കോഴിക്കോട്: ജയിപ്പിച്ച വോട്ടര്‍മാരോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതിനു പകരം ഹൈന്ദവ വിശ്വാസങ്ങളില്‍ കടന്നുകയറി ആശങ്ക സൃഷ്ടിക്കുന്ന, ഭരണപരമായി പരാജയപ്പെട്ട പിണറായി സര്‍ക്കാര്‍ രാജിവയ്‌ക്കണമെന്ന് മാര്‍ഗദര്‍ശകമണ്ഡലം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ശബരിമല പ്രശ്‌നത്തിനു പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ നടപടികളുമായി സന്ന്യാസിസമൂഹം മുന്നിട്ടിറങ്ങുമെന്നും കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ നടന്ന സമ്മേളനം വ്യക്തമാക്കി.
നാമജപം നടത്തി പ്രതിഷേധിച്ച അയ്യപ്പഭക്തര്‍ക്കു നേരെ സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം പ്രതികാരനടപടി കൈക്കൊള്ളുന്നു. വിശ്വാസത്തിനു മുകളിലേക്കുള്ള കടന്നുകയറ്റം സര്‍ക്കാര്‍ അവസാനിപ്പിക്കണം. ഹൈന്ദവവികാരം പൂര്‍ണമായി അവഗണിച്ച് ശബരിമലയില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ ക്ഷേത്രപ്രവേശന വിളംബരവുമായി താരതമ്യം ചെയ്ത് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത അപഹാസ്യമാണ്. യുക്തിയും വിശ്വാസവും തമ്മിലുള്ള സമരസതയില്ലായ്‌മ സൂചിപ്പിച്ചുള്ള സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധി ശ്രദ്ധിക്കേണ്ടതുണ്ടെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
തന്ത്രിയെയും പന്തളം കൊട്ടാരത്തെയും ഭക്തജനങ്ങളെയും അപമാനിക്കുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രീതി ശരിയല്ല. ശബരിമല സന്നിധാനത്ത് ഭക്തര്‍ക്കു സര്‍ക്കാര്‍ സമയപരിധി നിശ്ചയിക്കുന്നത് അന്യായമാണ്. അത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമില്ല. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരവ്യവസ്ഥയെ മാറ്റിമറിക്കാന്‍ മതേതര സര്‍ക്കാരിനോ കോടതികള്‍ക്കോ അധികാരമില്ലെന്നും സമ്മേളനം വ്യക്തമാക്കി.
















