കോട്ടയം: പോലീസ്വേട്ടയില് ശബരിമലയില്‍ ഭക്തരുടെ പ്രവാഹം കുറഞ്ഞതുപോലെ ഇടത്താവളങ്ങളിലും തിരക്കില്ല. തിരുനക്കര മഹാദേവ ക്ഷേത്രത്തിലും ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലും ശബരിമല തീര്‍ഥാടനകാലം തുടങ്ങി നാല് ദിവസം പിന്നിട്ടിട്ടും ഭക്തജനത്തിരക്കില്ല.
വൃശ്ചികപ്പുലരി മുതല്‍ അയ്യപ്പശരണമന്ത്രങ്ങളാല് മുഖരിതമാകേണ്ടതാണ് തിരുനക്കര ക്ഷേത്ര പരിസരം. ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം ആയിരങ്ങളാണ് നിത്യേന ഈ ക്ഷേത്രങ്ങളില്‍ എത്തിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം ഇതുവരെ തിരുനക്കരയില്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് അയ്യപ്പന്മാര് ആരും എത്തിയിട്ടില്ല. ഇതോടെ വരുമാനവും കുറഞ്ഞു.
കോട്ടയം റെയില്‍വെ സ്റ്റേഷനിലെ കാര്യവും ഭിന്നമല്ല. ഈ സമയത്ത് ആന്ധ്ര, കര്‍ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ ധാരാളം എത്തേണ്ടതാണ്. ഇവിടെ നിന്ന് കെഎസ്ആര്‍ടിസി ബസിലോ, ടാക്സികളിലോ പമ്പയിലേക്ക് തിരിക്കുകയായിരുന്നു പതിവ്. ഇതെല്ലാം ഇത്തവണ തകിടം മറിഞ്ഞു. ദിവസം പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയില്‍ ഭക്തര്‍ ഇവിടെ ഇറങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ ആയിരത്തി അഞ്ഞൂറോളം പേര് മാത്രം.
റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പമ്പയിലേക്ക് ശരാശരി 20 ബസുകള്‍ മാത്രമാണ് ഇപ്പോള്‍ പുറപ്പെടുന്നത്. അതും മണിക്കൂറുകള്‍ കാത്തുകിടന്ന ശേഷം. കഴിഞ്ഞ വര്‍ഷം 50നും 60നും ഇടയില്‍ ഷെഡ്യൂളുകള്‍ നടത്തിയിരുന്നു.
ടാക്സികളുടെയും വാനുകളുടെയും സ്ഥിതിയും മറിച്ചല്ല. ദിവസം പത്ത് വണ്ടികളെങ്കിലും ഓടിയാല്‍ ഭാഗ്യമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. അതും നിലയ്ക്കല്‍ വരെ പോകാനേ കഴിയുന്നുള്ളൂ. ഹോട്ടലുകാരുടെ അവസ്ഥയും വിഭിന്നമല്ല. ആണ്ടിലൊരിക്കല്‍ കിട്ടിക്കൊണ്ടിരുന്ന ബിസിനസില്‍ സര്‍ക്കാര്‍ മണ്ണുകോരിയിട്ടെന്നാണ് ഹോട്ടലുകാര്‍ പറയുന്നത്.
ഏറ്റുമാനൂരില്‍ തീര്‍ഥാടകരുടെ അസാന്നിധ്യം പ്രകടം. ഇന്നലെ രാവിലെ തീര്‍ഥാടകരുടെ ഒരു ബസ് പോലും ക്ഷേത്ര മൈതാനത്ത് എത്തിയില്ല. ആദ്യമായാണ് അയ്യപ്പഭക്തരില്ലാത്ത ക്ഷേത്ര മൈതാനമെന്ന് 34 വര്‍ഷമായി വ്യാപാരം നടത്തുന്ന ബാലന് പറഞ്ഞു. ക്ഷേത്ര മൈതാനത്ത് കച്ചവടം നടത്താന്‍ മടിച്ചുനിന്ന കച്ചവടക്കാര്‍ രണ്ടാം തവണയാണ് ലേലം പിടിച്ചത്. കഴിഞ്ഞ തവണ കടകളുടെ ലേലം 19 ലക്ഷം രൂപയ്ക്കാണ് പോയത്. എന്നാല്‍, ഇത്തവണ ആദ്യ തവണ ലേലം പിടിക്കാന്‍ ആളില്ലായിരുന്നു. രണ്ടാം തവണ നടന്ന ലേലത്തില്‍ ഇളവ് നല്കി 14 ലക്ഷം രൂപയ്ക്കാണ് പോയത്. ഇത്തവണ വന്‍നഷ്ടം വരുമെന്ന ഭീതിയിലാണ് കച്ചവടക്കാര്‍. ക്ഷേത്ര വരുമാനത്തിലും വന്‍കുറവുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: