കൊച്ചി: ശബരിമല വിഷയത്തില്‍ സിപിഎമ്മിലെ ആശയക്കുഴപ്പവും സര്‍ക്കാരിനോടുള്ള വിയോജിപ്പും പ്രകടമാക്കി പാര്‍ട്ടി ലഘുലേഖ. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എടുത്തു ചാടിയ പിണറായി സര്‍ക്കാരും പാര്‍ട്ടിയും ജനങ്ങള്‍ക്കു നല്കുന്ന വിശദീകരണത്തില്‍ അബദ്ധവും അസംബന്ധവുമാണേറെ. സിപിഎം സംസ്ഥാന കമ്മിറ്റി അച്ചടിച്ച് വീടുകളില്‍ വിതരണം ചെയ്യുന്നതാണ് ഈ ലഘുലേഖ.
വീടുകള്‍തോറുമെത്തി സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുമെന്ന പാര്‍ട്ടി പ്രഖ്യാപനം പരാജയപ്പെട്ടു. പാര്‍ട്ടി ഗ്രാമങ്ങളിലും കടുത്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നുപോലും നേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നു. തുടര്‍ന്നാണ് ലഘുലേഖ വിതരണത്തില്‍ ഒതുക്കിയത്. അതാകട്ടെ അബദ്ധങ്ങള്‍ നിറഞ്ഞതും.
പത്ത് തലക്കെട്ടുകളിലുള്ള വിശദീകരണത്തില്‍ കോടതിയില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടിയെന്ന പേരില്‍ നുണപ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാനം ചോദിച്ചു വാങ്ങിയതാണോ വിധി എന്ന വിശദീകരണത്തില്‍, ”ഹിന്ദുമതത്തില്‍ അറിവുള്ള പണ്ഡിതരും സാമൂഹ്യപരിഷ്കര്‍ത്താക്കളും അടങ്ങുന്ന കമ്മീഷനെ നിയോഗിക്കണമെന്നും ഈ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വേണം തീരുമാനത്തിലെത്താനെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു,” എന്നു പറയുന്നു. കേസില്‍ കക്ഷി ചേര്‍ന്ന 13 സംഘടനകളുടെ പേരു പറയുന്നതില്‍ സര്‍ക്കാരില്ല. ദേവസ്വം ബോര്‍ഡ് ഇങ്ങനെയൊരു അഭിപ്രായം കോടതിയില്‍ പറഞ്ഞിട്ടുമില്ല. അപ്പോള്‍ പിന്നെ ആര് എവിടെ രേഖാമൂലം കൊടുത്തുവെന്ന ‘നുണ’യ്ക്ക് വിശദീകരണമില്ല.
സുപ്രീം കോടതിവിധി നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിന് ഭരണഘടനാപരമായി തുടരാനാവാതെ വരുമെന്നാണ് മറ്റൊരു വാദം. എന്നാല്‍, നൂറുകണക്കിന് ചെറുതും വലുതുമായ വിധികള്‍ നടപ്പാക്കിയിട്ടില്ല. അപ്പോള്‍ സര്‍ക്കാരിന് തുടരാന്‍ അവകാശമുണ്ടോ? ശബരിമലയില്‍ ബലം പ്രയോഗിച്ച് യുവതീ പ്രവേശം നടത്തുന്നതില്‍ തുലാമാസ പൂജാ സമയത്ത് സര്‍ക്കാര്‍ പരാജയപ്പെട്ടു. അങ്ങനെയെങ്കില്‍ തുടരാന്‍ അവകാശമുണ്ടോ? സര്‍ക്കാരിന് ‘പാര്ട്ടികുഴിച്ച കുഴിയാണിതെന്ന്’ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വിമര്‍ശനമുയരുന്നു.
സര്‍ക്കാര്‍ നടപടികളെ ലഘുലേഖ പിന്തുണയ്ക്കുന്നില്ല. എന്നാല്‍, പരോക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. ”വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഏറ്റുമുട്ടലിന് സിപിഎം ആഗ്രഹിക്കുന്നില്ല. വിശ്വാസികളില്‍ മഹാഭൂരിപക്ഷവും സിപിഎമ്മിനൊപ്പമാണ്. … ദര്‍ശനത്തിനു വരുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്കാന് സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍, സ്ത്രീകളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കാനുള്ള ഉത്തരവാദിത്തം സിപിഎമ്മിനില്ല. അത് വിശ്വാസികള്‍ തീരുമാനിക്കേണ്ട കാര്യമാണ്.”
വിശ്വാസികള്‍ സിപിഎമ്മുകാരെന്നും പക്ഷേ, വിശ്വാസം സംരക്ഷിക്കാന്‍ സിപിഎമ്മില്ലെന്നും പറയുന്ന ലഘുലേഖ, സ്ത്രീകള്‍ കയറണമോ എന്ന് വിശ്വാസികള്‍ തീരുമാനിക്കട്ടെയെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: