പമ്പ: ശബരിമല തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകളും നിയന്ത്രണങ്ങളും മൂലം വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത തീര്ഥാടകരത്രയും ദര്ശനത്തിനെത്തുമോയെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് ആശങ്ക. മണ്ഡലക്കാലത്തിന്റെ തുടക്കത്തില്‍ വെര്‍ച്വല്‍ ക്യൂ വഴി 7.5 ലക്ഷം തീര്‍ഥാടകര്‍ ബുക്ക് ചെയ്തെന്നാണ് പോലീസിന്റെ കണക്ക്.
എന്നാല്‍, അടുത്ത രണ്ടാഴ്ചത്തേക്കുള്ള ബുക്കിങ് വളരെ കുറയുന്ന പ്രവണതയാണുള്ളത്. ബുക്ക് ചെയ്ത തീര്‍ഥാടകരും യാത്ര നീട്ടിവയ്ക്കുന്നു. ഇതര സംസ്ഥാനങ്ങളിലെ തീര്‍ഥാടക സംഘങ്ങള്‍ അനിശ്ചിതമായി യാത്ര നീട്ടിയതോടെ ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായി.
ആദ്യ അഞ്ച് ദിവസം 80,000 ഭക്തരാണ് ദര്‍ശനം നടത്തിയത്. മുന്‍ വര്‍ഷത്തില്‍ ആദ്യത്തെ മൂന്ന് ദിനങ്ങളിലായി 2,30,000 പേര് വന്ന സ്ഥാനത്താണിത്. സാധാരണ നട തുറന്നാല്‍ 80,000 മുതല്‍ ഒരു ലക്ഷം വരെ ഭക്തരാണ് എത്തുന്നത്. അവധി ദിനമായ കഴിഞ്ഞ ഞായറാഴ്ചയും ദര്‍ശനത്തിന് തിരക്കുണ്ടായില്ല. മണിക്കൂറുകള്‍ ക്യൂ നിന്ന് ദര്‍ശനം നടത്തിയിരുന്ന സ്ഥാനത്ത് പതിനെട്ടാംപടിയിലും സന്നിധാനത്തും ഒരു തിരക്കും കാണാനില്ല. പലപ്പോഴും ഭക്തരെക്കാളും കൂടുതല്‍ പോലീസുകാരെന്നു മാത്രം. ഭക്തരുടെ എണ്ണത്തിലുണ്ടായ കുറവ് ദേവസ്വം ബോര്‍ഡിനെ അലട്ടുന്നു. നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍, വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ എത്തിയില്ലെങ്കില്‍, ബോര്‍ഡിന്റെ അവസ്ഥ പരിതാപകരമാകും. ശബരിമലയിലെ പോലീസ് തേര്‍വാഴ്ചയും ഭക്തരുടെ അറസ്റ്റും ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചയായിട്ടുണ്ട്.
തമിഴ്നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലാണ് ശബരിമല വിഷയം കൂടുതല്‍ ചര്‍ച്ചയായത്. ഈ സംസ്ഥാനങ്ങളില്‍ ഭക്തര്‍ പ്രതിഷേധവും ആരംഭിച്ചു. നിയന്ത്രണം നീക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ അഭ്യര്‍ഥന പോലീസ് മുഖവിലയ്ക്കെടുക്കാത്തതും ബോര്‍ഡിനെ ആശങ്കയിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: