കൊച്ചി: ആറു മാസം മുമ്പ് ഹൈക്കോടതിയിലെ ഒരു ജഡ്ജിയെ ആക്ഷേപിച്ച് മുസ്ലിം ഏകോപന സമിതി നടത്തിയ മാര്‍ച്ചില്‍ മൂവായിരം പേര്‍ക്കെതിരെ കേസെടുത്തിട്ട് ഇന്നോളം അറസ്റ്റ് ചെയ്തത് 54 പേരെ. ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ അയ്യപ്പനാമം ജപിച്ചു പ്രതിഷേധിച്ചതിന് കേസെടുത്ത് കഴിഞ്ഞ ആറു ദിവസത്തിനിടെ അറസ്റ്റ് ചെയ്തത് മൂവായിരത്തിലധികം പേരെ.
ഹൈന്ദവസമൂഹത്തിനും അയ്യപ്പഭക്തര്ക്കുമെതിരായ പിണറായി വിജയന്റെ തുറന്ന യുദ്ധപ്രഖ്യാപത്തിന്റെ ഏറ്റവും വ്യക്തമായ തെളിവാണിത്. വൈക്കത്ത് മതംമാറിയ അഖിലയുടെ കേസില്‍ വിധിക്കെതിരെ മുസ്ലിം ഏകോപന സമിതിയുടെ പേരില്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത് കഴിഞ്ഞ മെയ് 29ന്. വിധി പ്രസ്താവിച്ച ജഡ്ജിമാരുടെ പേരെടുത്ത് പറഞ്ഞ് ഭീഷണി മുഴുക്കിയായിരുന്നു മാര്‍ച്ച്. മൂവായിരംപേര്ക്കെതിരെ കേസെടുത്തിരുന്നു, ആറുമാസം കഴിഞ്ഞിട്ടും അറസ്റ്റിലായത് 54 പേര് മാത്രം. ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ നാമജപം നടത്തിയതിന്റെ പേരില്‍ ആറു ദിവസംകൊണ്ട് പിണറായി സര്‍ക്കാരിന്റെ പോലീസ് പാതിരാത്രിക്കും മറ്റും വീട്് വളഞ്ഞ്് അറസ്റ്റ് ചെയ്തത് സ്ത്രീകള്‍ അടക്കം 3500 പേരെ. നിരവധിപേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലില്‍ അടച്ചു.
മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അച്ഛന് അശോകന് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി. മതം മാറ്റി നടത്തിയ വിവാഹം കോടതി റദ്ദാക്കി, അഖിലയെ രക്ഷിതാക്കള്‍ക്കൊപ്പം വിടാന്‍ ഉത്തരവിട്ടു. ഹൈക്കോടതിയെ വെല്ലുവിളിച്ചും ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയും മുസ്ലിം ഏകോപന സമിതി പ്രവര്‍ത്തകര്‍ എറണാകുളം നഗരത്തില്‍ അഴിഞ്ഞാടിയിരുന്നു. പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. ബാരിക്കേഡ് തകര്‍ത്തു. കല്ലേറില്‍ നിരവധി പോലിസുകാര്‍ക്കും പരിക്കേറ്റു.
വിധി പ്രസ്താവിച്ച ജസ്റ്റിസ് കെ. സുരേന്ദ്ര മോഹന്റെ പേര് എടുത്ത് പറഞ്ഞായിരുന്നു ഭീഷണി. പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട്, ജമാഅത്ത് ഫെഡറേഷന്, എസ്ഡിപിഐ, മുസ്ലിം ജമാഅത്ത് കൗണ്‍സില്‍, മക്ക തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. നീതി കിട്ടിയില്ലെങ്കില്‍ വിധി പ്രസ്താവിച്ച ജഡ്ജിയുടെ കിടപ്പുമുറിയിലേക്കും അടുക്കളയിലേക്കും പ്രതിഷേധം എത്തും എന്നായിരുന്നു ഭീഷണി. വേണ്ടിവന്നാല്‍ ഹൈക്കോടതിക്ക് അകത്ത് കയറി ജഡ്ജി ഇരിക്കുന്ന കസേര എടുത്ത് വലിച്ച് നടുറോഡിലിടാന്‍ ഞങ്ങള്‍ക്ക് അറിയാമെന്നും പ്രതിഷേധക്കാര്‍ ഭീഷണി മുഴക്കി.
ജഡ്ജിമാരെ ഭീഷണിപ്പെടുത്തല്‍, വര്‍ഗീയലഹള സൃഷ്ടിക്കാന്‍ ശ്രമം, പോലീസിനെ ആക്രമിക്കല്‍ ഉള്‍പ്പെടെ കര്‍ശന വകുപ്പുകള്‍ ചുമത്തിയാണ്എറണാകുളം സെന്‍ട്രല്‍ പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ സിപിഎം നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനോ പ്രതികളെ പിടികൂടുന്നതിനോ പോലീസ് തയാറായില്ല. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട്കാര്‍ കൊലപ്പടുത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് ഹൈക്കോടതി മാര്‍ച്ചിലെ ആറുപ്രതികള്‍ പിടിയിലായതെന്നാണ് ഏറ്റവും ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: