കൊച്ചി: ഐജി വിജയ് സാഖറെക്കും എസ്പി യതീഷ് ചന്ദ്രക്കുമെതിരായ ഹൈക്കോടതി വിമര്‍ശനം വിരല്‍ചൂണ്ടുന്നത് ഉത്തരേന്ത്യന്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ശബരിമലയില്‍ കലാപമുണ്ടാക്കാനുള്ള സര്‍ക്കാര്‍ ഗൂഢാലോചനയ്ക്ക് നേരെ. മലയാളികളായ ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റിനിര്‍ത്തിയാണ് സന്നിധാനമുള്‍പ്പെടെ ശബരിമല തീര്‍ഥാടനം പൂര്‍ണമായും ഉത്തരേന്ത്യന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് പിണറായി കൈമാറിയത്. അയ്യപ്പ സങ്കല്പ്പത്തെക്കുറിച്ചോ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചോ ഒന്നുമറിയാത്ത ഇത്തരം ഉദ്യോഗസ്ഥര്‍ ഭക്തരെ അടിച്ചമര്‍ത്താനുള്ള സിപിഎം അജണ്ട അതേപടി നടപ്പാക്കുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയാണ് ഭക്തരെ നേരിടാന്‍ നിയോഗിച്ചതെന്നും കോടതി വിമര്‍ശനത്തോടെ പുറത്തുവന്നു.
ശബരിമലയുമായി വൈകാരിക ബന്ധമുള്ള മലയാളി ഉദ്യോഗസ്ഥര്‍ക്ക് ഭക്തരോട് മൃദുസമീപനമുണ്ടാകുമെന്നതിനാലാണ് നേരത്തെ ചുമതലയുണ്ടായിരുന്ന ഐജി എസ്. ശ്രീജിത്ത് അടക്കമുള്ളവരെ പിണറായി പുറത്തുനിര്‍ത്തിയത്. സര്‍ക്കാര്‍ ആജ്ഞയനുസരിച്ച് സിപിഎം പ്രവര്‍ത്തക രഹ്ന ഫാത്തിമയെ മലകയറ്റാന്‍ ശ്രമിക്കേണ്ടി വന്ന ശ്രീജിത്ത് പിന്നീട് അയ്യപ്പനു മുന്നില്‍ കരഞ്ഞു പ്രാര്‍ഥിച്ചത് വാര്‍ത്തയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ശബരിമല ഡ്യൂട്ടി ചോദിച്ചു വാങ്ങിയിരുന്നു പി. വിജയനെപ്പോലുള്ള ഉദ്യോഗസ്ഥര്‍ ഇത്തവണ മാറിനില്‍ക്കുകയാണ്.
ഇത്തവണ ഐജി വിജയ് സാഖറെയ്ക്ക് സന്നിധാനത്തിന്റെ ചുമതല നല്കി. എസ്പിമാരായ പ്രതീഷ് കുമാറും ശിവ വിക്രവും സാഖറെയുടെ തുണക്കാരായി. നിലയ്ക്കലില്‍ യതീഷ് ചന്ദ്രയെ നിയോഗിച്ചു. നടപ്പന്തലില്‍ ഭക്തരെ തല്ലിച്ചതച്ച് വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുന്നതിനു നേതൃത്വം നല്‍കിയത് പ്രതീഷ് കുമാറായിരുന്നു. പിണറായിക്കും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്കും പുറമെ മുസ്ലീം തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഡിഐജി ഷെഫീന്‍ അഹമ്മദിന്റെ ഇടപെടലും ഈ നീക്കത്തിനു പിന്നിലുണ്ട്.
പോലീസിന്റെ ക്രൂരതകള്‍ ഭക്തരെ കലാപത്തിലേക്ക് നയിക്കുമെന്നും അതിന്റെ ഉത്തരവാദിത്വം ഉത്തരേന്ത്യന്‍ ഉദ്യോഗസ്ഥരുടെ ചുമലിലിടാമെന്നും പിണറായി കണക്കുകൂട്ടുന്നു. ഉത്തരേന്ത്യയെന്ന് പറഞ്ഞാല്‍ ആര്‍എസ്എസ് എന്നാണ് സിപിഎം പ്രചരിപ്പിക്കുന്നതും. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായതുകൊണ്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെക്കൂടി വലിച്ചിടാം. ഈ ഉദ്യോഗസ്ഥരുടെ വീടുകള്‍ ലക്ഷ്യമാക്കി ഭക്തരുടെ പ്രതിഷേധമുണ്ടായാല്‍ അതും സംഘപരിവാറിന്റെ തലയില്‍ വെക്കാനാണ് മറ്റൊരു നീക്കം. ശബരിമല വിഷയത്തില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്.
ആചാരപ്രകാരമെത്തിയ കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത യതീഷ് ചന്ദ്ര മുദ്രാവാക്യം വിളിച്ചെത്തിയ യുഡിഎഫ് നേതാക്കളോട് വിനീതവിധേയനായി. ഇരുമുടിക്കെട്ടുമായെത്തിയ ശശികല ടീച്ചറോടും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടും മോശമായി പെരുമാറി. പിണറായിയുടെ തിരക്കഥയനുസരിച്ച് മുന്നേറിയ കലാപ നാടകത്തിന് അപ്രതീക്ഷിത തിരിച്ചടിയാണ് ഇപ്പോള്‍ കോടതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: