര്‍താര്‍പൂര്‍ തീര്‍ത്ഥാടക ഇടനാഴി സംബന്ധിച്ച് ആദ്യ പ്രഖ്യാപനം നടത്തിയത് മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയ് ആണ്.
















