ഭൂമിതട്ടിപ്പില്‍ സന്തോഷ് മാധവന് പിടിയിലായതിനെ തുടര്‍ന്ന് കേരളത്തില്‍ സ്വാമിമാര്‍ക്കെല്ലാം എതിരെ ഉറഞ്ഞുതുള്ളുകയായിരുന്നു സിപിഎം. ഇപ്പോള്‍ അയ്യപ്പന്മാരെ ശത്രുപക്ഷത്തുനിര്‍ത്തുന്നതുപോലെ അന്ന് സന്യാസിമാരായിരുന്നു ഇരകള്‍. സ്വാമിമാരുടെ താടി വടിച്ചും ആശ്രമം തീയിട്ടുമൊക്കെയായിരുന്നു പ്രകടനങ്ങള്‍. സംഘടിത സന്യാസി മഠങ്ങളെ ഒഴിവാക്കി ഒറ്റയാള്‍ ആശ്രമങ്ങളാണ് അതിക്രമത്തിന് ഇരയായത്.
അന്ന് സന്ദീപാനന്ദഗിരി ഡിവൈഎഫ്ഐക്കാരുടെ കൈക്കിരയാകാതിരുന്നത് ആര്‍എസ്എസ് ബന്ധമുള്ള ആള് എന്നതിനാലാണ്. പി. പരമേശ്വരന്റെ പ്രസംഗത്തില്‍ ആകൃഷ്ടനായി സന്യാസം സ്വീകരിച്ചു എന്ന് ആര്‍എസ്എസ് വേദികളിള്‍ ആവര്‍ത്തിച്ചു പറഞ്ഞ് പിന്തുണ ഉറപ്പിക്കുകയും ചെയ്തിരുന്നു. അന്ന് സന്ദീപാനന്ദയെ ആക്രമിക്കാതിരുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇപ്പോള്‍ ആശ്വസിക്കാം. എഴുന്നള്ളിച്ച് നടത്താന്‍ ഒരു കാഷായക്കാരനെ കിട്ടിയതില്‍. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരു സ്വാമിയെ ആണ് വേണ്ടിയിരുന്നതെങ്കില്‍ കപടസ്വാമിയല്ലാത്ത എത്രയോ പേര് ഉണ്ടായിരുന്നു. തനി കമ്മ്യൂണിസ്റ്റുകളായ സന്യാസിമാര്‍ക്കും കുറവൊന്നുമില്ല കേരളത്തില്‍.
കമ്മ്യൂണിസ്റ്റുകളുടെ പുതിയ ആസ്ഥാന സ്വാമിയുടെ കാപട്യത്തിന്റെ പുതിയ മുഖമാണ് അദ്ദേഹത്തിന്റെ വാസസ്ഥാനത്തിനു നേരെ നടന്ന അതിക്രമം. സന്ദീപാനന്ദക്കു പുറമെ മൂന്നു സ്ത്രീകളും മാത്രമുണ്ടായിരുന്ന വീട്ടില്‍ കിടന്ന കാറുകള്‍ പാതിരാത്രിയില്‍ അഗ്നിക്കിരയാക്കി. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കും മുന്‍പേ ആര്‍എസ്എസുകാര്‍ ആക്രമിച്ചേ എന്ന സന്ദീപാനന്ദയുടെ പ്രഖ്യാപനത്തില്‍ തുടങ്ങുന്നു കാപട്യം.
പോലീസെത്താതെ, അക്രമികളെക്കുറിച്ച് സൂചന പോലും കിട്ടാതെ പ്രതികളെ തിരിച്ചറിയാന്‍ മാത്രം ജ്ഞാനദൃഷ്ടി ഉണ്ടായിരുന്നുവെങ്കില്‍ തീവെയ്ക്കാന്‍ ആളു വരുന്ന കാര്യം കൂടി മുന്‍കൂട്ടി അറിയാമായിരുന്നല്ലോ. സംഘപരിവാര്‍ മാത്രമല്ല പന്തളം രാജകുടുംബവും തന്ത്രിമാരും എല്ലാവരും ചേര്‍ന്നാണ് രണ്ട് കാറുകത്തിച്ചതെന്നു പറഞ്ഞ് സംഭവത്തിന്റെ വലുപ്പം കൂട്ടുകയും ചെയ്തു.
നേരം പരപരാ വെളുക്കും മുന്‍പ് മുഖ്യമന്ത്രിയും ഓടിയെത്തി. മന്ത്രിപ്പടയും പിന്നാലെയെത്തി. ഓഖി ദുരന്തമുണ്ടായി നിരവധി പേര് മരിച്ചപ്പോള്‍ ആശ്വസിപ്പിക്കാനോ പ്രളയഭൂമിയില്‍ ആത്മവിശ്വാസം നല്‍കാനോ എത്താന്‍ മെനക്കെടാതിരുന്ന മുഖ്യമന്ത്രിയും പറഞ്ഞു അക്രമികള്‍ ആര്‍എസ്എസ് തന്നെ. തന്റെ കീഴിലുള്ള പോലീസിന് അക്രമികളെക്കുറിച്ച് ചെറു സൂചനപോലും കിട്ടാതിരിക്കുമ്പോഴാണ് മുഖ്യന്റെ ഉറപ്പിക്കല്‍. ഇക്കാര്യത്തില്‍ സന്ദീപാനന്ദയുടെ കുടിലബുദ്ധിയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കുടിലതയും മനസ്സിലാക്കാം.
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സിപിഎം സെക്രട്ടറിയുമൊക്കെ പ്രഖ്യാപിക്കുന്നു പ്രതികള്‍ ആര്‍എസ്എസ് തന്നെയെന്ന്. മുന്‍ ആഭ്യന്തരമന്ത്രിമാര്‍ എന്നതില്‍ കവിഞ്ഞ് പോലീസ് അറിയും മുന്‍പ് പ്രതികളെ തിരിച്ചറിയാന്‍ ഇവര്‍ക്കൊക്കെ പ്രത്യേക കഴിവു വല്ലതുമുണ്ടോ. അല്ലെങ്കില്‍ കിട്ടിയ തെളിവെന്ത്. ഇത്തരം രാഷ്ട്രീയ നേതാക്കളാണ് ശാപം.
സന്ദീപാനന്ദയുടെ വാസസ്ഥലത്തു നടന്ന അതിക്രമം ആസൂത്രിതവും ഗൂഢാലോചനയുടെ ഫലവുമാണെന്നതില്‍ സംശയമില്ല. എവിടെ ആര് എന്നതേ അറിയേണ്ടതുള്ളു. വധഭീഷണി ഉണ്ടന്നു പലതവണ പറഞ്ഞിട്ടും സുരക്ഷ നല്‍കാതിരുന്നതും സംഭവദിവസം രാത്രി കാവല്‍ക്കാരനെ പറഞ്ഞു വിട്ടതും സിസിടിവി ക്യാമറ ഊരിമാറ്റിയതും ഒക്കെ യാദൃശ്ചികമോ എന്നറിയേണ്ടതുണ്ട്. തീയിട്ടവരെ പോലീസ് പിടിക്കട്ടെ. അതല്ല പ്രധാന പ്രശ്നം. കേരളത്തില്‍ കമ്മ്യൂണിസം ഉള്‍പ്പെടെയുള്ള എല്ലാ ഹിന്ദുവിരുദ്ധ ഇസങ്ങളേയും നേരിട്ടെതിര്‍ത്ത് ആര്‍എസ്എസ് സൃഷ്ടിച്ചെടുത്ത നിലപാടുതറ ഉപയോഗിച്ച് മുതലെടുപ്പു നടത്തുന്ന ആദ്യത്തെ ആളല്ല സന്ദീപാനന്ദ.
സ്വാമിയാണെന്നും വിശ്വാസിയാണെന്നുമൊക്കെ നാല്ക്കവലകളിലും പ്രസംഗവേദികളിലും നിന്ന് പേടികൂടാതെ പറയാന്‍ ഇത്തരക്കാക്ക് ധൈര്യം നല്കിയതും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ കൊടിപിടിച്ചു നടത്തിയ സമരങ്ങള്‍ തന്നെ. മതേതര മേലങ്കി അണിഞ്ഞ തപസ്വിമാരും സപ്താഹാചാര്യന്മാരായ ചൈതന്യന്മാരും സംസാര പ്രിയരായ ഈശ്വരന്മാരും ഉള്‍പ്പെടെ പലരും ആത്മീയതയുടെ മറവിലും തെളിവിലും മര്യാദകെട്ട പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ട്. ഇവരെ നിയന്ത്രിക്കാനോ നിലയ്ക്ക് നിര്‍ത്താനോ കഴിഞ്ഞില്ലെങ്കില്‍ അവിശ്വാസികളായ കമ്മ്യൂണിസ്റ്റുകള്‍ക്ക് കൂടുതല്‍ സന്ദീപന്മാരെ കിട്ടും, ആത്മീയതയേയും വിശ്വാസത്തേയും ഒക്കെ ഉന്മൂലനം ചെയ്യാന്‍ കൊതിക്കുന്നവര്‍ക്ക് ആവേശവും. ഇതിന് തടയിടാന്‍ ഹൈന്ദവ താല്പര്യത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ഉത്സവകമ്മറ്റികള്‍ക്കും ബാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: