പത്തനംതിട്ട: ശബരിമല നടതുറക്കാന്‍ മൂന്ന് ദിനങ്ങള്‍ മാത്രം ശേഷിക്കെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമൊരുക്കാത്ത പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ തീര്‍ഥാടകര്‍ക്കൊപ്പം പോലീസും പാടുപെടും. വെള്ളത്തിന്റെ ദൗര്‍ലഭ്യമാണ് ഇവിടെ തീര്‍ഥാടകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ കണ്ടെയ്നറുകളിലെ താമസ സൗകര്യമാണ് പോലീസുകാര്‍ക്ക് പരീക്ഷണമാകുന്നത്. മതിയായ കാറ്റും വെളിച്ചവും കടക്കാത്തവയാണ് കണ്ടെയ്നറുകളെന്ന് പോലീസുകാര്‍ തന്നെ പരാതിപ്പെടുന്നു.
വനിതാ പോലീസുകാരടക്കം ഇതില്‍ വേണം ഉറങ്ങാന്‍. 40 അടി നീളം വരുന്ന 30 കണ്ടെയ്നറുകളാണ് നിലയ്ക്കല്‍ ഹെലിപ്പാഡിനു സമീപത്തായി സ്ഥാപിച്ചിരിക്കുന്നത്. ടാറ്റ പ്രോജക്ട് ലിമിറ്റഡാണ് നിലയ്ക്കലില്‍ ക്രമീകരണങ്ങള്‍ നടത്തുന്നത്. ഓരോന്നിലും ഇരുപതില്‍ കുറയാത്ത ആളുകള്‍ താമസിക്കണം. വേനല്‍ രൂക്ഷമാകുന്നതോടെ ഇതിനുള്ളില്‍ അസഹനീയമായ ചൂടായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശീതീകരണ സംവിധാനമുള്ള കണ്ടെയ്നറുകള്‍ സ്ഥാപിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അനുമതി നല്കാതിരുന്നതിലും പോലീസ് സേനയ്ക്കുള്ളില്‍ അമര്‍ഷം പുകയുന്നു. ഹൈദരാബാദില്‍ നിന്നാണ് കണ്ടെയ്നറുകള്‍ എത്തിച്ചത്. പ്രത്യേകം നിര്‍മിച്ച തറകളിലാണ് ഇതുറപ്പിച്ചിരിക്കുന്നത്. നിലയ്ക്കലില്‍ ഇത്തവണ പോലീസുകാരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടാകും. താത്കാലിക പോലീസ് സ്റ്റേഷന് നിലയ്ക്കലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വനിതാ പോലീസ് അടക്കം സേനയുടെ അംഗബലം വീണ്ടും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
തീര്‍ത്ഥാടകര്‍ക്ക് കൂടാരങ്ങള്‍
വിരിവയ്ക്കുന്നതിനായി പില്‍ഗ്രിം കൂടാരങ്ങളാണ് നിര്‍മിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിനു സമീപത്തായി മൂന്ന് കൂറ്റന്‍ കൂടാരങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. 1200 തീര്‍ഥാടകര്‍ക്ക് ഒരു കൂടാരത്തില്‍ വിരിവയ്ക്കാനാകും. ഇവയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ടാറ്റാ പ്രോജക്ട് തന്നെയാണ് കൂടാരങ്ങളുടെ നിര്‍മാണവും ഏറ്റെടുത്തിരിക്കുന്നത്. മധ്യത്തില്‍ തൂണുകള്‍ ഒന്നുംതന്നെ ഇല്ലാതെ ആര്‍ച്ച് ആകൃതിയിലാണ് കൂടാരങ്ങളുടെ നിര്‍മാണം. 60 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും ഇതിനുണ്ട്. ഒരു ദിവസം 5000 തീര്‍ഥാടകരെ വീതം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സൗകര്യങ്ങള്‍ നിലയ്ക്കലില്‍ ഒരുക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് നേരത്തെ പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: