ദേശവിരുദ്ധവും നരേന്ദ്ര മോദി വിരുദ്ധവുമായ കാര്യങ്ങള്‍ ഏറ്റെടുത്ത് പണവും പ്രശസ്തിയും നേടുന്ന ശൈലി പുതുമയുള്ളതല്ല. അത്തരക്കാരെ മാധ്യമങ്ങള്‍ ഏറ്റെടുത്തു കൊണ്ടാടുകയും മനുഷ്യാവകാശ സംരക്ഷകരുടെ പരിവേഷം നല്‍കുകയും ചെയ്യും. കരുതി വച്ചിരിക്കുന്ന ചില പുരസ്കാരങ്ങള്‍ അവരെ തേടിയെത്തും. യാഥാര്‍ഥ്യം പുറത്തുവരുമ്പോഴേയ്ക്കും ഇത്തരക്കാര്‍ ലക്ഷ്യം നേടി പിന്‍വാങ്ങിയിട്ടുമുണ്ടാവും. അത്തരം ചെയ്തികളിലെ ഏറ്റവും പുതിയവയില്‍ ഒന്നാണ് കത്വ സംഭവം. ഈ പ്രവണതയുടെ അര്‍ഥശൂന്യത വ്യക്തമായി വെളിവാക്കുന്ന ഒന്ന്.
ജമ്മുകശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി കൂട്ടമാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ടത് ദാരുണമായ സംഭവമായിരുന്നു. എന്നാല്‍ ആ കുട്ടിയുടെ മതം വിളിച്ചുപറഞ്ഞ് മുസ്ലീം വിഭാഗത്തിന്റെ വികാരമിളക്കി ഹൈന്ദവര്‍ക്കെതിരെ ജിഹാദിനു പ്രേരിപ്പിക്കുന്ന നിലയിലേയ്്ക്കാണു കാര്യങ്ങള്‍ പോയത്. അത് കേരളത്തില്‍ നാഥനില്ലാത്ത ഒരു ഹര്‍ത്താലിനും അക്രമത്തിനും കാരണമാവുകയും ചെയ്തിരുന്നു. അപകടകരമായ രീതിയില്‍ ആ സംഭവത്തെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ദീപിക രജാവത് എന്ന അഭിഭാഷകയുടെ തന്ത്രപരമായ പിന്മാറ്റം ഇതിന്റെ തുടര്‍ച്ചയായി കാണാം. കത്വ സംഭവത്തിലെ യാഥാര്‍ഥ്യം പുറത്തുവന്നപ്പോഴേയ്ക്കും ദീപികയും അവര്‍ക്കൊപ്പമുണ്ടായിരുന്നവരും അവരുടെ ലക്ഷ്യം നേടിക്കഴിഞ്ഞിരുന്നു. ആവുന്നത്ര കലക്കി. കുറെ മീന്‍ പിടിക്കുകയും ചെയ്തു. ജെഎന്‍യുവിലെ കനയ്യകുമാര്‍ സംഭവം പോലെയും ഹൈദരാബാദിലെ രോഹിത് വെമുല സംഭവം പോലെയും യുപിയിലെ ദാദ്രി സംഭവം പോലെയുമൊക്കെ.
കത്വയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷകയായിരുന്ന ദീപികയ്ക്ക് ക്രമേണ ആ കേസില്‍ താല്പര്യം കുറഞ്ഞു. കോടതിയില്‍ ഹാജരാകാതെയായ അവരെ കുടുംബം അഭിഭാഷക സ്ഥാനത്തുനിന്നു നീക്കുകയും ചെയ്തു. കത്വ സംഭവത്തിലെ ഇടപെടലിലൂടെ മനുഷ്യാവകാശ പ്രവര്‍ത്തക എന്ന നിലയിലും സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താവെന്ന നിലയിലും പൊടുന്നനെ ഉയര്‍ന്ന ദീപിക രാജ്യാന്തര പ്രശസ്തയായി. പുരസ്കാരങ്ങള്‍ക്ക് അര്‍ഹയായി. ഒരു പ്രമുഖ മലയാളം ചാനല്‍ അവരെ ഒരു പരിപാടിയിലെ മുഖ്യാതിഥിയാക്കി. ആ നടപടികളില്‍ വിഘടനവാദ, തീവ്രവാദ സംഘടനകള്‍ അവര്‍ക്ക് ഒപ്പമുണ്ടായിരുന്നുതാനും. അത്തരം വേദികളിലെ അവരുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. ഇടതുപക്ഷവും കോണ്‍ഗ്രസ്സും അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളും അവരെ ഉയര്‍ത്തിക്കാട്ടാന്‍ മത്സരിച്ചു.
സമാനമായ സംഭവങ്ങളിലും കാണാത്തതുപോലുള്ള വാര്‍ത്താപ്രാധാന്യം ഈ സംഭവത്തിനു നല്‍കിയത് വ്യക്തമായ ചില ഗൂഢാലോചനയുടെ ഫലമാണെന്നും അതിനു പിന്നില്‍ വിഘടനവാദ – തീവ്രവാദ സംഘടനകളും ഉണ്ടെന്നും ഉള്ള ആരോപണങ്ങളും ആശങ്കയും അത്തുതന്നെ ഉണ്ടായിരുന്നു. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളാണ് കേരളത്തില്‍ അതിനു ഹര്‍ത്താലിന്റെ മാനം നല്കി അക്രമവാഴ്ചയ്ക്ക് ഉപയോഗിച്ചത്. ഉദ്ദേശിച്ച തലത്തിലേയ്ക്ക് അതുകൊണ്ടുപോകാന്‍ അവര്‍ക്കു കഴിയാതെ പോയത് ഇവിടത്തെ ഹിന്ദു, മുസ്ലീം ജനവിഭാഗം കാണിച്ച സംയമനംകൊണ്ടുമാത്രമാണ്. ദേശവിരുദ്ധ സ്വഭാവമുള്ളതോ ആ രീതിയില്‍ വ്യാഖ്യാനിക്കാവുന്നതോ ആയ എന്തിലും മനുഷ്യാവകാശ ലംഘനത്തിന്റെയും സ്ത്രീസുരക്ഷയുടേയും പ്രശ്നങ്ങള്‍ കണ്ടെത്തി നേട്ടംകൊയ്യുന്ന ചില ആക്ടിവിസ്റ്റുകളും വനിതാ പ്രവര്‍ത്തകരും ഇടതു ബുദ്ധിജീവികളും ഇത്തരം അവസരങ്ങളിലാണു സജീവമാകുന്നത്. കത്വയില്‍ അതിന്റെ നേതൃത്വം ദീപികയ്ക്കായിരുന്നു എന്നുമാത്രം.
ദീപിക ഒരു വ്യക്തിയല്ല, പ്രതിഭാസമാണ്. രാജ്യദ്രോഹ ശക്തികള്‍ക്കും വിഘടനവാദികള്‍ക്കും വര്‍ഗീയവിഷ വിത്തുകള്‍ക്കും ഊര്‍ജം പകരാനും അവരെ തട്ടിയുണര്‍ത്തി പ്രവര്‍ത്തന സജ്ജരാക്കാനും ഇടയ്ക്കിടെ അവതരിക്കുന്ന പ്രതിഭാസം. അത്തരക്കാരുടെ പിന്മാറ്റം നല്കുന്ന ഒരു മൗന സന്ദേശമുണ്ട്. നിലവിലെ ഭരണത്തിന് കീഴില്‍ തഴച്ചുവളരാനുള്ള വെള്ളവും വളവും അവര്‍ക്കു കിട്ടാതായിത്തുടങ്ങി. എത്ര മൂടിവച്ചാലും യാഥാര്‍ഥ്യം പുറത്തുവരാതിരിക്കില്ലല്ലോ. അതിന്റെ തനിയാവര്‍ത്തനം കണ്ടു സമൂഹം സ്വയം വിലയിരുത്താന്‍ തുടങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: