കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിന്റെ അന്വേഷണം ഹൈക്കോടതി ക്രൈംബ്രാഞ്ചിന് വിട്ടു. കര്‍ണാടകത്തിലെ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന പരാതിയില്‍ തുടര്‍നടപടി ഉണ്ടായില്ലെന്നാരോപിച്ച് നല്കിയ ഹര്‍ജിയില്‍ നടപടി.
മലപ്പുറം ഏറനാട് സ്വദേശി സലിമാണ് പരാതിക്കാരന്. മഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കണമെന്നും ഒരുമാസത്തിനുള്ളില്‍ ഉത്തരവിറക്കണമെന്നും സിംഗിള്‍ ബെഞ്ച് ഡിജിപിയോട് നിര്‍ദേശിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയായില്ലെന്നും യോഗ്യതയും പ്രാപ്തിയുമുള്ള ഉദ്യോഗസ്ഥന് അന്വേഷണം കൈമാറാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
എംഎല്‍എയായ അന്‍വര്‍ സ്വാധീനശക്തിയുള്ള വ്യക്തിയാണെന്നതില്‍ തര്‍ക്കമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഹര്ജിക്കാരനില് നിന്ന് അന്‍വര്‍ പണം വാങ്ങി കരാറിലേര്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ഇനിയും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഹര്‍ജിക്കാരന്റെ ആവശ്യം ന്യായമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: