ബെംഗളൂരു: അടുത്ത ഒരു വര്‍ഷം ശബരീശനെ പൂജിക്കാന്‍ നിയുക്തനായ ശബരിമല മേല്‍ശാന്തിയായി നിയമിതനായ വി.എന്‍. വാസുദേവന്‍ നമ്പൂതിരി ഇരുമുടിക്കെട്ടേന്തി യാത്ര പുറപ്പെട്ടു.
ഇന്നലെ രാവിലെ നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ ബെംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തില്‍ മുന്‍മേല്‍ശാന്തി ജി.എസ്.എന്‍. പോറ്റി ഇരുമുടി നിറച്ചു നല്കി. ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന വാസുദേവന്‍ നമ്പൂതിരിയെ ഭക്തര്‍ ശരണം വിളികളോടെയാണ് യാത്രയാക്കിയത്. ജാലഹള്ളി അയ്യപ്പ ക്ഷേത്രഭാരവാഹികളും നിരവധി ഭക്തരും മേല്‍ശാന്തിയെ അനുഗമിക്കുന്നുണ്ട്.
ഇന്നലെ വൈകിട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ സംഘം ഇന്ന് ചോറ്റാനിക്കര, ഏറ്റുമാനൂര്‍, എരുമേലി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് നാളെ രാവിലെ പമ്പയില്‍ എത്തും. ഇവിടെ നിന്നും പരമ്പരാഗത കാനനപാതയിലൂടെ സന്നിധാനത്ത് എത്തിച്ചേരും. 17ന് ആരംഭിക്കുന്ന മണ്ഡലകാല തീര്‍ഥാടനത്തിനായി 16ന് വൈകിട്ട് നിലവിലെ മേല്‍ശാന്തിമാര്‍ നട തുറക്കും. ഇതിന് ശേഷം നിയുക്ത മേല്‍ശാന്തിയെ കിഴക്കെ മണ്ഡപത്തിലിരുത്തി തന്ത്രി കണ്ഠര് രാജീവര് ഒറ്റക്കലശം ആടിക്കും.
തുടര്‍ന്ന് കൈപിടിച്ച് ശ്രീകോവിലേക്ക് ആനയിച്ച് മൂലമന്ത്രം ഓതിക്കൊടുക്കും. വൃശ്ചികപ്പുലരിയില്‍ ശബരിമല, മാളികപ്പുറം നടകള്‍ തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരാണ്.
പാലക്കാട് മണ്ണാര്‍ക്കാട് കുണ്ടൂര്‍കുന്നിലെ വരിക്കാശ്ശേരി ഇല്ലത്തെ അംഗമായ വാസുദേവന്‍ നമ്പൂതിരി മൂന്നു വര്‍ഷമായി ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്ര മേല്‍ശാന്തിയായിരുന്നു. ഇതിനു മുമ്പ് ഇദ്ദേഹം ഗുജറാത്തിലെ വാപി അയ്യപ്പ ക്ഷേത്രത്തിലും കെനിയയിലെ നൈറോബി അയ്യപ്പ ക്ഷേത്രത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജാലഹള്ളി ക്ഷേത്രത്തില്‍ നിന്ന് ശബരിമല മേല്ശാന്തിമാരുണ്ടാകുന്നത് രണ്ടാം തവണയാണ്. ഇതിന് മുന്‍പ് 2015ല്‍ കോട്ടയം സ്വദേശി എസ്.ഇ. ശങ്കരന് നമ്പൂതിരി മേല്‍ശാന്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: