ദുബായ്: ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന് ഐസിസി റാങ്കില്‍ സ്ഥാനക്കയറ്റം. ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ചഹല്‍ എട്ടാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് പത്താം റാങ്കിനുള്ളില്‍ സ്ഥാനം നേടുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ചഹലിന്റെ സ്ഥാനമുയര്‍ത്തിയത്. അതേ സമയം പരമ്പരയില്‍ നിറം മങ്ങിയ ഓപ്പണര്‍ ശിഖര്‍ ധവാന് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ നാല് സ്ഥാനം പിന്നാക്കം പോയി. അഞ്ചു മത്സരങ്ങളിലായി 453 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഒന്നാം റാങ്കില്‍ തുടരുകയാണ്.
വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് പതിനഞ്ച് പോയിന്റ് ലഭിച്ച കോഹ് ലി 899 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയാണ് രണ്ടാം സ്ഥാനത്ത്. രോഹിതിന് 871 പോയിന്റുണ്ട്. രോഹിതിന്റെ ഏറ്റവും ഉയര്‍ന്ന പോയിന്റാണിത്.
അഞ്ച് മത്സരങ്ങളില്‍ ഒരു അര്‍ധ സെഞ്ചുറിപോലും നേടാന്‍ കഴിയാതെ പോയ ധവാന് ഒമ്പതാം റാങ്കിലേക്ക് കൂപ്പുകുത്തി.
ബൗളര്‍മാരില്‍ ചഹലിന് പുറമെ അഖില്‍ ധനഞ്ജയ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കും നേട്ടമുണ്ടായി. ധനഞ്ജയ പതിമൂന്നാം റാങ്കില്‍ നിന്ന് ഒമ്പതാം റാങ്കിലെത്തി. ജഡേജ പതിനാറു സ്ഥാനങ്ങള്‍ മുന്നില്‍കയറി 25-ാം റാങ്കിലെത്തി. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കാണ് ഒന്നാം റാങ്ക്. ബുംറയ്ക്ക് 841 പോയിന്റുണ്ട്.
ഏകദിന ടീമുകളുടെ റാങ്കിങ്ങില്‍ ഇംഗ്ലണ്ടിനാണ് ഒന്നാം സ്ഥാനം. ഇംഗ്ലണ്ടിനെക്കാള്‍ അഞ്ചു പോയിന്റ് പിന്നിലുള്ള ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ന്യൂസിലന്‍ഡിനാണ് മൂന്നാം റാങ്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: