‘സഞ്ചാരസ്വാതന്ത്ര്യം തടയുന്നത് പ്രാകൃത നടപടി’ മാര്‍ക്സിസ്റ്റുകാരനായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സുചിന്തിതമായ അഭിപ്രായമാണിത്. തൃപ്തി ദേശായി വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയതിന്റെ അതൃപ്തിയാണ് കടകംപള്ളി പ്രകടിപ്പിച്ചത്. തൃപ്തി ദേശായി നെടുമ്പാേശ്ശരിയില് വന്നിറങ്ങിയത് ആലപ്പുഴ കായലിലൂടെ ബോട്ട് സവാരി നടത്താനല്ല. കുമരകത്തെ കാഴ്ചകള്‍കണ്ട് തൃപ്തിയടയാനല്ല. കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ സംഭാവന നല്‍കാനുമല്ല.
കേരളത്തിന്റെ വരദാനമായ പരിപാവനമായ ശബരിമലയുടെ സത്കീര്‍ത്തിക്ക് ഭംഗംവരുത്താനാണവര് എത്തിയത്. അതുകൊണ്ടുതന്നെ ശബരിമലയുടെ ആചാരമര്യാദകള്‍ അഭംഗുരം നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ തൃപ്തിയുടെ യാത്രയ്ക്കും ഭംഗം സൃഷ്ടിച്ചെന്നിരിക്കും. ശബരിമല തീര്‍ത്ഥാടനം ഭംഗിയായി നടക്കണമെന്നാണ് ദേവസ്വം മന്ത്രി ആഗ്രഹിക്കേണ്ടത്. അങ്ങനെയാണെങ്കില്‍ യുവതിയായ തൃപ്തി ദേശായി തല്ക്കാലം ശബരിമല യാത്ര ഉപേക്ഷിക്കണമെന്നായിരുന്നു നിര്‍ദേശിക്കേണ്ടിയിരുന്നത്.
ശബരിമല ചവിട്ടിയേ മടങ്ങൂ എന്നായിരുന്നു വിമാനം കയറുംമുന്‍പ് തൃപ്തി പ്രസ്താവിച്ചിരുന്നത്. അതൊരു വെല്ലുവിളിയായാണ് കേരളത്തിലെ സ്ത്രീകള്‍ അടക്കമുള്ള ഭക്തജനങ്ങള്‍ കണ്ടത്. വെള്ളിയാഴ്ച നേരംവെളുക്കുംമുന്പേ നെടുമ്പാശേരി വിമാനത്താവളത്തിന്റെ കവാടങ്ങളിലെല്ലാം തടിച്ചുകൂടി ഭക്തര്‍ നാമജപം മുഴക്കി. അതാകട്ടെ 15 മണിക്കൂറോളം തുടര്‍ന്നു. വിമാനത്താവളത്തിനകത്ത് ആര് എതിര്‍ത്താലും ശബരിമലയ്ക്കെത്തുമെന്ന വാശിയിലിരുന്ന തൃപ്തിയ്ക്കും കൂട്ടാളികള്‍ക്കും നിരാശയില്‍ മടങ്ങേണ്ടിവന്നു.
ശബരിമലയുടെ പ്രത്യേകതകളെക്കുറിച്ചോ പ്രതിഷ്ഠയെക്കുറിച്ചോ ആചാരങ്ങളെക്കുറിച്ചോ ഒരു ധാരണയുമില്ലാത്ത സ്ത്രീയാണ് തൃപ്തി ദേശായി. കര്‍ണാടകയില്‍ ജനിച്ച് മഹാരാഷ്ട്രയിലേക്ക് കുടിയേറിയ തൃപ്തി ദേശായി തട്ടിപ്പും ബ്ലാക്ക്മെയിലിംഗും ഉള്‍പ്പെടെ നിരവധി കേസുകളില്‍ ജാമ്യത്തില്‍ കഴിയുന്നവരാണ്. അവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ യാത്രാവിവരം അറിയിച്ചതാണ്. എന്നിട്ടും സംഘര്‍ഷത്തിന് സാഹര്യം സൃഷ്ടിക്കാനായി എത്തരുതെന്ന് പറയാന്‍ ഭരണാധികാരികള്‍ക്ക് മനസ്സുണ്ടായിട്ടില്ല. നെടുമ്പാശ്ശേരിയിലെത്തിയപ്പോഴും അവര്‍ക്ക് ശബരിമലയാത്രയ്ക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. അത് ഫലിക്കില്ലെന്ന് വ്യക്തമായപ്പോഴാണ് ദേവസ്വം മന്ത്രിയുടെ പ്രതികരണമുണ്ടായത്.
സഞ്ചാര സ്വാതന്ത്ര്യം തടയുന്നതിന്റെ പരമ്പരതന്നെ സൃഷ്ടിച്ചവരാണ് കടകംപള്ളിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും. അച്യുതമേനോന് മുഖ്യമന്ത്രിയായിരിക്കെ യാത്രക്കാരെയുംകൊണ്ട് പോയ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീയിട്ടവരാണ് മാര്‍ക്സിസ്റ്റുകാര്‍. ബസ്സിലുണ്ടായിരുന്ന മൂന്നുപേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. കണ്ണൂര്‍ ജില്ലയില്‍ മട്ടന്നൂരിനടുത്ത ചാവശേരിയിലുണ്ടായ ആ സംഭവത്തോളം പ്രാകൃതമാകുമോ നെടുമ്പാശ്ശേരിയിലെ നാമജപമെന്ന് കടകംപള്ളി വ്യക്തമാക്കേണ്ടതുണ്ട്. കെ. കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ മന്ത്രിമാരെ വഴിതടഞ്ഞ് നാടാകെ കലാപം സൃഷ്ടിച്ചപ്പോള്‍ ഡിവൈഎഫ്ഐ നേതാവായിരുന്നില്ലെ കടകംപള്ളി? ഒട്ടെല്ലാ മന്ത്രിമാര്‍ക്കും പൊതുപരിപാടികള്‍ ഉപേക്ഷിക്കേണ്ടിവന്നില്ലെ, കൂത്തുപറമ്പിലെ വെടിവയ്പ് കടകംപള്ളി സുരേന്ദ്രന് മറന്നിരിക്കാനിടയില്ല. 1994 നവംബറില്‍ മന്ത്രി എംവി രാഘവന്റെ സഞ്ചാരസ്വാതന്ത്ര്യം തടയാന്‍ സിപിഎം പ്രവര്‍ത്തകര്‍ ഒത്തുകൂടിയത് വെടിവയ്പില്‍ കലാശിക്കുകയായിരുന്നല്ലൊ.
അഞ്ച് സഖാക്കള്‍ മരിക്കുകയും നിരവധി പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തോളം വരില്ലല്ലൊ നെടുമ്പാശ്ശേരിയിലെ നാമജപം!
ബന്ദും ഹര്‍ത്താലും മാര്‍ക്സിസ്റ്റുപാര്‍ട്ടി രാഷ്ട്രീയ ഉത്സവമായി ആഘോഷിച്ചതല്ലെ? ബന്ദില്പ്പെട്ടുപോയ രോഗികളടക്കമുള്ള പതിനായിരക്കണക്കിനാളുകളുടെ സഞ്ചാരം നിഷേധിച്ചതില്‍ ഒരിക്കലെങ്കിലും ഖേദം പ്രകടിപ്പിക്കാത്ത പാര്‍ട്ടിയല്ലെ സിപിഎം? അതൊന്നും പ്രാകൃത നടപടിയല്ലെന്ന് വാദിക്കുന്ന സിപിഎമ്മുകാരനായ മന്ത്രി കടകംപള്ളിക്ക് തൃപ്തി ദേശായിക്ക് യാത്ര തടസപ്പെട്ടതില്‍ അതൃപ്തിയുണ്ടാകും. ആചാരങ്ങള്‍ തെറ്റിക്കാനുള്ളതെന്ന് ആവര്‍ത്തിച്ച പിണറായി വിജയന് മന്ത്രിസഭയിലെ അംഗമാണല്ലൊ കടകംപള്ളി സുരേന്ദ്രന്. പൂനെയില്‍നിന്നെത്തിയ തൃപ്തിയെങ്കിലും ആചാരം ലംഘിക്കട്ടെയെന്ന് സര്‍ക്കാര്‍ കരുതിക്കാണണം. വിശ്വാസിയായ കേരളത്തിലെ ഒരു വനിതപോലും ആചാരലംഘകരോടൊപ്പമില്ല. സിപിഎം വിചാരിച്ചാല്‍ പതിനായിരക്കണക്കിന് യുവതികളെ ശബരിമലയിലെത്തിക്കാന്‍ കവിയില്ലേ എന്ന ചോദ്യവും ഉയര്‍ത്തിയിരിക്കുന്നു. കടകംപള്ളിയുടെ കുടുംബത്തിലെ ഒരു യുവതിയെങ്കിലും മലചവിട്ടാന്‍ തയ്യാറാകുമോ? തന്റെ കുടുംബത്തില്‍നിന്ന് ഒരു യുവതിയും മലചവിട്ടാനുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വ്യക്തമാക്കിയത് ശ്രദ്ധേയമാണ്.
കേരളത്തിലെ മന്ത്രിമാര്‍ക്കും ജനങ്ങള്‍ക്കും സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് പാരമ്പര്യമുള്ള സിപിഎം എന്തിന് തൃപ്തിദേശായിയുടെ പേരില്‍ കണ്ണീര് വാര്‍ക്കുന്നു. അയ്യപ്പന് ഇഷ്ടമില്ലാത്തതൊന്നും ശബരിമലയില്‍ നടക്കില്ല. യുവതീപ്രവേശനം ശബരീശ്വരന് ഹിതമുള്ളതല്ല യുവതീപ്രവേശത്തിന് എന്തൊരുക്കം സര്‍ക്കാര്‍ നടത്തിയാലും അത് വിജയിക്കാന്‍ പോകുന്നില്ല. ഭക്തര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കെതിരെ നുണപ്രചരണം ആവര്‍ത്തിക്കുകയാണ്. മന്ദരയില്‍ ഗീബല്സിനുണ്ടായ മക്കളെപ്പോലെ നുണക്കഥകളില്‍ ആശ്വാസം കണ്ടെത്തുന്ന ജനപ്രതിനിധികള്‍ ഉള്ളപ്പോള്‍ ശബരിമലയുടെ ചുറ്റുമുള്ള നിയമസഭാംഗങ്ങള്‍ നിശബ്ദത പാലിക്കുന്നത് ജനങ്ങള്‍ അറിയുന്നുണ്ട്. ആറന്മുള എംഎല്‍എ ഒരു വാക്ക് പറഞ്ഞില്ല. റാന്നി എംഎല്‍എയും കോന്നി എംഎല്‍എയും മിണ്ടുന്നില്ല.
പി.സി. ജോര്‍ജ് ഭക്തര്ക്കൊപ്പമുണ്ടെന്നതാണ് ആശ്വാസം. ഭക്തരെ പൊറുതിമുട്ടിക്കാന്‍ സകലമാര്‍ഗങ്ങളും നോക്കുകയാണ് സര്‍ക്കാര്‍. ഉണ്ണാന്‍ പാടില്ല, കുളിക്കാന്‍ പാടില്ല, ഉറങ്ങാന്‍ പാടില്ല. മലകയറിയ ഉടന്‍ പടിയിറങ്ങണമെന്ന പിടിവാശിയിലായിരുന്നു സര്‍ക്കാര്‍. അതിനായി ആയിരക്കണക്കിന് പോലീസുകാരെ നിയോഗിച്ചു. പോലീസുകാര്‍ക്കും മൂക്കുകയര്‍. അതിലവര്‍ക്കും അമര്‍ഷമുണ്ടെന്ന് വ്യക്തം. അവരും മനുഷ്യരാണല്ലൊ. രണ്ടും കല്‍പ്പിച്ച് സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ അതപ്പടി അംഗീകരിച്ചുകൊടുക്കുമോ ഭക്തജനങ്ങള്‍ ഇല്ലേഇല്ലെന്നതിന്റെ തെളിവാണ് നെടുമ്പാശ്ശേരിയില്‍ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: