കംസഭൃത്യനായ കേശി എന്ന അസുരന്, കുതിരയുടെ രൂപത്തില്‍ ഗോകുലത്തിലേക്കു പുറപ്പെട്ടു. ഭൂമിയില്‍ ചുരമാന്തിയും ചിനച്ചും കുഞ്ചിരോമങ്ങളിളക്കിയും കുതിച്ചു പാഞ്ഞുവന്ന കേശിയുടെ വലിയ ഗുഹയ്ക്കൊത്ത വായും നീണ്ട കഴുത്തും തുറിച്ചകണ്ണുകളും വലിയ ശബ്ദവും നന്ദവ്രജത്തെപ്പിടിച്ചുകുലുക്കി. ഭൂമിയും ആകാശവും ഒന്നിച്ചു വിഴുങ്ങുമാറ്, വലിയ വാപിളര്ന്നുവന്ന കേശി, ഇരുമ്പു തൂണൊത്ത പിന്‍കാലുകളാല്‍ ഭഗവാനെ തൊഴിച്ചെറിയാന്‍ ശ്രമിച്ചു.
നിഷ്പ്രയാസം ഒഴിഞ്ഞു മാറിക്കൊണ്ട് ശ്രീകൃഷ്ണന്, ആ നീണ്ട കാലുകള്‍ ബലമായി കൂട്ടിപ്പിടിച്ച് ദൂരേക്കു വലിച്ചെറിഞ്ഞു. വര്‍ധിത വീര്യത്തോടെ അലറിക്കുതിച്ചു പാഞ്ഞു വന്നൂ കേശി, വീണ്ടും ഭഗവാന്റെ മുമ്പിലേക്ക്.
അസുരന്റെ വദനഗഹ്വരത്തിലേക്ക് ഭഗവാന് തന്റെ ഇടംകൈ ബലമായി പ്രവേശിപ്പിച്ചു. പല്ലുകള്‍ കൊഴിച്ചുകൊണ്ട് ആ മുഷ്ടി അസുരന്റെ തൊണ്ടക്കുഴിയില്‍ എത്തിച്ചേര്‍ന്നു. ശ്വാസം വിടാനാവാതെ കണ്ണുതുറിച്ച് കൈയും കാലുമിട്ടടിച്ച് മരിച്ചു വീണു അസുരന്. ആകാശത്തുനിന്നും ദേവന്മാര് പുഷ്പവൃഷ്ടിയോടെ സ്തുതിച്ചു.
നാരദന്, ഭഗവാന്റെ അരികിലെത്തി സ്തുതിച്ചു. വരും ദിവസങ്ങളില്‍, ഭഗവാന് നടത്തുന്ന ലീലകള്‍ ഒന്നൊന്നായ് നാരദന് പ്രവചിച്ചു.’ഭഗവാന്റെ മാഹാത്മ്യം വാഴ്ത്തി സ്തുതിച്ചു.
ശ്രീകൃഷ്ണകഥാരസം
പ്രതികരിക്കാൻ ഇവിടെ എഴുതുക: