അനന്ത്കുമാര്‍ജിയുടെ വേര്‍പാട് ബിജെപി രാഷ്‌ട്രീയത്തിനു മാത്രമല്ല, ഭാരതത്തിനാകെ വലിയ നഷ്ടമാണ് വരുത്തിയിട്ടുള്ളത്. മികച്ച സംഘാടകനെയും നല്ല ഭരണാധികാരിയെയുമാണ് നഷ്ടമായത്. പൊതുപ്രവര്‍ത്തനത്തില്‍ ഒരാളോടും വിവേചനം കാട്ടാത്ത നേതാവായിരുന്നു അദ്ദേഹം. എതിരാളികള്‍ പോലും അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നതും അതിനാലാണ്.
അനന്ത്കുമാര്‍ജിയുമായി എനിക്ക് 37 വര്‍ഷത്തെ അടുത്ത പരിചയമുണ്ട്. 1981ല്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ അഖിലേന്ത്യാ സമ്മേളനം ഹൂബ്ലിയില്‍ നടക്കുമ്പോഴായിരുന്നു ആദ്യ കണ്ടുമുട്ടല്‍. ഹൂബ്ലി സ്വദേശിയായ അദ്ദേഹം എബിവിപിയുടെ സംസ്ഥാന സെക്രട്ടറിയും മുഴുവന്‍ സമയപ്രവര്‍ത്തകനുമായിരുന്നു. ആരുമായും പെട്ടെന്ന് അടുപ്പം സ്ഥാപിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റെത്. ഞാനുമായും വളരെവേഗം അടുത്തു. തന്നോടടുക്കുന്നവരെയെല്ലാം തന്റെ വലയത്തിനുള്ളിലാക്കുന്ന അസാധാരണ സ്വഭാവ വൈശിഷ്ട്യം അദ്ദേഹത്തിനുണ്ടായിരുന്നു. എതിര്‍ചേരിയില്‍ നില്‍ക്കുന്നവര്‍ പോലും അനന്ത്കുമാര്‍ജിയുടെ അടുപ്പക്കാരായത് അങ്ങനെയാണ്. പരിചയപ്പെടുന്ന ആളെ അദ്ദേഹത്തിനിഷ്ടപ്പെട്ടാല്‍ പിന്നീടൊരിക്കലും മറക്കുമായിരുന്നില്ല. ആ ബന്ധം വളരെ നല്ലനിലയില്‍ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുമായിരുന്നു. എല്ലാവരെയും ഒരുപോലെ കാണാനുള്ള മനസ്സ് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. വീട്ടിലെത്തുന്ന ആര്‍ക്കും ഭക്ഷണം കൊടുക്കാതെ അദ്ദേഹം മടക്കിയയച്ചിരുന്നില്ല.
എബിവിപിക്കാലത്തു തന്നെ നല്ല പ്രാസംഗികനായിരുന്നു അദ്ദേഹം. വാക്കുകള്‍ കൊണ്ട് ആരെയും പെട്ടെന്ന് തന്റെ പക്ഷത്താക്കും. ഹൂബ്ലിയിലെ എബിവിപി സമ്മേളനത്തില്‍ ഞാനത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കന്നഡ ഭാഷയിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഏറെ പ്രശസ്തമാണ്. എബിവിപിയില്‍ നിന്ന് വളരെ വേഗത്തില്‍ ബിജെപി രാഷ്‌ട്രീയത്തിലേക്കെത്താന്‍ അദ്ദേഹത്തിനായത് ഇത്തരം ഗുണങ്ങളുള്ളതിനാലാണ്. 1986ലാണ് അദ്ദേഹം ബിജെപിയിലെത്തുന്നത്. ഉത്തരേന്ത്യന്‍ പാര്‍ട്ടിയെന്ന് എതിരാളികള്‍ ആക്ഷേപിച്ചിരുന്ന ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ വേരോട്ടം ഉണ്ടാക്കിയത് അനന്ത്കുമാര്‍ജിയുടെ പ്രവര്‍ത്തനഫലമായാണ്. കേരളത്തില്‍ ബിജെപിക്ക് ആറ് ശതമാനം വോട്ട് കിട്ടിക്കൊണ്ടിരുന്ന കാലത്തും കര്‍ണാടകയില്‍ 2.5 ശതമാനമായിരുന്നു ബിജെപി വോട്ട്. അവിടെ നിന്ന് കര്‍ണാടക ബിജെപിയെ ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയിലേക്കെത്തിച്ചതിനു പിന്നില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. ജനങ്ങള്‍ക്കു മുന്നിലെ ബിജെപി മുഖമായിരുന്നു യെദ്യൂരപ്പ യെങ്കില്‍ സംഘടനാതലത്തില്‍ അനന്ത്കുമാര്‍ജിയായിരുന്നു കര്‍ണാടകത്തില്‍ ബിജെപിയെ നയിച്ചത്.
അക്കാലത്ത് അദ്ദേഹം എല്ലാ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും യാത്ര ചെയ്തു. ഭാരതീയ ജനതാപാര്‍ട്ടിക്ക് എത്തിപ്പെടാന്‍ കഴിയാത്ത മേഖലകളിലെല്ലാം സംഘടനയുണ്ടാക്കി. യാത്രാസൗകര്യങ്ങളോ അതിനുള്ള ശേഷിയോ ബിജെപിക്കുണ്ടായിരുന്നില്ല. ബസ്സിലായിരുന്നു യാത്രകള്‍. ഒരിക്കലും സൗകര്യങ്ങളെ കുറിച്ച് അദ്ദേഹം പരാതി പറഞ്ഞില്ല. ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ, കര്‍ണാടകം ബിജെപിക്ക് പാകപ്പെടുത്തുക. ആ ലക്ഷ്യത്തിലേക്ക് എത്തുക തന്നെ ചെയ്തു. ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപി അധികാരത്തിലെത്തിയപ്പോള്‍ അവിടെ വിജയിച്ചത് അനന്ത്കുമാര്‍ജിയെന്ന സംഘാടകന്റെ പ്രവര്‍ത്തനങ്ങളാണ്.
വാജ്‌പേയി മന്ത്രിസഭയില്‍ യുവജനക്ഷേമ വകുപ്പിന്റെ ചുമതല അദ്ദേഹം വഹിക്കുമ്പോള്‍ എനിക്ക് ഒപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യമുണ്ടായി. ഞാന്‍ നെഹ്‌റു യുവകേന്ദ്രയുടെ ഡയറക്ടര്‍ ജനറലായിരുന്നു. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ 50-ാം വര്‍ഷം ആഘോഷിച്ച വേളയില്‍ നെഹ്‌റു യുവകേന്ദ്രയെ അതിന്റെ ഭാഗമാക്കി. ആഘോഷപരിപാടികളുടെ ചീഫ് കോര്‍ഡിനേറ്ററായി എന്നെ അദ്ദേഹം നിയോഗിച്ചു. ഏതു പരിപാടി നടത്തുമ്പോഴും പാലിക്കേണ്ട ചില പൊതുതത്വങ്ങള്‍ എപ്പോഴും അദ്ദേഹം പറയുമായിരുന്നു. ഭൂമിശാസ്ത്രപരമായ സന്തുലനം ഉണ്ടാകണമെന്നതായിരുന്നു പ്രധാനം. സാമൂഹ്യസന്തുലനവും സ്ത്രീപുരുഷ സന്തുലനവും പാലിക്കണമെന്നും അദ്ദേഹം പറയുമായിരുന്നു. സര്‍ക്കാര്‍ നടത്തുന്ന പരിപാടികള്‍ രാജ്യത്തെല്ലാവരുടേതുമാണെന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകണമെന്ന നിര്‍ബന്ധമായിരുന്നു അദ്ദേഹത്തിന്. റിപ്പബ്ലിക്കിന്റെ 50-ാം വര്‍ഷം വെറും ആഘോഷമാക്കിയല്ല അദ്ദേഹം നടത്തിയത്. ഭരണപരിഷ്‌കരണം, വിദ്യാഭ്യാസ പരിവര്‍ത്തനം, തെരഞ്ഞെടുപ്പ് പരിഷ്‌കരണം, നിയമ നിര്‍മാണ മേഖല എന്നിവയിലെല്ലാം വിശദമായ ചര്‍ച്ചകള്‍ അദ്ദേഹം നടത്തി. പിന്നാക്ക വിഭാഗങ്ങളോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്ന നേതാവും ഭരണാധികാരിയുമായിരുന്നു അനന്ത്കുമാര്‍ജി.
നരേന്ദ്ര മോദി മന്ത്രിസഭയില്‍ രാസവളത്തിന്റെയും കെമിക്കല്‍സിന്റെയും ചുമതലയായിരുന്നു വഹിച്ചത്. രണ്ട് മേഖലയിലും ജനോപകാരപ്രദമായ നിരവധി പദ്ധതികളാണ് അദ്ദേഹം ആവിഷ്‌കരിച്ചത്. രാജ്യത്തെല്ലാവര്‍ക്കും കുറഞ്ഞ നിലയില്‍ മരുന്നുകള്‍ ലഭ്യമാക്കണം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ‘ജെന്‍ ഔഷധി’ മെഡിക്കല്‍ സ്റ്റോറുകള്‍ എന്ന ആശയം അദ്ദേഹം നടപ്പിലാക്കി. കഴിഞ്ഞ നാല് വര്‍ഷം ഇന്ത്യയില്‍ രാസവളക്ഷാമം ഉണ്ടായിട്ടില്ല. യുപിഎ ഭരണകാലത്ത് കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ പരാതിപ്പെട്ടത് രാസവളം ലഭിക്കുന്നില്ലെന്നായിരുന്നു. അനന്ത്കുമാര്‍ജി മന്ത്രിയായ ശേഷം കാര്‍ഷിക വൃത്തിക്കുവേണ്ടി മാത്രമായി രാസവളം ഉല്പാദിപ്പിച്ചു. രാസവളത്തിന്റെ ലഭ്യത എല്ലായിപ്പോഴും ഉറപ്പുവരുത്തി. മന്ത്രി നേരിട്ടായിരുന്നു അതെല്ലാം നിരീക്ഷിച്ചിരുന്നത്.
കേരളത്തോട് എന്നും അദ്ദേഹത്തിന് പ്രത്യേക താല്പര്യമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കാലങ്ങളിലെല്ലാം അദ്ദേഹം ദിവസങ്ങളോളം കേരളത്തില്‍ തങ്ങി പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കി, ഏറ്റവുമൊടുവില്‍ 2014ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സജീവസാന്നിധ്യമായിരുന്നു അനന്ത്കുമാര്‍ജി. പ്രതികൂലാവസ്ഥകളെ തരണം ചെയ്ത് കേരളത്തില്‍ സംഘടനാപ്രവര്‍ത്തനം നടത്തുന്ന ബിജെപി പ്രവര്‍ത്തകരോട് അദ്ദേഹത്തിന് പ്രത്യേക സ്‌നേഹമുണ്ടായിരുന്നു. മന്ത്രിയായിരുന്നപ്പോഴെല്ലാം കേരളത്തിനുവേണ്ടി പ്രത്യേക താല്പര്യമെടുത്ത് അദ്ദേഹം പലതും ചെയ്തു. ഇത്തവണ മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യഔദ്യോഗിക സന്ദര്‍ശനം കേരളത്തിലെ ഫാക്ടിലേക്കായിരുന്നു. അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ടുകൊണ്ടിരുന്ന ഫാക്ടിനെ പുനഃരുജ്ജീവിപ്പിച്ചതില്‍ അനന്ത്കുമാര്‍ജി വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. ഫാക്ടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ആയിരംകോടിയുടെ പാക്കേജും തുടര്‍സഹായങ്ങളും അദ്ദേഹത്തിന്റെ താല്പര്യപ്രകാരം ഉണ്ടായതാണ്. കേന്ദ്രസര്‍ക്കാരിനെ ഫാക്ടിലെ പ്രതിപക്ഷ യൂണിയനുകള്‍ പഴിപറയുമ്പോഴും വകുപ്പ് മന്ത്രി അവര്‍ക്ക് നല്ലയാളായിരുന്നു.
പൊതുപ്രവര്‍ത്തനം രക്തത്തില്‍ അലിഞ്ഞകുടുംബമാണ് അനന്ത്കുമാര്‍ജിയുടേത്. അദ്ദേഹത്തിന്റെ അമ്മ ഗിരിജാ ശാസ്ത്രി ഹൂബ്ലി നഗരസഭയുടെ മേയറായിരുന്നു. ജനസംഘത്തിന്റെ ഉറച്ച പ്രവര്‍ത്തകയായിരുന്നു അവര്‍. അദ്ദേഹത്തിന്റെ ഭാര്യ തേജസ്വിനിയും എബിവിപി പ്രവര്‍ത്തകയായിരുന്നു. ഇപ്പോള്‍ അവര്‍ രാഷ്‌ട്രീയത്തിലല്ലെങ്കിലും ബാംഗ്ലൂരില്‍ നിരവധി ജനോപകാര പ്രവര്‍ത്തനം നടത്തുന്ന ‘അദമ്യചേതന’ എന്ന സംഘടനയുടെ അമരക്കാരിയാണ്. ബാംഗ്ലൂരിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെക്കാലങ്ങളായി ഉച്ചഭക്ഷണം നല്‍കുന്നത് ഈ സംഘടനയാണ്. എല്ലാ ഞായറാഴ്ചകളിലും പൊതുസ്ഥലങ്ങളില്‍ മരത്തൈകള്‍ നട്ട് ‘ഗ്രീന്‍ സണ്‍ഡേ’യും ആചരിക്കുന്നു. ഇതിനെല്ലാം അനന്ത്കുമാര്‍ജിയുടെ പ്രത്യക്ഷ പിന്തുണയുണ്ടായിരുന്നു. മികച്ച സംഘാടകനും ഭരണാധികാരിയും എന്നതിലുപരി സാധാരണക്കാരെ അറിയുന്ന, അവരുടെ വേദനകളെ സ്വന്തം വേദനകളാക്കുന്ന നല്ല മനുഷ്യസ്‌നേഹിയെ കൂടിയാണ് അനന്ത്കുമാര്‍ജിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.
വി.മുരളീധരന്‍ എം.പി
















