കോഴിക്കോട്: ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച് സപ്തംബര്‍ 28ന് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജി സ്വീകരിച്ച സുപ്രീം കോടതി വിധി ചരിത്രപ്രാധാന്യമുള്ളതാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയും ശബരിമല കര്‍മസമിതി രക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരി.
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ ഇച്ഛയും സങ്കല്‍പ്പവുമാണ് സുപ്രീംകോടതി പുതിയ വിധിയിലൂടെ ഉള്‍ക്കൊണ്ടിരിക്കുന്നത്. ഭരണഘടനാ ബെഞ്ചിന്റെ ഒരു വിധി തുറന്ന കോടതി പുനഃപരിശോധിക്കുക എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു സംഭവമാണ്. സുപ്രീം കോടതി അതിന് തയാറായി എന്നതിനാല്‍ മുന്‍വിധി സമൂലമായ പുന:പരിശോധനയ്ക്ക് വിധേയമാണ് എന്ന് തന്നെയാണ് അര്‍ത്ഥം.
പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് യുവതീപ്രവേശം നടപ്പാക്കാന്‍ ശ്രമിച്ചതിന്റെ ഫലമായുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദി. നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ല എന്നത് പ്രത്യേകിച്ച് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും വിധിയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം.
ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കാമെന്ന സുപ്രീം കോടതിയുടെ പുതിയ തീരുമാനം തിരിച്ചറിഞ്ഞ് മണ്ഡല-മകരമാസ തീര്‍ത്ഥാടനം പരമ്പരാഗതമായ രീതിയില്‍ ആചാരങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സുഗമമായ രീതിയില്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. അനാവശ്യമായ പിടിവാശിയും ദുരഭിമാനവും വെടിഞ്ഞ് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മാനിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: