കൊച്ചി: 21ാമത് ജെ.കെ ടയര്‍ എഫ്.എം.എസ്.സി.ഐ ദേശീയ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ ചെന്നൈ താരങ്ങളായ കാര്‍ത്തിക് തരാനിക്കും രാഗുല്‍ രംഗസാമിക്കും കിരീടം. ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ഫൈനല്‍ റൗണ്ട് മത്സരങ്ങളില്‍ യൂറോ ജെകെ 2018 വിഭാഗത്തിലാണ് കാര്‍ത്തിക് തരാനി കിരീടം ചൂടിയത്. മുംബൈയുടെ നയന്‍ ചാറ്റര്‍ജി രണ്ടാം സ്ഥാനവും അശ്വിന്‍ ദത്ത മൂന്നാം സ്ഥാനവും നേടി.
ആദ്യ മൂന്ന് റൗണ്ടുകളില്‍ മുന്നില്‍ നിന്ന വിഷ്ണു പ്രസാദിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് എല്‍.ജി.ബി ഫോര്‍ വിഭാഗത്തില്‍ രാഗുല്‍ രംഗസാമി ജേതാവായത്. രോഹിത് ഖന്നക്കാണ് മൂന്നാം സ്ഥാനം. വ്യക്തമായ ലീഡുണ്ടായിരുന്ന നിലവിലെ ചാമ്പ്യനായ വിഷ്ണുവിന് മത്സരത്തിനിടെയുണ്ടായ പിഴവാണ് കിരീടം നഷ്ടമാക്കിയത്.
ജിഗര്‍ കപ്പ് വിഭാഗത്തില്‍ ജോസഫ് മാത്യൂ കിരീടം നിലനിര്‍ത്തിയപ്പോള്‍ മാല്‍സോംഡംഗ്ലിയാന, സയ്യിദ് മുസമ്മില്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഏഷ്യാകപ്പ് ഓഫ് റോഡ് റേസ് വിഭാഗത്തിലും മാല്‍സോംഡംഗ്ലിയാന വിജയിച്ചു. ജെ.കെ സൂപ്പര്‍ ബൈക്ക് കപ്പ് 600 സിസി വിഭാഗത്തില്‍ വിജയ് സിങും 1000 സിസി വിഭാഗത്തില്‍ ദിലീപ് ലല്‍വാനിയും വിജയം നേടി.
















