തിരുവനന്തപുരം: എട്ടാം ക്ലാസ് വരെ ജില്ലാ തലത്തില്‍ മാത്രം ഒതുങ്ങിയ താരമായിരുന്നു പാലക്കാട് ജിഎംഎംജിഎച്ച്എസ്സിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ വിഷ്ണുപ്രിയ. 9-ാ ക്ലാസിലെത്തിയപ്പോള്‍ പാലക്കാട് യൂത്ത് ഒളിമ്പിക്സ് ക്ലബില്‍ ഹരിദാസന്റെ കീഴില്‍ പരിശീലനത്തിനെത്തി. 10-ാം ക്ലാസ് മുതലാണ് 400 മീറ്ററില്‍ പരിശീലനം തുടങ്ങിയത്. പിന്നീട് ഇങ്ങോട്ട് മെഡലുകളുടെ പെരുമഴ. രണ്ട് വര്‍ഷം കൊണ്ട് ഈ താരം നേടിയത് 12 സ്വര്‍ണമെഡലുകള്‍
സ്കൂള്‍ മീറ്റില്‍ ഇത് രണ്ടാംവട്ടമാണ് മത്സരിക്കുന്നതെങ്കിലും ദേശീയ മത്സരങ്ങളിലെ സ്ഥിരം താരമാണ്. ആദ്യസ്വര്‍ണം 2017ല്‍ ഹൈദരബാദില്‍ നടന്ന യൂത്ത് നാഷണലില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍. തുടര്‍ന്ന് 2018ല്‍ കോയമ്പത്തൂരില്‍ നടന്ന ജൂനിയര്‍ ഫെഡറേഷനിലും വിജയവാഡയില്‍ നടന്ന അമച്വര്‍ നാഷണലിലും ഹരിയാനയില്‍ നടന്ന സ്കൂള്‍ നാഷണലിലും ഗുജറാത്തില്‍ നടന്ന യൂത്ത് നാഷണലിലും സ്വര്‍ണം വാരിക്കൂട്ടി. ബാങ്കോക്കില്‍ നടന്ന യൂത്ത് ഒളിമ്പിക്സ് യോഗ്യതാ മത്സരത്തില്‍ ഏഷ്യയില്‍ രണ്ടാം സ്ഥാനം നേടി. പിന്നാലെ അര്‍ജന്റീനയില്‍ നടന്ന യൂത്ത് ഒളിമ്പിക്സില്‍ പങ്കെടുത്തെങ്കിലും ഭക്ഷ്യവിഷബാധയേറ്റതിനാല്‍ 12-ാം സ്ഥാനം കൊണ്ട് തൃപ്ത്തിപ്പെടേണ്ടിവന്നു. പഠനത്തിനും മിടുമിടുക്കിയാണ് എലപ്പുള്ളി മുതിരംപള്ളത്ത് വെല്‍ഡിംഗ് തൊഴിലാളിയായ എം. ജയപ്രകാശന്റെയും എം. ഗിരിജയുടേയും ഇളയമകള്‍. പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിഷ്ണു പ്രിയ പ്ലസ് വണ്ണിന് അഞ്ച് എപ്ലസും ഒരു എയും നേടി. പ്ലസ്ടുവിന് കൂടുതല്‍ മാര്‍ക്ക് പ്രതീക്ഷിക്കുകയാണ് ഈ ബയോളജിസയന്സ് വിദ്യാര്‍ത്ഥിനി. അവസാന സ്കൂള്‍ മീറ്റിലെ പ്രകടനവും പൊന്‍തിളക്കത്തില്‍ അവിസ്മരണീയമാക്കിയാണ് ഇന്നലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നിന്നും വിഷ്ണുപ്രിയ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: