ന്യൂദല്‍ഹി: അയ്യപ്പഭക്തരുടെ പ്രാര്‍ഥന സുപ്രീം കോടതിയിലെത്തുമോ? ആചാരലംഘനത്തിനുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഗൂഢാലോചനയ്ക്ക് പരമോന്നത നീതിപീഠം അനുവാദം ചാര്ത്തിക്കൊടുക്കുമോ? ശബരിമലയെയും ഹൈന്ദവ വിശ്വാസികളെയും സംബന്ധിച്ച് നിര്‍ണായക ദിനമാണ് നാളെ. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും നാളെ സുപ്രീംകോടതി പരിഗണിക്കും. യുവതീ പ്രവേശന വിധി ദേശീയതലത്തില്‍ തന്നെ വലിയ പ്രക്ഷോഭങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതുറന്ന സാഹചര്യത്തില്‍ നീതിപീഠത്തിന്റെ നിലപാടിനെ രാജ്യം മുഴുവന്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഹര്‍ജികള്‍ 13ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നേരത്തെ രണ്ട് തവണ വ്യക്തമാക്കിയിരുന്നു.
പുനഃപരിശോധനാ ഹര്‍ജികള്‍ നാല്പതിലേറെ
നാല്‍പ്പതിലേറെ പുനഃപരിശോധനാ ഹര്‍ജികളാണ് വിധിക്കെതിരെ ഇതുവരെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ളത്. കേസില്‍ നേരത്തെ കക്ഷികളായ തന്ത്രി കണ്ഠര് രാജീവര്, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, ശബരിമല അയ്യപ്പ സേവാസമാജം, കേരള ക്ഷേത്ര സംരക്ഷണ സമിതി, എന്‍എസ്എസ് ദല്‍ഹി പ്രസിഡന്റ് എം.ജി.കെ. പിള്ള, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, ഓള് കേരള ബ്രാഹ്മണ ഫെഡറേഷന്, അഖില ഭാരതീയ മലയാളി സംഘ്, ചേതന കോണ്‍ഷ്യസ് ഓഫ് വുമണ്‍, ശബരിമല ആചാര സംരക്ഷണ ഫോറം, അഭിഭാഷകന് ഡി.വി. രമണ റെഡ്ഡി തുടങ്ങി ഇരുപതോളം ഹര്‍ജികള്‍ക്ക് റിവ്യൂ പെറ്റീഷന് നമ്പര്‍ കോടതി രജിസ്ട്രി അനുവദിച്ചിട്ടുണ്ട്. റിവ്യൂ പെറ്റീഷന് നമ്പര്‍ ഇല്ലാത്തവ ഡയറി നമ്പര്‍ ആയി ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എത്തും. 1990കളിലാണ് സുപ്രീം കോടതിയിലെ കേസുകള്‍ കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ ലിസ്റ്റിങ് ആരംഭിച്ചത്. ഇതിന് ശേഷം ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ഏറ്റവുമധികം പുനഃപരിശോധനാ ഹര്‍ജികള്‍ ലഭിക്കുന്ന കേസ് ശബരിമലയാണെന്നാണ് നിയമ വൃത്തങ്ങള്‍ പറയുന്നത്.
മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ഡി.വൈ. ചന്ദ്രചൂഡ്, ആര്.എഫ്. നരിമാന് എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് സപ്തംബര്‍ 29ന് യുവതീപ്രവേശനത്തിന് അനുകൂല വിധി പുറപ്പെടുവിച്ചത്. ദീപക് മിശ്ര വിരമിച്ചതിനാല്‍ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ബെഞ്ചില്‍ പകരമെത്തിയേക്കും. അല്ലെങ്കില്‍ പകരം ആരെന്ന് ‘മാസ്റ്റര്‍ ഓഫ് ദ റോസ്റ്റര്‍’ എന്ന നിലയില്‍ ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം. തുറന്ന കോടതിയിലാണോ ചേംബറിലാണോ പരിശോധിക്കേണ്ടത് എന്നതില്‍ ബെഞ്ചിലെ ഭൂരിപക്ഷാഭിപ്രായം പരിഗണിക്കും. തുറന്ന കോടതിയിലാണെങ്കില്‍ വാദങ്ങള്‍ അവതരിപ്പിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കും. സാധാരണയായി പുനഃപരിശോധനാ ഹര്‍ജികളില്‍ നോട്ടീസയയ്ക്കുന്നത് അപൂര്‍വമാണ്. എന്നാല്‍ ശബരിമല വിധിയില്‍ അടിസ്ഥാനപരമായ പിഴവുകളുള്ളതിനാല്‍ സാധ്യത നിയമവൃത്തങ്ങള്‍ തള്ളിക്കളയുന്നില്ല. മറ്റ് കക്ഷികള്‍ക്ക് നോട്ടീസയച്ചാല്‍ പിന്നീട് വിശദമായ വാദം കേള്‍ക്കും. ഒന്നുകില്‍ നിലവിലുള്ള ബെഞ്ചോ അതല്ലെങ്കില്‍ ഏഴംഗ ബെഞ്ചിനോ വിടും. പുനഃപരിശോധനാ ഹര്‍ജി തള്ളിയാല്‍ പിന്നീട് തിരുത്തല്‍ ഹര്‍ജി നല്‍കാം.
റിട്ട് ഹര്‍ജികള്‍
വിധിക്കെതിരായ മൂന്ന് റിട്ട് ഹര്‍ജികളും നാളെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് പരിഗണിക്കും. റിട്ട് ഹര്‍ജികളും അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് തന്നെ വിടാനുള്ള സാധ്യതയുമുണ്ട്. തമിഴ്നാട്ടിലെ അഭിഭാഷകനായ വിജയകുമാര്‍, ജയരാജ് കുമാര്‍, മുംബൈ മലയാളി ശൈലജ വിജയന് എന്നിവരാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയത്.
ഭക്തരും സര്‍ക്കാരും
ഭക്തജന പ്രതിഷേധത്തെ തുടര്‍ന്ന് വിധി നടപ്പാക്കാന്‍ പറ്റാത്ത സാഹചര്യം കോടതിയെ സ്വാധീനിക്കില്ല. ചില ഹര്‍ജികളില്‍ വിധിക്കുശേഷം കേരളത്തിലുണ്ടായ അസാധാരണ സാഹചര്യം വിശദീകരിക്കുന്നുണ്ട്. അതിനാല്‍ വിധി നടപ്പാക്കുന്നതിന് സാവകാശം നല്‍കുകയോ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയോ ചെയ്യാനുള്ള സാധ്യതയും നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എങ്ങനെയും യുവതീ പ്രവേശനം സാധ്യമാക്കണമെന്ന കടുംപിടുത്തം സംസ്ഥാന സര്‍ക്കാരിനുള്ളത് ഇതിന് തിരിച്ചടിയാണ്. സര് സിപിയുടെ കൊച്ചുമകന് അഡ്വ.സി.എ. സുന്ദരമാണ് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകുന്നത്. മുഖ്യമന്ത്രി പിടിവാശി തുടരുന്നതിനാല്‍ യുവതീ പ്രവേശനത്തെ ബോര്‍ഡ് എതിര്‍ക്കില്ലെന്നാണ് സൂചനകള്‍. സംസ്ഥാന സര്‍ക്കാര്‍ ഹരീഷ് സാല്‍വെ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഭിഭാഷകരെ രംഗത്തിറക്കാന്‍ ശ്രമിക്കുന്നുണ്ട്. കക്ഷിയല്ലാത്തിനാല് പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിന് പ്രസക്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: