ഡിമോണിറ്റൈസേഷന് അഥവാ നോട്ട് റദ്ദാക്കല്‍ കൊണ്ട് എന്തു പ്രയോജനം എന്നാണ് ഐതിഹാസികമായ ആ സാമ്പത്തിക നടപടിയുടെ രണ്ടാം വാര്‍ഷികത്തിലും ചിലര്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്! കുന്നുകൂട്ടിവച്ച കള്ളപ്പണത്തിന്റെയും വ്യാജകറന്സികളുടെയും വന്‍ശേഖരത്തിന് കടലാസിന്റെ വിലപോലും ഇല്ലെന്നറിഞ്ഞ് ആത്മഹത്യ ചെയ്തവരും നോട്ടു റദ്ദാക്കല്‍ കൊണ്ട് എന്തു പ്രയോജനം എന്ന് ചോദിക്കാന്‍ മറന്നില്ല!! രാഷ്ട്രീയ പാര്‍ട്ടികള്‍, രാഷ്ട്രീയ നേതാക്കള്‍, ഭരണാധികാരികള്‍, എഴുത്തുകാര്‍, സാംസ്കാരിക നായകന്മാര്, മാധ്യമങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരൊക്കെ സമ്പദ്വ്യവസ്ഥയിലെ ഈ മിന്നലാക്രമണത്തിന്റെ ചൂടറിഞ്ഞു.
യഥാര്‍ത്ഥത്തില്‍ 2016 നവംബര്‍ എട്ടിന്റെ രാത്രിയില്‍ രാജ്യത്ത് പ്രചാരത്തിലുള്ള 1000, 500 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന്, മിന്നലാക്രമണത്തില്പ്പെട്ട പാക് ഭീകരരെപ്പോലെ കള്ളപ്പണക്കാര്‍ നാലുപാടും ചിതറിയോടി. ചിലര്‍ സ്വര്‍ണക്കടകളില്‍ തിക്കിത്തിരക്കി. മറ്റു ചിലര്‍ കാലെകൂട്ടി വേണ്ടതിലേറെ ഫ്ളൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. ആഡംബര കാറുകള്‍ വാങ്ങുന്നതിലാണ് മറ്റ് ചിലര്‍ മത്സരിച്ചത്. കയ്യില്‍ അവശേഷിക്കുന്ന പണം ഏതുവഴിക്കാണെങ്കിലും ചെലവഴിച്ചില്ലെങ്കില്‍ ഇനിയും പിടിവീഴുമെന്ന് കള്ളപ്പണക്കാര്‍ ഒരേപോലെ ഭയന്നു.
പ്രചാരത്തിലുള്ള കറന്‍സിയുടെ 86 ശതമാനത്തോളം മൂല്യംവരുന്ന 500-ന്റെയും 1000-ന്റെയും നോട്ടുകളാണ് പിന്‍വലിച്ചത്. ഈ നടപടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ചു എന്നത് സത്യമാണ്. കാരണം ഇത്തരമൊരു അതിശക്തമായ നടപടിയിലൂടെയല്ലാതെ അഴിമതി ആന്തരവത്ക്കരിച്ച സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാനാവില്ലെന്ന് നരേന്ദ്ര മോദിക്ക് ബോധ്യമുണ്ടായിരുന്നു. ചെക്പോസ്റ്റുകളിലായാലും ട്രാഫിക് സിഗ്നലുകളിലായാലും സര്‍ക്കാര്‍ ഓഫീസുകളിലായാലും എന്തിനേറെ പാര്‍ലമെന്റില്‍പ്പോലും വലുതും ചെറുതുമായ അഴിമതികള്‍ നടത്തി ശീലിച്ച ഒരു ജനതയായി നാം മാറിക്കഴിഞ്ഞിരുന്നു. അഴിമതി ജീവിത ശൈലിതന്നെയായി. അഴിമതിക്കാരല്ല, അത് തെറ്റാണെന്നു പറയുന്നവര്‍ ‘ജനശത്രു’ക്കളായി മാറുന്ന അവസ്ഥ വന്നു. ഇതിന്റെ കടയ്ക്കലാണ് നോട്ടു റദ്ദാക്കല്‍ കത്തിവച്ചത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെയും, വരുത്തിയ പരിഷ്കാരങ്ങളുടെയും ഗുണഫലങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയാതിരിക്കാന്‍ കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ച കുറുക്കുവഴി നുണപ്രചാരണമാണ്. കള്ളം പറയുന്ന യന്ത്രങ്ങളായി നേതാക്കള്‍ മാറി. ഇക്കാര്യത്തില്‍ റെക്കോര്‍ഡിട്ടത് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. നുണപറച്ചിലിന്റെ കലയായി രാഷ്ട്രീയത്തെ മാറ്റിയ രാഹുല്‍, നോട്ടു റദ്ദാക്കലിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി മാപ്പു പറയണമെന്നുപോലും ആവശ്യപ്പെട്ടു. വല്ലാത്ത തൊലിക്കട്ടിതന്നെ!
നോട്ട് റദ്ദാക്കലിന്റെ ഫലമറിയാന്‍ നക്സല്‍ ഭീകരവാദത്തിന് സമീപകാലത്ത് എന്തു സംഭവിച്ചു എന്നുമാത്രം നോക്കിയാല്‍ മതി. കനത്ത ആഘാതമാണ് നക്സല്‍ ഭീകരവാദത്തിന് ഏറ്റത്. ‘പബ്ലിക് പോളിസി റിസര്‍ച്ച് സെന്റര്‍’ എന്ന സംഘടന ഛത്തീസ്ഗഢിലെ 33 ഗ്രാമങ്ങളില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഇത് തെളിയിക്കുന്നു. സുഖ്മ, ബിജാപ്പൂര്‍, നാരായണ്‍പൂര്‍, രാജനന്ദ് ഗാവ് എന്നിങ്ങനെ നക്സല്‍ ഭീകരതയുടെ സിരാകേന്ദ്രമായ പ്രദേശങ്ങളില്‍പ്പെടുന്നതാണ് ഈ ഗ്രാമങ്ങള്‍.
ലോകത്തുവച്ചുതന്നെ ഒരു രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര സായുധഭീഷണിയാണ് നക്സല്‍ ഭീകരരില്‍നിന്ന് ഇന്ത്യ നേരിടുന്നത്. 1996 മുതല്‍ ഇതുവരെയുള്ള കണക്ക് പരിശോധിച്ചാല്‍ 15,000 പേരാണ് നക്സലാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഭീഷണമായ ഈ അവസ്ഥയ്ക്ക് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു. 2015നെ അപേക്ഷിച്ച് 2017ല്‍ നക്സല്‍ ആക്രമണങ്ങള്‍ 20 ശതമാനമാണ് കുറഞ്ഞത്. അറസ്റ്റിലാവുന്ന നക്സലുകളുടെ എണ്ണം 50 ശതമാനം വര്‍ധിക്കുകയും ചെയ്തു.
സമീപവര്‍ഷങ്ങളില്‍ പ്രത്യേകിച്ച് 2016ലെ നോട്ട് റദ്ദാക്കലിനു ശേഷമാണ് നക്സലാക്രമണങ്ങള്‍ വന്‍തോതില്‍ കുറഞ്ഞിരിക്കുന്നത്. ഇതിന്റെ കാരണം ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. നക്സല്‍ സംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് അടഞ്ഞിരിക്കുന്നു. വാര്‍ഷികാടിസ്ഥാനത്തിലാണ് നക്സലുകള്‍ ഫണ്ട് സമാഹരണം നടത്തിയിരുന്നത്. ഛത്തീസ്ഗഢില്‍നിന്ന് മാത്രം 350-400 കോടി രൂപയാണ് ഇങ്ങനെ ശേഖരിക്കപ്പെടുന്നത്. ഇവര്‍ കുന്നുകൂട്ടിവച്ചിരുന്ന പണത്തിന് യാതൊരു പ്രയോജനവുമില്ലാതായി. ഫണ്ട് ഇല്ലാതായതോടെ ആയുധങ്ങള്‍ വാങ്ങാന്‍ പറ്റാതെ വന്നു. സ്വാഭാവികമായും സുരക്ഷാ ഭടന്മാര്ക്കു നേരെയുള്ള ആക്രമണങ്ങളും കുറഞ്ഞു.
വിവരങ്ങള്‍ ശേഖരിക്കാനാവാത്തത് ഛത്തീസ്ഗഢിലെ നക്സല്‍ സ്വാധീനമേഖലകളില്‍ വിന്യസിച്ചിട്ടുള്ള സുരക്ഷാ സേനകളുടെ പ്രധാന വെല്ലുവിളിയായിരുന്നു. ഇത് നക്സല്‍ ഭീകരര്‍ക്ക് നേടിക്കൊടുത്ത മേല്‍കൈ വളരെ വലുതാണ്. നോട്ടുനിരോധനത്തിന്റെ ഫലമായി നക്സല്‍ സംഘടനകളില്‍ രൂപപ്പെട്ട പ്രതിസന്ധി സുരക്ഷാ സേന സുവര്‍ണാവസരമാക്കി. നക്സലുകളുടെ സ്വാധീന വലയത്തില്പ്പെട്ടിരുന്ന നാട്ടുകാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും അവരെ ബോധവല്‍ക്കരിക്കാനും കഴിഞ്ഞു. ഉപ്പ്, മരുന്നുകള്‍ മുതലായ അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ കഴിഞ്ഞതോടെ ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാനും, നക്സലുകളുടെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും കഴിഞ്ഞു.
വിഭവങ്ങളുടെ അഭാവം സുരക്ഷിത താവളം വിട്ട് ഗ്രാമങ്ങളിലേക്ക് വരാന്‍ നക്സലുകളെ നിര്‍ബന്ധിതരാക്കി. കാടുകളില്‍നിന്ന് പുറത്തുവരുന്ന ഈ ഭീകരവാദികളെ ജനങ്ങളുടെ സഹായത്തോടെ കയ്യോടെ പിടികൂടാന്‍ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞു. ഇതാണ് നക്സലുകളുടെ അറസ്റ്റ് 55 ശതമാനം വര്‍ധിക്കാന്‍ കാരണമായത്.
പരമ്പരാഗത സ്വാധീന മേഖലകളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നതോടെ നക്സല്‍ ഭീകരര്‍ക്ക് അര്‍ബന്‍ നക്സലുകളെ കൂടുതലായി ആശ്രയിക്കേണ്ടിവന്നു. സര്‍ക്കാരിതര സംഘടനകളുടെ പേരിലും അക്കാദമിക് സ്ഥാപനങ്ങളുടെ മറവിലും, ബുദ്ധിജീവികളായും സാമൂഹ്യ പ്രവര്‍ത്തകരായും മനുഷ്യാവകാശപ്പോരാളികളായും വിഹരിച്ചിരുന്ന അര്‍ബന്‍ നക്സലുകള്‍ പലരും അറസ്റ്റിലായത് നോട്ടു റദ്ദാക്കലിന്റെ അനന്തരഫലമായി വിലയിരുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: