ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെ നിലപാട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷത്തിനിടയാക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്.
യുവതികളെ പതിനെട്ടാംപടി കയറ്റുകയോ സന്നിധാനത്ത് പോലീസ് അതിക്രമമുണ്ടാവുകയോ ചെയ്താല്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ ഐബി വ്യക്തമാക്കി. വന്‍ പോലീസ് സന്നാഹം ഒരുക്കിയിട്ടും ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോള്‍ സന്നിധാനത്തെ നിയന്ത്രണം ഭക്തര്‍ ഏറ്റെടുത്തതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മണ്ഡല മകരവിളക്ക് കാലത്ത് സര്‍ക്കാര്‍ പിടിവാശി തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്.
യുവതീപ്രവേശനത്തിനെതിരെ കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. ദേശീയതലത്തില്‍ രഥയാത്ര സംഘടിപ്പിക്കാനും ഹൈന്ദവ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ മുന്നൊരുക്കങ്ങള്‍ സംസ്ഥാനങ്ങളില്‍ നടന്നുവരികയാണ്. കോടതി വിധിക്ക് ശേഷം രണ്ട് തവണ നടതുറന്നപ്പോഴും ഇതരസംസ്ഥാനങ്ങളില്‍നിന്നും ഭക്തര്‍ ശബരിമലയിലെത്തിയിരുന്നു.
സാധാരണ ചിത്തിര ആട്ടവിശേഷത്തിന് മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ഭക്തര്‍ എത്താറില്ല. ഈ പതിവിനും ഇത്തവണ മാറ്റം വന്നു. ആചാരലംഘനത്തിനെതിരെ സന്നിധാനത്തുള്‍പ്പെടെ നടന്ന നാമജപ പ്രതിഷേധത്തില്‍ ഇവരും പങ്കെടുത്തതായാണ് റിപ്പോര്‍ട്ടിലുള്ളത്. ആചാരലംഘനം തടയുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി പ്രഖ്യാപിച്ച് സംഘമായി മലകയറാനെത്തിയവരുമുണ്ട്.
ശബരിമലയില്‍ പ്രതിഷേധിക്കുന്ന ഭക്തര്‍ക്കിടയില്‍ ഇടത് സംഘടനാ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ഐബി ചൂണ്ടിക്കാട്ടുന്നു. ലക്ഷക്കണക്കിന് ഭക്തരെത്തുന്ന മണ്ഡല കാലത്ത് സ്ഥിതി നിയന്ത്രിക്കുക എളുപ്പമല്ലെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്കുന്നു. സുപ്രീംകോടതി വിധിക്ക് പിന്നാലെ ക്രമസമാധാനം ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരള, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ആക്ടിവിസ്റ്റുകള്‍, ഇടത് പാര്‍ട്ടികള്‍, തീവ്ര ഇടത് സംഘടനകള്‍ എന്നിവര്‍ സ്ത്രീകളെ കയറ്റാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും ഇതിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ വളച്ചൊടിച്ച് കോടതി വിധി നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി അന്ന് സിപിഎമ്മും ഒരു വിഭാഗം മാധ്യമങ്ങളും പ്രചരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: