കോഴിക്കോട്: ലോകത്തില്‍ അഞ്ചു പേര്‍ക്കു മാത്രം ഹൃദിസ്ഥമായ അപൂര്‍വ ഋഗ്വേദശാഖാ ബ്രാഹ്മണം, ‘കൗഷീതകി’ ഡിജിറ്റൈസ് ചെയ്യുന്നത് പൂര്‍ത്തിയായി. വരുംതലമുറകള്‍ക്കുകൂടി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് ഡിജിറ്റല്‍ രൂപത്തിലാക്കുന്നത്. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷനാണ് ഇതിന് മുന്‍കൈയെടുത്തത്.
പ്രമുഖ വേദശ്രൗത പണ്ഡിതനും കൗഷീതകിബ്രാഹ്മണത്തിന്റെ ജീവിച്ചിരിക്കുന്ന ആചാര്യനുമായ ഡോ. നാറാസ് രവീന്ദ്രന് (ഇട്ടിരവി) നമ്പൂതിരിയാണ് പാരായണം നിര്‍വഹിച്ചിരിക്കുന്നത്. കൗഷീതകി ബ്രാഹ്മണത്തിന്റെ ഡിജിറ്റല്‍ രൂപം ഇപ്പോള്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഡിജിറ്റല്‍ ലൈബ്രറിയുടെ ഭാഗമാണ്. അന്യംനിന്നുകൊണ്ടിരിക്കുന്ന ഈ ബ്രാഹ്മണം പിന്തുടരുന്ന വേദശാഖ എടപ്പാള്‍ ശുകപുരം ഗ്രാമത്തില്‍ മാത്രമാണ് ഇപ്പോഴുള്ളത്.
ഇതിന്റെ പ്രകാശനം 10ന് രാവിലെ 10ന് കോഴിക്കോട് കാശ്യപ വേദ ഗവേഷണ കേന്ദ്ര ആസ്ഥാനത്ത് ആചാര്യ രാജേഷിന്റെ സാന്നിധ്യത്തില്‍ നടക്കും. ഹൊവാര്‍ഡ് യൂണിവേഴ്സിറ്റി ഫാക്കല്‍റ്റിയും ഇന്‍ഡോളജിസ്റ്റുമായ ഡോ.ടി.പി. മഹാദേവന്, വേദപണ്ഡിതനും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറുമായ ഡോ.സി.എം. നീലകണ്ഠന് നമ്പൂതിരിക്ക് നല്കി പ്രകാശനം നിര്‍വഹിക്കും. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സാഹിത്യ വിഭാഗം പ്രൊഫസറും സെന്റര്‍ ഫോര്‍ വേദിക് സ്റ്റഡീസ് കോ-ഓര്‍ഡിനേറ്ററുമായ ഡോ.കെ.എ. രവീന്ദ്രന് ”കൗഷീതകി ബ്രാഹ്മണത്തിന്റെ വൈശിഷ്ട്യം” എന്ന വിഷയത്തില്‍ സംസാരിക്കും. സൈബര്‍ കണ്‍സള്‍ട്ടന്റ് ഡോ.പി. വിനോദ് ഭട്ടതിരിപ്പാട് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: