ഇരിട്ടി: ആറളം പുനരധിവാസ മേഖലയടക്കം സമീപ പ്രദേശങ്ങളില്‍ കാട്ടാനകളും വന്യ മൃഗങ്ങളും ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വിതക്കുന്നതിന് തടയിടാന്‍ ഫാം കേന്ദ്രീകരിച്ച് ഫോറസ്റ്റ് സ്റ്റേഷന് വേണമെന്ന ആവശ്യം ശക്തമാവുന്നു. ഇപ്പോള്‍ കീഴ്പ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സെക്ഷന്‍ ഓഫീസ് ഫോറസ്റ്റ് സ്റ്റേഷനാക്കി ഉയര്‍ത്തുന്നതോടെ മേഖലയില്‍ കൂടുതല്‍ ജീവനക്കാരുടെ സാന്നിദ്ധ്യം ഉണ്ടാക്കാനാകും. ഇത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാവും.
ആറളം പുനരധിവാസ മേഖല ഉള്‍പ്പെടെ ആറായിരത്തിലധികം ഏക്ര വരുന്ന പ്രദേശമാണ് ആറളം ഫാമിന്റേതായി ഉള്ളത്. ആറളം വന്യജീവി മേഖലയോട് ചേര്‍ന്നുകിടക്കുന്ന ഇത്രയും വിശാലമായ പ്രദേശത്തിന് ഒരു സെക്ഷന്‍ ഓഫിസുകൊണ്ടു മാത്രം പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഉള്ളത്. ജീവനും സ്വത്തുക്കളും നശിപ്പിച്ച് കാട്ടാനകളും മറ്റും ജനവാസ മേഖലകളില്‍ വിളയാട്ടം നടത്തുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ആദിവാസികള്‍ അടക്കമുള്ളവര്‍. വിവരമറിയിച്ചാലും മണിക്കൂറുകള്‍ കഴിഞ്ഞാണ് വനം വകുപ്പുകാര്‍ ഇവിടെ എത്തുന്നത്. കഴിഞ്ഞ ദിവസം ആനയുടെ ചവിട്ടേറ്റ് മരിച്ച ആദിവാസി വയോധികയുടെ മരണം പരിക്കേറ്റു മണിക്കൂറുകള്‍ കിടക്കേണ്ടി വന്നത് കൊണ്ടാണെന്ന പരാതി ഉയര്‍ന്നിരുന്നു.
കീഴ്പ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സെക്ഷന്‍ ഓഫീസ് ഫോറസ്റ്റ് സ്റ്റേഷനാക്കി ഉയര്‍ത്തുന്നതോടെ ഒരു ഡെപ്യൂട്ടി റെയിഞ്ചര്‍, 4 ഫോറസ്റ്റര്‍മാര്‍ , പതിനാലു ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ കൂടാതെ താത്കാലിക വാച്ചര്‍മാര്‍ എന്നിവരുടെ സേവനം ലഭ്യമാകും. ഇത് വന്യജീവി ശല്യം നിരന്തരം നേരിടുന്ന മേഖലക്ക് കൂടുതല്‍ പ്രയോജനപ്പെടുകയും ചെയ്യും. ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണനയിലുള്ള 25 ഫോറസ്റ്റ് ഓഫീസുകളില്‍ ആദ്യ പരിഗണന ഇതിന് നല്‍കണമെന്നും ആവശ്യം ഉയരുകയാണ്.
ഇപ്പോള്‍ ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ നരിക്കടവില്‍ ഫോറസ്റ്റ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വന്യജീവി സങ്കേതത്തിനു പുറത്ത് ഇവരുടെ സേവനം ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: