ന്യൂദല്‍ഹി: ശബരിമല, പമ്പ, നിലയ്കല്‍ എന്നിവിടങ്ങളിലെ വനഭുമികളില് നിര്‍മാണം പാടില്ലെന്ന് ഉന്നതാധികാര സമിതി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമിതി സെക്രട്ടറി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്കി. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മിക്കാന്‍ അനുവദിക്കരുത്. പമ്പയിലും മറ്റും അനധികൃത നിര്‍മാണ പ്രവര്‍ത്തണം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും സമിതി ആവശ്യപ്പെട്ടു. ഇടക്കാല റിപ്പോര്‍ട്ട് സുപ്രീംകോടതി നാളെ പരിഗണിക്കും.
ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച് നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര ഉന്നതാധികാര സമിതി കണ്ടെത്തിയിരുന്നു. സമിതി റിപ്പോര്‍ട്ട് അടിയന്തരമായാണ് കോടതി പരിഗണിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. റിപ്പോര്‍ട്ടിന് മറുപടി നല്കാന് ദേവസ്വം ബോര്‍ഡിന് നാലാഴ്ച അനുവദിക്കും. യുവതീപ്രവേശന വിഷയം മൂലം തിരക്കായതിനാല്‍ മറുപടി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ബോര്‍ഡ് അഭ്യര്‍ഥിച്ചിരുന്നു.
പമ്പയിലും സന്നിധാനത്തും നിരവധി നിര്‍മാണങ്ങളാണ് മാസ്റ്റര്‍ പ്ലാനിന് വിരുദ്ധമായി നടത്തിയത്. സന്നിധാനത്ത് വനംവകുപ്പ് പാട്ടത്തിന് നല്കിയ സ്ഥലത്ത് ബോര്‍ഡ് നിര്‍മിച്ച മൂന്നു ബഹുനില കെട്ടിടങ്ങള്‍ പ്ലാനിന്റെ ലംഘനമാണ്. പമ്പാ തീരത്ത് നിരവധി അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നത്. പ്രളയത്തില്‍ മിക്കതും തകര്‍ന്നു. പ്രളയത്തില്‍ ഒലിച്ചുപോയ കെട്ടിടങ്ങളെല്ലാം അനധികൃതമാണെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍. വാസു ഉന്നതാധികാര സമിതിയോട് സമ്മതിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
സംസ്ഥാന ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ഇക്കാര്യം ഉന്നതാധികാര സമിതിയെ അറിയിച്ചിരുന്നു. ശബരിമലയിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രൊഫ. ശോഭീന്ദ്രന് നല്കിയ ഹര്‍ജിയിലാണ് ഉന്നതാധികാര സമിതിയോട് സുപ്രീംകോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: