തിരുവനന്തപുരം: ഇന്ത്യ-വിന്‍ഡീസ് അഞ്ചാം ഏകദിനത്തിന് മുന്‍പ് ഇന്ത്യയുടെ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന് ഐസിസിയുടെ അംഗീകാരം. ദ്രാവിഡിനെ ഐസിസി ഹാള്‍ ഓഫ് ഫെയ്‌മില്‍ ഉള്‍പ്പെടുത്തി. ഇതിഹാസതാരം സുനില്‍ ഗാവസ്‌കറാണ് ഐസിസിയുടെ ഫ്രെയിം ചെയ്ത ക്യാപ് ദ്രാവിഡിന് കൈമാറിയത്.
കഴിഞ്ഞ ജൂലൈയില്‍ ഡബ്ലിനില്‍ നടന്ന ചടങ്ങിലാണ് ദ്രാവിഡിനെ ഹാള്‍ ഓഫ് ഫെയ്‌മില്‍ ഉള്‍പ്പെടുത്താന്‍ ഐസിസി തീരുമാനിച്ചത്. ടെസ്റ്റില്‍ 13,288 റണ്‍സും ഏകദിനത്തില്‍ 10,889 റണ്‍സും നേടിയ ദ്രാവിഡ് ഐസിസി ഹാള്‍ ഓഫ് ഫെയ്‌മില്‍ ഉള്‍പ്പെടുന്ന എണ്‍പത്തിയേഴാമത്തെ താരവും അഞ്ചാമത്തെ ഇന്ത്യക്കാരനുമാണ്. അനില്‍കുംബ്ലെ, ബിഷന്‍സിംഗ് ബേദി, കപില്‍ദേവ്, സുനില്‍ ഗാവസ്‌കര്‍ എന്നിവരാണ് ഇതിന് മുന്‍പ് ഹാള്‍ ഓഫ് ഫെയ്‌മില്‍ ഇടംനേടിയ ഇന്ത്യന്‍ താരങ്ങള്‍.
















