കോഴിക്കോട്: ബന്ധുനിയമന ആരോപണത്തില്‍ സിപിഎമ്മില്‍ രണ്ടു നീതി. ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ.പി. ജയരാജനെതിരെ നേരത്തെ ആരോപണമുയര്‍ന്നപ്പോള്‍ രാജിവച്ചു. എന്നാല്‍, മന്ത്രി കെ.ടി. ജലീലിനെതിരായ ആരോപണത്തില്‍ പാര്‍ട്ടിനേതൃത്വവും ഭരണനേതൃത്വവും ജലീലിന്റെ രക്ഷയ്ക്കെത്തുന്നു.
ഇ.പി. ജയരാജന്റെ ഭാര്യാസഹോദരീ പുത്രന് സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എംഡിയായും സഹോദരപുത്രന്റെ ഭാര്യ ദീപ്തിയെ കേരള ക്ലേയ്സ് ആന്‍ഡ് സിറാമിക്സ് ജനറല്‍ മാനേജരായും നിയമിച്ചതാണ് വിവാദമായത്. സുധീറിന്റെ നിയമനം റദ്ദാക്കി, ദീപ്തി രാജിവച്ചു. ഇ.പി. ജയരാജനെക്കൊണ്ട് മന്ത്രിസ്ഥാനം രാജിവപ്പിച്ചാണ് സിപിഎം അന്ന് തലയൂരിയത്.
എന്നാല്‍, കെ.ടി. ജലീലിന്റെ പിതൃസഹോദരപുത്രന് കെ.ടി. അദീബിനെ ചട്ടങ്ങള്‍ ലംഘിച്ച് ന്യൂനപക്ഷ വികസന സാമ്പത്തിക കോര്പ്പറേഷന് ജനറല്‍ മാനേജരായി നിയമിച്ചത് വിവാദമായെങ്കിലും മുഖ്യമന്ത്രിയും പാര്‍ട്ടിനേതൃത്വവും ജലീലിനെ രക്ഷിക്കുന്ന നിലപാടാണെടുക്കുന്നത്. പിണറായി വിജയന്റെ അടുപ്പക്കാരനായ ജലീലിനെ പാര്‍ട്ടി നേതൃത്വവും സംരക്ഷിക്കുന്നു.
ന്യൂനപക്ഷ മതവിഭാഗങ്ങളുമായി സിപിഎമ്മിന്റെ ഇടനിലക്കാരനായി ജലീലിനെ ഉപയോഗിക്കാമെന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് ജലീലിന് തുണയാവുന്നത്. ജയരാജനു പോലും ജലീല്‍ കുറ്റക്കാരനല്ലെന്ന നിലപാട് കൈക്കൊള്ളേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: