മാഡ്രിഡ്: തുടര്‍ച്ചയായ തോല്‍വികളില്‍ നട്ടംതിരിയുന്ന റയല്‍ മാഡ്രിഡ് കോച്ച് ജുലെന്‍ ലോപ്പറ്റേഗിയെ പുറത്താക്കി. കഴിഞ്ഞ ദിവസം നടന്ന എല്‍ ക്ലാസ്സിക്കോയില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബാഴ്സലോണയോട് തകര്‍ന്നതോടെയാണ് ലോപ്പറ്റേഗിയുടെ സ്ഥാനം തെറിച്ചത്. മുന്‍ അര്‍ജന്റീനിയന്‍ താരം സാന്റിയാഗോ സൊളാരിയെ താല്‍ക്കാലിക പരിശീലകനായി നിയമിച്ചു. സിദാനെപ്പോലെ തലയെടുപ്പുള്ളൊരു പരിശീലകന് വരുന്നതുവരെ സൊളാരി റയലിന്റെ പരിശീലക സ്ഥാനത്ത് തുടരും. ചെല്‍സി പരിശീലകന് അന്റോണിയോ കോന്റെ അടക്കമുള്ളവരുടെ പേരുകള്‍ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റയല്‍ പ്രസിഡന്റ് ഫ്ളോറന്റിനോ പെരസുമായി നടത്തിയ ചര്‍ച്ചയില്‍ കോന്റെ അത്ര തൃപ്തനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിങ്കാളാഴ്ച ചേര്‍ന്ന ക്ലബ്ബിന്റെ ഡയറക്ടര്‍ ബോര്‍ഡാണ് കോച്ചിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. അടുത്ത ബാലണ്‍ ഡി ഓര് പുരസ്കാരത്തിനുള്ള പട്ടികയില്‍ റയലില്‍ നിന്ന് എട്ട് താരങ്ങള്‍ ഇടംനേടിയിട്ടും ടീമിന്റെ പ്രകടനം മോശമാണെന്നും ബോര്‍ഡ് വിലയിരുത്തി. ജുവന് ലോപ്പറ്റേഗിയുടെയും സഹപ്രവര്‍ത്തകരുടെയും പ്രകടനത്തില്‍ ക്ലബ് നന്ദിയറിയിച്ചു.
കഴിഞ്ഞ റഷ്യന്‍ ലോകകപ്പിന് തൊട്ടുമുന്‍പായാണ് ലോപ്പറ്റേഗി റയലുമായി മൂന്നുവര്‍ഷത്തെ കരാര്‍ ഒപ്പിട്ടത്. വിഖ്യാത താരമായിരുന്ന സിനദിന്‍ സിദാന് മൂന്നാം തവണയും റയലിന് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തശേഷം പരിശീലക വേഷമഴിച്ചുവെച്ചതിനെ തുടര്ന്നായിരുന്നുലോപ്പറ്റേഗിയെ കോച്ചായി നിയമിച്ചത്. ആ സമയത്ത് സ്പാനിഷ് ടീമിന്റെ കോച്ചായിരുന്നു ലോപ്പറ്റേഗി. 2016-ല്‍ വിന്‍സന്റ് ഡെല്ബോസ്ക്കിന്റെ പകരക്കാരനായാണ് ലോപ്പറ്റേഗി സ്പാനിഷ് പരിശീലകനായി ചുമതലയേറ്റത്. എന്നാല്‍ ലോകകപ്പിന് തൊട്ടുമുന്‍പ് റയലിന്റെ പരിശീലകനായി കരാര്‍ ഒപ്പിട്ടതോടെ സ്പെയിന് ഫുട്ബോള്‍ അധികൃതര്‍ ലോപ്പറ്റേഗിയെ പുറത്താക്കുകയായിരുന്നു. എന്നാല്റയലുമായി മൂന്നുവര്‍ഷത്തെ കരാറൊപ്പിട്ട ലോപ്പറ്റേഗിക്ക് 139 ദിവസം മാത്രമാണ് പരിശീലകന്റെ കുപ്പായം ധരിക്കാനായത്.
ലോപ്പറ്റേഗിയുടെ ശിക്ഷണത്തില്‍ റയലിന് കാര്യങ്ങള്‍ പന്തിയായിരുന്നില്ല. ക്രിസ്റ്റിയാനോയുടെ കൂടുമാറ്റവും ടീമിനെ പിന്നോട്ടടിച്ചു. 2009നുശേഷം ലീഗില്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ റയല്‍ ഏറ്റുവാങ്ങിയതും ലോപ്പറ്റേഗിയുടെ കീഴിലായിരുന്നു. സ്പാനിഷ് ലീഗില്‍ ഈ സീസണില്‍ കളിച്ച 10 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ലോപ്പറ്റേഗിയുടെ കീഴില്‍ റയലിന് ജയിക്കാന്‍ കഴിഞ്ഞത്. നാലെണ്ണത്തില്‍ തോറ്റപ്പോള്‍ രണ്ടെണ്ണം സമനിയലില്‍. നിലവില്‍ 10 കളികളില്‍ നിന്ന് 14 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് റയല്‍.സണ്‍ മുന്നോടിയായി നടന്ന സൂപ്പര്‍ കപ്പില്‍ അത്ലറ്റികോ മാഡ്രിഡിനോട് തോറ്റായിരുന്നു റയലില്‍ ലോപ്പറ്റേഗിയുടെ തുടക്കം. സ്പാനിഷ് ലീഗില്‍ ആദ്യ മത്സരങ്ങളില്‍ ആധികാരിക ജയം നേടി. എന്നാല്‍ സെവിയ്യയോടുള്ള 3-0ന്റെ തോല്‍വിയോടെ റയല്‍ തകരാന്‍ തുടങ്ങി. അടുത്ത മത്സരത്തില്‍ അത്ലറ്റികോയോട് സമനില. അലാവെസിനോട് 0-1ന് തോറ്റു. സ്വന്തം തട്ടകത്തില്‍ ലെവന്റേയോടും റയല്‍ തോല്‍വി വഴങ്ങി (1-2). അതിനുപിന്നാലെയാണ് എല്‍ ക്ലാസ്സിക്കോയിലെ ദയനീയ തോല്‍വി. ചാമ്പ്യന്‍സ് ലീഗില്‍ സിഎസ്കെ മോസ്കോയോടും റയല്‍ തോറ്റു.
ബുധനാഴ്ച കോപ്പ ഡെല്‍ റേയില്‍ മെലിലയ്ക്കെതിരേയാണ് പുതിയ പരിശീലകന് കീഴില്‍ റയല്‍ ആദ്യമായി കളിക്കാനിറങ്ങുന്നത്. ശനിയാഴ്ച ലാ ലീഗയില്‍ റയല്‍ വല്ലഡോലിഡിനെതിരേയുള്ള മത്സരത്തിലും റയല്‍ സോളാരിയുടെ കീഴിലാവും കളിക്കാന്‍ ഇറങ്ങുക. മുന്‍ പരിശീലകന് സിനദിന്‍ സിദാനൊപ്പം റയലില്‍ കളിച്ചിട്ടുള്ള താരമാണ് സോളാരി. പിന്നീട് റയല്‍ വിട്ട് ഇന്റര്‍ മിലാനില്‍ ചേര്‍ന്ന സോളാരി 2013ലാണ് റയലിന്റെ യൂത്ത് ടീമിന്റെ പരിശീലകനായി തിരിച്ചെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: