ആദിത്യഭജനവും മരണസമയത്ത് പ്രത്യക്ഷ ബ്രഹ്മമായ സൂര്യദേവനോടും അഗ്നിദേവനോടുമുള്ള പ്രാര്‍ഥനയുമാണ് ഇനി.
പതിനഞ്ചാം ബ്രാഹ്മണം ജ്ഞാനകര്മങ്ങളെ വേണ്ടപോലെ ഒരുമിപ്പിക്കുന്നയാള് അവസാനകാലത്ത് ആദിത്യനെ പ്രാര്‍ഥിക്കുന്നു. സൂര്യന് ഗായത്രിയുടെ നാലാം പാദമാണെന്ന് കഴിഞ്ഞ ബ്രാഹ്മണത്തില്‍ പറഞ്ഞിരുന്നു. അതിനാലാണ് സൂര്യനെ ഭജിക്കുന്നത്. ഈശാവാസ്യോപനിഷത്തിലെ 15 മുതല്‍ 18 വരെയുള്ള മന്ത്രങ്ങളാണ് ഇവിടെ ആവര്‍ത്തിക്കുന്നത്.
ഹിരണ്മയേന പാത്രേണ
സത്യസ്യാപിഹിതം മുഖം
തത്ത്വം പൂഷന്നപാവൃണു
സത്യധര്‍മായ ദൃഷ്ടയേ
സത്യത്തിന്റെ മുഖം സ്വര്‍ണമയമായ പാത്രത്താല് മൂടിയിരിക്കുന്നു. ലോകത്തെ പോഷിപ്പിക്കുന്ന സൂര്യദേവാ. എനിക്ക് കാണാനായി അതിനെ മാറ്റിയാലും.
ഇഷ്ടപ്പെട്ട വസ്തുക്കളെ വിശിഷ്ടമായ പാത്രത്തില്‍ മൂടി വെക്കുന്നതു പോലെ സത്യത്തിന്റെ മുഖം മൂടിയിരിക്കയാണ്. സത്യമെന്ന് പേരായ ബ്രഹ്മം സ്വര്‍ണം പോലെ വെട്ടിത്തിളങ്ങുന്ന സൂര്യന്റെ പ്രകാശത്തില്‍ മറഞ്ഞിരിക്കയാണ്. കാഴ്ചയ്ക്ക് തടസ്സമായുള്ള ആ സ്വര്‍ണ മൂടി തുറന്ന് വാസ്തവത്തെ കാണിച്ചു തരണേ എന്നാണ് പ്രാര്‍ഥന.
എന്റെ കാഴ്ചയ്ക്ക് തടസ്സമായിരിക്കുന്നതിനെ നീക്കണം. ഞാന്‍ സത്യത്തിലും ധര്‍മത്തിലും ഉറച്ചിരിക്കുന്നവനായതിനാല് എനിക്ക് വേണ്ടി ആ മറയെ മാറ്റിത്തരണേയെന്ന് പ്രാര്‍ഥിക്കുന്നു. സത്യസ്വരൂപനായ സൂര്യനോട് സത്യസ്വരൂപന് തന്നെയായ ഉപാസകന്റെ പ്രാര്‍ഥനയാണിത്.
പൂഷന്നേകര്‍ഷേ യമ സൂര്യ പ്രാജാപത്യ
വ്യൂഹരശ്മീന് സമൂഹതേജോ യത്തേ
രൂപം കല്യാണതമം തത്തേ പശ്യാമി
യോളസാവസൗ പുരുഷഃ സോഹമസ്മി
ലോകത്തെ പോഷിപ്പിക്കുന്നവനും ഒറ്റയ്ക്ക് സഞ്ചരിക്കുന്നവനും എല്ലാറ്റിനേയും നിയന്ത്രിക്കുന്നവനും പ്രജാപതിയുടെ പുത്രനുമായ സൂര്യദേവ രശ്മികളെ ഒതുക്കിയാലും. പ്രകാശത്തെ കുറച്ചാലും. അങ്ങയുടെ ഏറ്റവും സുന്ദരമായ സ്വരൂപത്തെ ഞാനൊന്നു കാണട്ടെ. ആദിത്യ മണ്ഡലത്തിലെ പുരഷനും ഞാനും ഒന്ന് തന്നെയാണ്.
പൂഷന്‍, ഏകര്‍ഷി, യമ, സൂര്യ, പ്രാജാപത്യ എന്നീ പേരുകള്‍ സൂര്യദേവന്റെ വിശേഷണമായി പറഞ്ഞിട്ടുള്ളവയാണ്. പോഷിപ്പിക്കുന്നതിനാല് പൂഷന്‍. ഏകനും ഋഷിയുമായതിനാല് ഏകര്‍ഷി. സൂര്യന് ഏകര്‍ഷി ദര്‍ശനത്തെ ചെയ്യുന്നു. അത് ലോകങ്ങളുടെ മുഴുവന്‍ ആത്മാവും കണ്ണുമായിരുന്ന് എല്ലാത്തിനേയും കാണുന്നു. ഏകനായി സഞ്ചരിക്കുന്നതിനാല്‍ ഏകര്‍ഷിയാണ്.
ലോകത്തെ മുഴുവന്‍ സംയമനം ചെയ്യുന്നതിനാല്‍ യമനാണ്. ലോകത്തിന്റെ രസം, രശ്മി, പ്രാണന്, ബുദ്ധി എന്നിവയെ സുഷ്ഠുവായി അതായത് വളരെ നന്നായി പ്രേരിപ്പിക്കുന്നതിനാല്‍ സൂര്യന്. പ്രജാപതിയുടെ മകനായതിനാല്‍ പ്രാജാപത്യന്‍ എന്നും പറയുന്നു. അങ്ങയുടെ തേജസ്സിന്റെ തീക്ഷ്ണതയാല്‍ എനിക്ക് കണ്ണു കാണാനാകുന്നില്ല. അതിനാല്‍ ആ രശ്മികളെ ഒതുക്കണേ. അങ്ങയുടെ സ്വരൂപത്തെ എനിക്ക് നന്നായി കാണാന്‍ കഴിയണേ എന്നാണ് പ്രാര്‍ഥന.
വായുരനിലമമൃതമഥേദം
ഭസ്മാന്തം ശരീരം
ഓം ക്രതോ സ്മര കൃതം
സ്മര ക്രതോ സ്മര കൃതം സ്മര
എന്റെ പ്രാണവായു പുറമെയുള്ള നിത്യമായുള്ള വായുവില്‍ ലയിക്കട്ടെ. ഈ ശരീരം പിന്നെ ഭസ്മമായിത്തീരട്ടെ. അഗ്നിദേവ ഞാന്‍ ചെയ്തവയെ ഒക്കെ ഓര്‍മിച്ചാലും… നന്നായി ഓര്‍ക്കൂ… ഞാന്‍ ചെയ്തതെല്ലാം ഓര്‍ക്കണേ…
പ്രാണവായു പുറമെയുള്ള വായുവുമായി ലയിക്കും പോലെ മറ്റു ദേവതകളും അവയുടെ പ്രകൃതിയെ പ്രാപിക്കട്ടെ. അഗ്നി ഓംകാര പ്രതീകമായതിനാല്‍ ഓം എന്ന് പറയുന്നു. അഗ്നി മനോമയമായതിനാല് ക്രതു എന്നും പറയുന്നു. അങ്ങയെ സ്മരിക്കുന്നതു വഴി ഇഷ്ടപ്പെട്ട ഗതിയെ കിട്ടും. എന്റെ ചെയ്തികളെ അങ്ങ് സ്മരിക്കണേ എന്ന് വീണ്ടും വീണ്ടും പറയുന്നത് ആദരവിനെ കാണിക്കാനാണ്.
അഗ്നേ നയ സുപഥാ രായേ അസ്മാന്
വിശ്വാനി ദേവ വയുനാനി വിദ്വാന്
യുയോധ്യസ്മജ്ജുഹുരാണ മേനോ
ഭൂയിഷ്ഠാം തേ നമ ഉക്തിം വിധേമ
അഗ്നിദേവാ, ഞങ്ങള്‍ ചെയ്ത കര്‍മങ്ങളുടെ ഫലത്തെ അനുഭവിക്കാന്‍ ഏറ്റവും നല്ല വഴിയിലൂടെ നയിക്കൂ… അഗ്നിദേവാ അങ്ങ് എല്ലാ കര്‍മങ്ങളേയും അറിയുന്നവനാണ്. ഞങ്ങളില്‍ നിന്ന് കൊള്ളരുതാത്തതായ പാപങ്ങളെ നീക്കണേ. അങ്ങേക്ക് വീണ്ടും വീണ്ടും നമസ്കാരം. പാപങ്ങളെ നശിപ്പിച്ച് തിരിച്ചുവരവില്ലാത്തതായ ഉത്തരായണ മാര്‍ഗത്തിലൂടെ ശുക്ലപക്ഷത്തിന്റെ വഴിയിലൂടെ കൊണ്ടുപോകണേ എന്നാണ് പ്രാര്‍ഥന. മറ്റൊരു കഴിവും ഇല്ലാത്തതിനാ
ല്‍ അങ്ങേക്ക് വളരെയേറെ നമസ്കാരം പറഞ്ഞ് പരിചരിക്കട്ടെ.
ഇതോടെ അഞ്ചാം അധ്യായം കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: