തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ ഭാഗികമായി വീട് തകര്‍ന്ന 458 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കായി പ്രത്യേക പാക്കേജായി 2.04 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് (ഓഖി ഫണ്ട്) അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പെടാത്ത മിശ്രവിവാഹിതര്‍ക്ക് സാമൂഹ്യനീതി വകുപ്പ് നല്കുന്ന ഒറ്റത്തവണ ധനസഹായത്തിന് അപേക്ഷിക്കാനുളള വാര്‍ഷിക കുടുംബ വരുമാന പരിധി അന്‍പതിനായിരം രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയായി ഉയര്‍ത്താനും തീരുമാനിച്ചു.
കൊച്ചിയില്‍ കനാലുകളെ ഉള്‍ക്കൊള്ളിച്ചുള്ള ഗതാഗത സംവിധാനം കിഫ്ബി ധനസഹായത്തോടെ നടപ്പാക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ നിയമിക്കുന്നതിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്കി. ഇടപ്പള്ളി കനാല്‍, മാര്‍ക്കറ്റ് കനാല്‍, തേവര കനാല്‍, തേവര പെരണ്ടൂര്‍ കനാല്‍, ചിലവന്നൂര്‍ തോട് എന്നീ അഞ്ച് പ്രധാന തോടുകള്‍ പുനരുദ്ധരിച്ച് കൊച്ചി നഗരവാസികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയാണിത്.
പിഎസ്സിയില് നിന്ന് 2006 ജനുവരി ഒന്നിനുമുമ്പ് വിരമിച്ചവര്‍ക്ക് കൂടി പെന്ഷന് പരിഷ്കരണത്തിന്റെ ആനുകൂല്യം ബാധകമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: