എന്‍.എസ്. മാധവന്റെ ‘തിരുത്ത്’ എന്ന കഥ ഒരു പത്രമോഫീസിലെ എഡിറ്റോറിയല്‍ മുറിയില്‍ നിന്നുള്ളതാണ്. രാമജന്മഭൂമി പ്രക്ഷോഭകാരികള്‍ അടിമത്തത്തിന്റെ മകുടങ്ങള്‍ തകര്‍ത്തെറിഞ്ഞ ദിവസം ഒരു പത്രമോഫീസിന്റെ എഡിറ്റോറിയല്‍ മുറിയില്‍ അനുഭവിച്ച ആശയക്കുഴപ്പത്തെ ഭാവനയില്‍ കണ്ട് മാധവന് കഥയാക്കിയിരിക്കുന്നു. ചുല്യാറ്റ് എന്ന പത്രാധിപരും അദ്ദേഹത്തിന്റെ സഹപത്രാധിപന്മാരുമാണ് കഥാപാത്രങ്ങള്‍. സഹപത്രാധിപയായ സുഹ്റ ‘തര്‍ക്കമന്ദിരം തകര്‍ന്നു’ എന്ന തലക്കെട്ടിട്ട് വാര്‍ത്ത പത്രാധിപര്‍ക്ക് നല്കുമ്പോള് അദ്ദേഹം തന്റെ നീലപ്പെന്‍സിലിന്റെ അധികാരം വളരെ വികാരത്തോടെ ഉപയോഗിക്കുന്നു. ‘തര്‍ക്കമന്ദിരം’ എന്നത് വെട്ടി ‘ബാബറി മസ്ജിദ്’ എന്നെഴുതിച്ചേര്‍ക്കുന്നു.
പത്രാധിപര്‍ ചുല്യാറ്റിന്റെ ന്യൂസ് റൂമില്‍ താഴികക്കുടങ്ങള്‍ തകര്‍ന്നു വീണ ദിവസം വാര്‍ത്തയ്ക്ക് എന്ത് തലക്കെട്ടിടുമെന്ന സംശയമുണ്ടായതിന് കാരണം ചുല്യാറ്റിന്റെ പത്രം ജനങ്ങളെ ഭയപ്പെട്ടതിനാലാണ്. അതിനാലാണ് മുഖപ്രസംഗം ഒന്നാം പേജില്‍ വേണ്ടെന്നും വികാരപരമായ സമീപനം വാര്‍ത്തയിലൊരിടത്തും ഉണ്ടാവരുതെന്നും എന്‍.എസ്. മാധവന്റെ കഥയിലെ ചുല്യാറ്റ് നേരത്തെ തന്നെ സഹപത്രാധിപര്ക്ക് നിര്‍ദ്ദേശം നല്‍കിയത്. രാമജന്മഭൂമിയുടെ വീണ്ടെടുക്കലിനായി രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളെ ജനങ്ങള്‍ മുഴുവന്‍ ഏറ്റെടുത്തപ്പോഴും ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ പത്രമാധ്യമങ്ങള്‍ അതിനെതിരായ നിലപാട് സ്വീകരിച്ചു.
രാമജന്മഭൂമി പ്രക്ഷോഭകാലത്ത് രാജ്യത്തെ ഏതാണ്ടെല്ലാ മുന്‍നിര മാധ്യമങ്ങളും രാമഭക്തരുടെ വിശ്വാസങ്ങള്‍ക്കെതിരായിരുന്നു. അതിനാലാണ് കഥയിലെ ചുല്യാറ്റിന്റെ പത്രം ഉള്‍പ്പടെ ‘ബാബറി മസ്ജിദ് തകര്‍ന്നു’ എന്ന് തലക്കിട്ടിട്ട് ഒരുവിഭാഗത്തിന്റെ വികാരങ്ങളെ ഇളക്കിവിടാന്‍ ശ്രമിച്ചത്. നീലപ്പെന്സിലാണ് പത്രാധിപന്മാരുടെ ആയുധം. ആധുനിക യുഗത്തില്‍ എഴുത്ത് കമ്പ്യൂട്ടറിലെ കീബോര്‍ഡിലേക്ക് മാറിയ ശേഷവും പക്ഷേ, നീലപ്പെന്‍സില്‍ എന്ന പ്രയോഗത്തിന് മാറ്റമുണ്ടായില്ല. കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത അക്ഷരത്തിനു മുകളിലായാണ് ചുല്യാറ്റ് തന്റെ നീലപ്പെന്സില്കൊണ്ട് ‘ബാബറി മസ്ജിദ്’ എന്നെഴുതിച്ചേര്‍ത്ത് ചരിത്രത്തെ തന്നെ തമസ്കരിക്കുന്നതും തിരുത്തുന്നതും കലാപത്തിന് കാരണക്കാരനാകുന്നതും.
വളരെയധികം ആത്മസംഘര്‍ഷത്തോടെയാണ് ചുല്യാറ്റ് സത്യത്തിനു വിരുദ്ധമായ ആ തലക്കെട്ട് സ്വീകരിക്കുന്നത്. മാധവന് ‘തിരുത്ത്’ എന്ന കഥയില്‍ മകുടങ്ങളുടെ തകര്‍ച്ചയ്ക്ക് ശേഷം ന്യൂസ്റൂമിലെ സുഹ്റയ്ക്ക് ഉണ്ടാകുന്ന ഭയപ്പാടിലാണ് തര്‍ക്കമന്ദിരം എന്ന തലക്കെട്ടിടാന്‍ അവള് തയ്യാറാകുന്നത് എന്നു പറയുമ്പോഴും വരികള്‍ക്കിടയിലെ വായനയില്‍ പത്രാധിപരനുഭവിക്കുന്ന ആത്മസംഘര്‍ഷം ബോധ്യപ്പെടുക തന്നെ ചെയ്യും.
സത്യത്തെ തമസ്കരിച്ച്, ഹൈന്ദവ വിരുദ്ധമാകാന്‍ ഒരു കൂട്ടം മാധ്യമങ്ങളും രാഷ്ട്രീയക്കാരും തീരുമാനിക്കുമ്പോള്‍ അതിനു വിരുദ്ധമായി ചിന്തിക്കുന്നവര്‍ക്കും സത്യമെന്താണെന്ന് അറിയാവുന്നവര്‍ക്കും അക്കൂട്ടര്‍ക്കൊപ്പം നില്‍ക്കേണ്ടിവരുന്ന ദയനീയകാഴ്ചയാണ് രാമജന്മഭൂമി പ്രക്ഷോഭകാലത്ത് കാണേണ്ടിവന്നത്. അസത്യം പ്രചരിപ്പിക്കുന്നതിനൊപ്പം തന്നെ അവര്‍ സത്യസന്ധമായ വാര്‍ത്തകളെ മൂടിവയ്ക്കുകയും ചെയ്യുന്നു. അത്തരക്കാരുടെ ലക്ഷ്യങ്ങള്‍ പക്ഷേ ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതിനാലാണ് രാമജന്മഭൂമി പ്രക്ഷോഭത്തിന് രാജ്യമെങ്ങും വലിയ പിന്തുണ ലഭിച്ചത്.
അന്നത്തേതില്‍ നിന്ന് ഒട്ടും വേറിട്ട സാഹചര്യമല്ല ഇന്ന് കേരളത്തില്‍. ശബരിമല പ്രക്ഷോഭം ആരംഭിക്കുന്നതിനുമുന്നേ തന്നെ ഹൈന്ദവീകമായ മുന്നേറ്റങ്ങളെയും ചിന്തകളെയും തകര്‍ക്കാന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ചുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. കേരളത്തിലെ മാധ്യമങ്ങള്‍ പലതും ഇടതുപക്ഷത്തിന്റെയും അവിശ്വാസികളുടെയും കയ്യിലെ കളിപ്പാവകളായി. മാധ്യങ്ങളില്‍ നുഴഞ്ഞുകയറിയവര്‍ നീലപ്പെന്‍സില്‍ കൊണ്ട് എഴുതിയും തിരുത്തിയും ചുവപ്പും പച്ചയുമായ അക്ഷരങ്ങളിലൂടെ വിശ്വാസങ്ങളെയും ഹൈന്ദവീകതയെയും ഇല്ലായ്മചെയ്യാനുള്ള ശ്രമങ്ങളാരംഭിച്ചു. കേരളത്തിലെ ഓരോ മാധ്യമത്തിലും ഇത്തരക്കാര്‍ കടന്നു കൂടിയിരിക്കുന്നു. അവര്‍ മതേതരത്വത്തിന്റെ മേലങ്കിയണിയും. അവര്‍ പുരോഗമനവാദത്തിന്റെ അപ്പോസ്ഥലന്മാരാകും. അവര്‍ മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശവാഹകരാകും.
സാഹിത്യവും സിനിമയുമെല്ലാം അവരുടെ വിഷയങ്ങളാകും. അവര്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന അജണ്ടകളെ അത്രപെട്ടെന്നൊന്നും ആര്‍ക്കും മനസ്സിലാക്കാനാകില്ല. കേരളത്തിലെ സാംസ്കാരിക രംഗത്തിന് ഒരുകാലത്ത് നിരവധിയായ സംഭാവനകള്‍ നല്‍കിയിട്ടുള്ള മാതൃഭൂമി വാരികയെപോലും അവര്‍ തങ്ങളുടെ താല്പര്യങ്ങള്ക്കായി ഉപയോഗിച്ചു. അവിടെയെല്ലാം ദേശവിരുദ്ധരുടെ താവളങ്ങള്‍ സൃഷ്ടിക്കപ്പെടുകയായിരുന്നു. പലരെയും തമസ്കരിക്കുകയും ഇഷ്ടക്കാരെ വലിയ ‘സാഹിത്യപ്രതിഭകളാക്കി’ അവതരിപ്പിക്കുകയും ചെയ്തു. നാലാംകിട ചവറുകള്‍ക്ക് വരെ വലിയ പ്രാധാന്യം ലഭിച്ചപ്പോള്‍ നല്ല സാഹിത്യസൃഷ്ടികള്‍ പലതും വെളിച്ചം കാണാതെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘മീശ’ നോവലിലെ പരാമര്‍ശം സ്വാഭാവികമായി വന്നതല്ല. കരുതിക്കൂട്ടിയുള്ള നീക്കമായിരുന്നു അത്. ഹൈന്ദവീകമായ വിശ്വാസങ്ങളെ അവഹേളിക്കുന്ന ഗൂഢനീക്കം. ഇപ്പോള്‍ ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്നതും അത്തരം നീക്കങ്ങളാണ്. ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ക്കുക എന്നത് ഇടതുപക്ഷത്തിന്റെ മാത്രം അജണ്ടയല്ല. അതിനുപിന്നില്‍ തീവ്ര ഇസ്ലാമികപക്ഷക്കാരും പങ്കുചേരുന്നു. കേരളത്തിലെ മാധ്യമരംഗത്ത് സിപിഎം ഫ്രാക്ഷന് മാത്രമല്ല സജീവമായുള്ളത്. പോപ്പുലര്‍ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളുടെ ചെറുയൂണിറ്റുകളും മുന്‍നിര പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അവരെല്ലാം പ്രചരിപ്പിക്കുന്നത് കേരളത്തിലെ മാധ്യമ രംഗം കാവി വത്കരിച്ചിരിക്കുന്നു എന്നാണ്.
പുകമറ സൃഷ്ടിച്ച് രക്ഷപ്പെടുക എന്ന തന്ത്രമാണ് അതിനു പിന്നില്‍. തങ്ങളുടെ ഐഡന്റിറ്റി മൂടിവയ്ക്കാനുള്ള നീക്കം. മാതൃഭൂമി വാരികയില്‍ നിന്ന് പുറത്താക്കപ്പെട്ട രണ്ടു പേര് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത് കേരളത്തിലെ പത്രമാധ്യമരംഗത്തെല്ലാം ഹൈന്ദവ വത്കരണമാണ് നടപ്പിലാകുന്നതെന്നാണ്. ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും മുഖമുള്ള ഇക്കൂട്ടര്‍ പുരോഗമനവാദികളുടെ മുഖംമൂടിയിട്ടുവന്നത് തിരിച്ചറിയപ്പെട്ടതിലുള്ള ജാള്യതയായിരുന്നു അവര്‍ക്ക്. ‘മീശ’ നേവലിലെ പരാമര്‍ശങ്ങള്‍ക്കു ശേഷം കേരളത്തില്‍ വ്യാപകമായി ഹൈന്ദവ ഭവനങ്ങളില്‍ നിന്ന് മാതൃഭൂമി ഒഴിവാക്കപ്പെട്ടു. പ്രചാരത്തില്‍ ഇടിവുവന്നപ്പോഴാണ് എഡിറ്ററെ മാറ്റി മുഖം കാക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്. അതിനുപിന്നില്‍ മാതൃഭൂമിക്ക് കച്ചവടമനസ്സ് മാത്രമാണുള്ളതെന്ന് ആര്‍ക്കാണറിയാത്തത്.
മലയാളത്തിലെ മുന്‍നിര മാധ്യമങ്ങള്‍ ഹൈന്ദവീകതയെ ആക്രമിക്കുമ്പോള്‍ മാത്രമാണ് പുരോഗമനക്കാരും മതേതരരുമാകുന്നത്. മറ്റുള്ളവരോട് വ്യത്യസ്ത സമീപനമാണവര്‍ക്ക്. 2016 മാര്‍ച്ചില്‍ കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുത്ത് ജസ്റ്റിസ് കമാല്‍പാഷ നടത്തിയ പ്രസംഗം മാതൃഭൂമി അടക്കമുള്ള എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്ലാമിക വ്യക്തിനിയമത്തിനുള്ളില്‍ സ്ത്രീകളനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചായിരുന്നു പരാമര്‍ശം. ആ വാര്‍ത്തയ്ക്കു സമൂഹമാധ്യമങ്ങളിലുണ്ടായ പ്രതികരണങ്ങള്‍ മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചു. ”ദൈവ വിളി കിട്ടിയ നേതാവ് പത്തില്‍ കൂടുതല്‍ കെട്ടി…..” എന്നു തുടങ്ങുന്ന പരാമര്‍ശം ”…..ഐഎസ്സും ഇതാണ് ചെയ്യുന്നത്, പണത്തിനു വേണ്ടി സ്ത്രീകളെ വില്‍ക്കുന്നു, അപ്പോള്‍ സ്ത്രീ കാമപൂര്‍ത്തീകരണത്തിനുള്ള ഒരു കമ്പോള വസ്തു മാത്രം…” എന്നാണ് അവസാനിക്കുന്നത്. പത്രത്തിനു നേരെ കടുത്ത ഭീഷണിയുണ്ടായി.
പലയിടങ്ങളിലും പത്രക്കെട്ടുകള്‍ കത്തിച്ചു. സ്വാതന്ത്ര്യ സമരക്കാലത്തു പോലും നേരിടാത്ത പ്രതിസന്ധിയാണ് മാതൃഭൂമി ഇക്കാര്യത്തില്‍ നേരിട്ടത്. കേരളത്തിലെ ഒരു പ്രമുഖ പത്രത്തിനു നേരെ നടന്ന സമാനതകളില്ലാത്ത ആക്രമണത്തെ അപലപിച്ച് ചര്‍ച്ച നടത്താന്‍ ഒരു ചാനലും ഉണ്ടായില്ല. രാഷ്ട്രീയ നേതാക്കള്‍പോലും പത്രത്തിനു പിന്തുണ നല്കാന് മുന്നോട്ടു വന്നില്ല. പത്രത്തിനെതിരെ ഭീഷണിയുമായി രംഗത്തു വന്നവര്‍ കേരളത്തിലെ തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളായിരുന്നു. ഒടുവില്‍ മാതൃഭൂമി മാപ്പിരന്നു. ഒന്നാം പേജില്‍ മാപ്പ് പ്രസിദ്ധീകരിച്ചു. ആ വാര്‍ത്തയെഴുതിയ പത്രപ്രവര്‍ത്തകനെ പുറത്താക്കുകയും ചെയ്തു. മീശനോവലിലൂടെ ഹൈന്ദവീകതയെ അവഹേളിച്ച മാതൃഭൂമി ഒരാളോടും മാപ്പുപറയാന്‍ തയ്യാറായില്ല. എന്നിട്ടും പ്രചരിപ്പിക്കുന്നത് കേരളത്തിലെ മാധ്യമരംഗം സംഘപരിവാര്‍ കയ്യടക്കിയിരിക്കുകയാണെന്ന്. വികലമായ സ്വന്തം മുഖം വെളിച്ചത്തുവരാതിരിക്കാനുള്ള തന്ത്രം മാത്രമാണത്.
കേന്ദ്രത്തില്‍ ഭരിക്കാന്‍ പ്രാപ്തിയുള്ള കക്ഷിയായി ബിജെപി എത്തിയത് ഒരു മാധ്യമപ്രവര്‍ത്തകന്റെയും പിന്തുണയോടെയല്ല. ജനങ്ങളാണ് പിന്തുണച്ചത്. ജനങ്ങള്‍ മാധ്യമ അജണ്ട തിരിച്ചറിഞ്ഞുകഴിഞ്ഞു. ശബരിമല പ്രക്ഷോഭത്തിലും കാണുന്നത് അതാണ്. നീലപ്പെന്‍സില്‍ കൊണ്ട് തിരുത്തിയെഴുതി ഇവര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ആരുടെ അജണ്ടകളെയാണെന്നത് പുറത്തായിരിക്കുന്നു. ഇവര്‍ എഴുതിസ്ഥാപിക്കുന്നത് ചുവപ്പും പച്ചയും അക്ഷരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: