ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ബിജെപി ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 25 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. 131 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഞായറാഴ്ച രാത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ജെ.പി. നദ്ദ പട്ടിക പുറത്തുവിടുകയായിരുന്നു. പട്ടികയില്‍ പന്ത്രണ്ട് പേര് വനിതകളാണ്. 32 യുവാക്കളും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും 36 പേരും മത്സര രംഗത്തുണ്ട്. 85 പേര് സിറ്റിങ് എംഎല്‍എമാരാണ്. 69 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയും ഉടന്‍ പുറത്തുവിടുമെന്ന് ജെ.പി നദ്ദ അറിയിച്ചു.
മുഖ്യമന്ത്രി വസുന്ധര രാജെ ഝല്രാപ്തന് മണ്ഡലത്തില്‍നിന്നുമാണ് മത്സരിക്കുന്നത്. 2003 മുതല്‍ വസുന്ധരയുടെ സ്ഥിരം മണ്ഡലമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മുഖ്യമന്ത്രി വസുന്ധര രാജെയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത ബിജെപി കേന്ദ്ര ഇലക്ഷന് കമ്മിറ്റി യോഗത്തിനുശേഷമാണ് പട്ടിക പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: