പമ്പ: ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കാന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
സപ്തംബര്‍ 28ലെ വിധിയെ തുടര്‍ന്ന് ഹൈന്ദവ പ്രസ്ഥാനളും സംഘടനകളും നടത്തിയ ധര്മസമരത്തില് ഉന്നയിച്ച ആവശ്യങ്ങളിലൊന്നാണ് ബോര്‍ഡ് അംഗീകരിക്കുന്നത്. വിധി ധൃതിപിടിച്ച് നടപ്പാക്കുന്നതിനെതിരെ കഴിഞ്ഞ രണ്ട് മാസമായി പ്രാര്ഥനായജ്ഞത്തിലൂടെയും നാമജപഘോഷയാത്ര നടത്തിയും ഭക്തകോടികളുടെ പ്രതിഷേധം കേരളത്തിലും പുറത്തും അലയടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തന്ത്രിമാരും പന്തളം രാജകൊട്ടാര പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയിലും സര്‍വകക്ഷി യോഗത്തിലും ഉയര്‍ന്ന വികാരം കണക്കിലെടുത്താണ് ഹര്‍ജി നല്‍കുന്നതെന്ന് യോഗ തീരുമാനങ്ങള്‍ വിവരിച്ച ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു. ഇന്നോ തിങ്കളാഴ്ചയോ ഹര്‍ജി നല്‍കും.
കഴിവതും ഇന്ന് തന്നെ ഹര്‍ജി സമര്‍പ്പിക്കാന്‍ ശ്രമിക്കും. ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ചന്ദ്ര ഉദയ് സിംഗ് സുപ്രീംകോടതിയില്‍ ഹാജരാകും.
പ്രളയത്തെ തുടര്‍ന്ന് പമ്പാതീരത്തുണ്ടായ നാശ നഷ്ടങ്ങളും പ്രത്യേക സാഹചര്യവും ശബരിമലയിലും പമ്പയിലും പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കി കൊണ്ടുള്ള സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി തീരുമാനവും കോടതിയെ ധരിപ്പിക്കും. കൂടാതെ തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ടവിശേഷ സമയത്തും യുവതീപ്രവേശനത്തിനെതിരെ ഭക്തജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതിഷേധവും കോടതിയെ ധരിപ്പിക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു.
അതേസമയം, കോടതിവിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് പറഞ്ഞ ബോര്‍ഡ് പ്രസിഡന്റ്, യുവതികള്‍ വന്നാല്‍ അപ്പോള്‍ നോക്കാമെന്ന് പറഞ്ഞ് കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: