റാഞ്ചി: ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളം മെഡല്‍ കൊയ്ത്ത് തുടരുന്നു. രണ്ടാം ദിനത്തില്‍ അപര്‍ണ റോയിയും അഭിത മേരി മാനുവലും സ്വര്‍ണം നേടി. എല്‍ഗ തോമസും അലീന വര്‍ഗീസും വെള്ളിയും സാന്ദ്രയും മുഹമ്മദ് ഫയസും വെങ്കലവും കരസ്ഥമാക്കി.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വന്തം ദേശീയ റെക്കോഡ് തിരുത്തിക്കുറിച്ചാണ് അപര്‍ണ റോയിയുടെ സുവര്‍ണ്ണ നേട്ടം. 13.76 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് റെക്കോഡ് കുറിച്ചത്. ഇതോടെ അപര്‍ണ തന്നെ ഈ വര്‍ഷം ജൂലൈയില്‍ ബാങ്കോക്കില്‍ കുറിച്ച 13.98 സെക്കന്‍ഡിന്റെ റെക്കോഡ് മായ്ക്കപ്പെട്ടു. തമിഴ്നാടിന്റെ തബിത വെള്ളിയും ജാര്‍ഖണ്ഡിന്റെ പ്രതിഭാകുമാരി വെങ്കലവും കരസ്ഥമാക്കി.
അണ്ടര്‍- 20 പെണ്‍കുട്ടികളുടെ നാനൂറ് മീറ്ററിലാണ് അഭിത മേരി സാമുവല്‍ പൊന്നണ്ണിഞ്ഞത്. 55.49 സെക്കന്‍ഡില്‍ അഭിത ഒന്നാം സ്ഥാനം ഓടിയെടുത്തു. ഹരിയാനയുടെ രചന വെള്ളിയും ഉത്തര്‍പ്രദേശിന്റെ മനിഷ വെങ്കലവം നേടി.
അണ്ടര്‍-16 പെണ്‍കുട്ടികളുടെ നാനൂറ് മീറ്ററിലാണ് എല്‍ഗ തോമസ് വെള്ളി നേടിയത്. സമയം 58.12 സെക്കന്‍ഡ്, ദല്‍ഹിയുടെ പായല്‍ വോറക്കാണ് സ്വര്‍ണം. തമിഴ്നാടിന്റെ രതിപാണ്ഡി വെങ്കലം സ്വന്തമാക്കി.
അണ്ടര്‍-16 പെണ്‍കുട്ടികളുടെ നൂറ് മീറ്റര്‍ ഹര്‍ഡില്‍സിലാണ് അലീന വെള്ളി നേടിയത്. സമയം 14.92 സെക്കന്‍ഡ്. മഹാരാഷ്ട്രയുടെ പ്രാഞ്്ജാലി പാട്ടീല്‍ ദേശീയ റെക്കോഡോടെ (14.36 സെക്കന്‍ഡ്) ഒന്നാം സ്ഥാനം നേടി. 2012 ല്‍ അങ്കിത സുനില്‍ സ്ഥാപിച്ച 14.45 സെക്കന്‍ഡിന്റെ റെക്കോഡാണ് വഴിമാറിയത്. മഹാരാഷ്ട്രയുടെ മന്‍സി മഹാദിക്കിനാണ് ഈ ഇനത്തില്‍ വെങ്കലം.
അണ്ടര്‍-18 പെണ്‍കുട്ടികളുടെ നാനൂറ് മീറ്റിലാണ് സാന്ദ്ര എ.എസ് വെങ്കലം നേടിയത്. ജാര്‍ഖണ്ഡിന്റെ ഫ്ളോറന്‍സ് ബാര്‍ല ഒന്നാം സ്ഥാനം നേടിയപ്പോള്‍ ദല്‍ഹിയുടെ റിതിക നെഗി രണ്ടമതായി ഫിനിഷ് ചെയ്തു.
അണ്ടര്‍ -20 ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സിലാണ് മുഹമ്മദ് ഫയാസിന്റെ വെങ്കല നേട്ടം. ഈ ഇനത്തില്‍ മഹാരാഷ്ട്രയുടെ നൊരോന്‍ഹ സ്വര്‍ണവും ആന്ധ്രയുടെ ഗോപീചന്ദ് വെളളിയും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: