ശ്രീപരമേശ്വരനു മുന്നിലെത്തിയ ബ്രഹ്മാവും വിഷ്ണുവും ഭഗവാനെ വന്ദിച്ചു. ഭഗവാന് അവരെ തിരിച്ചും നമിച്ചു. പരസ്പരം ആദരവോടെ അവര്‍ സംസാരിച്ചു തുടങ്ങി.
സര്‍വജ്ഞനെങ്കിലും ആചാരങ്ങളെ ബഹുമാനിച്ചുകൊണ്ട് ശ്രീമഹാദേവന് ആഗമനോദ്ദേശ്യം അന്വേഷിച്ചു. ബ്രഹ്മദേവന് വിശദമായിത്തന്നെ കാര്യസ്ഥിതികള്‍ വ്യക്തമാക്കി.
മുന്‍പു വാക്കു തന്നിരുന്നപോലെ ശിവകുമാര ജനനത്തിനായി ദേവന്മാരെല്ലാം കാത്തിരിക്കുന്നു. താരകാസുരനും ശൂരപത്മാസുരനും വരുത്തിവയ്ക്കുന്ന കഷ്ടതകള്‍ക്കതിരില്ല. എല്ലാ സാമൂഹിക നിതികളും തകര്‍ത്ത് അവര്‍ പ്രപഞ്ചത്തെ നശിപ്പിക്കുന്നു. എന്നിട്ട് വിജയഭാവത്തില്‍ അട്ടഹസിക്കുന്നു.
ശ്രീമഹാവിഷ്ണുവിന് എന്താണ് പറയാനുള്ളത് എന്നറിയാന്‍ ശ്രീപരമേശ്വരന് ആകാംക്ഷയോടെ വിഷ്ണുവിന്റെ മുഖത്തേക്കുനോക്കി വിഷ്ണു തന്റെ അഭിപ്രായം വ്യക്തമാക്കി.
അസുരന്റെ ധര്‍മധ്വംസന പ്രവൃത്തികള്‍ കരാളരൂപത്തിലായിരിക്കുന്നു. അവന്റെ അഹന്ത സാത്വിക ജനങ്ങളെ മുഴുവന്‍ പൊറുതിമുട്ടിക്കുന്നു. ശ്രേഷ്ഠജനങ്ങളുടെ പ്രാര്‍ത്ഥനയും ജപവുമെല്ലാം പരീക്ഷിക്കപ്പെടുന്നു. ധര്‍മപരിപാലനത്തിനായി കുമാരസംഭവംം ഇനി വൈകരുത്.
തപസ്വികളുടെയും ദേവന്മാരുടെയും നേരെ മഹിഷാസുരന്റെ അതിക്രമങ്ങളെക്കുറിച്ച് വിഷ്ണുവില്‍നിന്നും കൂടുതല്‍ അറിഞ്ഞതോടെ ശ്രീപരമേശ്വരന്റെ മുഖത്ത് തീഷ്ണമായ രൗദ്രത പ്രകടമായി. മഹാദേവന്റെ രൗദ്രമുഖം കണ്ട് പ്രകൃതി വിറച്ചു. പഞ്ചമുഖന്റെ രൗദ്രമുഖമുള്‍പ്പെടെയുള്ള മുഖങ്ങളില്‍നിന്ന് മൂന്നാംകണ്ണില്‍നിന്നും തീപാറി. ആ അഗ്നി ചിത് ഗംഗാന്ത്യത്തില്‍ ഒരു ഭാഗത്ത് ചെന്നു. അവിടെ ദിവ്യമായുണ്ടായ ആറു താമരയില്‍ ആ അഗ്നിസ്ഫുലിംഗം പതിച്ചു. അങ്ങനെ ആ ശിവവീര്യതേജസ്സ് ആറു ദിവ്യമുഖങ്ങളായി. അവ ഒരുമിച്ച് ആറുമുഖനായി.
ഷഡ്വക്ത്രം, ദ്വാദശ ഭുജം, ദ്വിപാദം സുമനോഹരം
വപുഃ പുപോഷ ജഗതാം മംഗളായുഷ്യ വര്‍ധനം
കുമാരഃ സുകുമാരാണാം നിദര്‍ശന മഭൂത്ക്ഷണാത്
പുഷ്പ വൃഷ്ടിരഭൂത്തത്ര ദിവ്യദുന്ദുഭി നിഃസ്വനൈഃ”
ആറുമുഖവും പന്ത്രണ്ടുകയ്യുമായി, രണ്ടുപാദത്തോടെയുള്ള കുമാരന് അവിടെ സംഭവിച്ചു. ആ മനോഹര രൂപത്തിന്റെ അഴകുകണ്ട് പലരും വിളിച്ചു മുരുകാ എന്ന്. ചിത് ഗംഗാന്ത്യത്തിലെ ശരതടാകത്തില് പിറന്നതിനാല്‍ ശരവണഭവന് എന്നും അറിയപ്പെട്ടു. ജഗത് മംഗളത്തിനായുള്ള കുമാരസംഭവം കണ്ട് ദേവന്മാര് പുഷ്പവൃഷ്ടി ചെയ്തു. ദിവ്യവാദ്യങ്ങള്‍ അന്തരീക്ഷത്തില്‍ മുഖരിതമായി.
അപ്സരസുകള്‍ നൃത്തം വച്ചു. വായുഭഗവാന് മന്ദമാരുതനാല്‍ തലോടി. ഈ സുകുമാരന്റെ സേവയ്ക്കായി കൃത്തികമാരെ വരുത്തി.
”ഏവം പരിചരസ്തേഷും
വിഷ്ണുര്ദൈത്യനിഷൂദനഃ
ഷഡ്കൃത്തികാഃ സമാഹൂയ സ്തന്യമേനമപായയത്”
ആറുമുഖനെ മുലപ്പാലൂട്ടി വളര്‍ത്താനായി വിഷ്ണു ആറു കൃത്തികമാരെ നിയോഗിച്ചു. അവരെല്ലാം കൂടി കുട്ടിയെ എടുക്കാന്‍ ഭാവിച്ചപ്പോള്‍ ഭഗവാന് ശംഭു അവിടെയെത്തി അവരെ അനുഗ്രഹിച്ചു. അവര്‍ക്കെല്ലാവര്‍ക്കും കുട്ടിയെ എടുക്കാനായി ആറുമൂര്ത്തികളായി മുരുകന് പ്രകടമായി.
”താസാമനുഗ്രഹാര്ത്ഥായ ഷോഡാമൂര്ത്തിരഭൂത് ക്ഷണാത്”
ആ കൃത്യമാര് ആ ആറു കുമാരന്മാരെയും എടുത്തു പാലൂട്ടി ലാളിച്ചു. തുടര്‍ന്ന് പ്രത്യേകം താമരകളില്‍ കിടത്തി തൊട്ടിലാട്ടി. അവരുടെ താരാട്ടുകേട്ട് ആ താരകബ്രഹ്മം ഉറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: