ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അപരാജിത കുതിപ്പ് തുടരുന്നു. ലീഗിലെ പത്താം മത്സരത്തില്‍ ടോട്ടനത്തെ 1-0ന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കളിയുടെ ആറാം മിനിറ്റില്‍ റിയാദ് മഹ്രസാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്.
കളിയില്‍ മേധാവിത്തം സിറ്റിക്കായിരുന്നു. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അവര്‍ ടോട്ടനത്തേക്കാള്‍ മുന്നിട്ടുനിന്നു. എന്നാല്‍ ടോട്ടനം ഗോളിയുടെ മികച്ച പ്രകടനമാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് സിറ്റിയെ തടഞ്ഞുനിര്‍ത്തിയത്.
കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സിറ്റി ആറാം മിനിറ്റിലാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. റഹിം സ്റ്റര്‍ലിങ് ഇടത് വിങ്ങില്‍ നിന്നും നീട്ടി നല്കിയ പാസ് സ്വീകരിച്ച് ബോക്സിന്റെ മധ്യത്തില്‍നിന്നും മഹ്രസ് പായിച്ച ഇടംകാലന്‍ ഷോട്ടാണ് ടോട്ടനം വലയില്‍ കയറിയത്. ജയത്തോടെ 10 കളികളില്‍ നിന്ന് 26 പോയിന്റുമായാണ് സിറ്റി ഒന്നാം സ്ഥാനത്തെത്തിയത്. 26 പോയിന്റുള്ള ലിവര്‍പൂളാണ് രണ്ടാമത്.
ലീഡ് നേടിയതിനു തൊട്ടുപിന്നാലെ അഗ്യൂറോലീഡ് ഉയര്‍ത്താനുള്ള അവസരം നഷ്ടമാക്കി. ഇതിനിടെ ഹാരി കെയ്നിനെ മുന്നില്‍നിര്‍ത്തി ടോട്ടനം ചില നല്ല മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം സിറ്റി ഉയര്‍ത്തിയ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സമനില ഗോള്‍ കണ്ടെത്താന്‍ ടോട്ടനത്തിനോ ലീഡ് ഉയര്‍ത്താന്‍ സിറ്റിക്കോ കഴിഞ്ഞില്ല.
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട ലെസ്റ്റര്‍ സിറ്റി ഉടമ വിജായി ശ്രീവദനപ്രഭക്കായി വിജയം സമര്‍പ്പിക്കുന്നതായി മുന്‍ ലെസ്റ്റര്‍ താരം കൂടിയായ മഹ്രസ് പറഞ്ഞു. 2015-16 പ്രീമിയര്‍ ലീഗ് കീരീടം നേടിയ ലെസ്റ്റര്‍ ടീമില്‍ അംഗമായിരുന്നു മഹ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: