ഓര്മ. പിന്നെ സ്മാരകം. കെട്ടുകണക്കിനുള്ള ഓര്‍മകളില്‍ ചിലത് സ്മാരകങ്ങള്‍ക്കു നാം എറിഞ്ഞുകൊടുക്കും. പെട്ടെന്നോര്ക്കാനുള്ള എളുപ്പവഴിയാണ് ആ എറിഞ്ഞുകൊടുക്കല്‍. എഴുത്തുകാര്‍ സ്മാരകങ്ങളില്ലാതെ ജീവിക്കുമെന്നു പറയുമെങ്കിലും മരിച്ച് ഒരു വര്‍ഷം ആകും മുന്‍പേ എഴുത്തുകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ശവകുടീരം അറിയാനാകാത്തവിധം കാടുപിടിച്ച് കിടക്കുന്ന ചിത്രം കുറച്ചുനാള്‍ മുമ്പ് ഫെയ്സ് ബുക്കിള്‍ കണ്ടിരുന്നു. അദ്ദേഹത്തെ വാഴ്ത്തിയവരും പുകഴ്ത്തിയവരും ആരാധകരൊന്നും ആ വഴിക്കുപോയില്ലെന്നുണ്ടോ .കണ്ടില്ലെന്നുണ്ടോ. എഴുത്തില്‍ സ്മാരകശിലകള്‍ തീര്‍ത്ത പുനത്തില്‍ മറവിയിലേക്കു കാടുപിടിക്കുകയാണോ. ഒക്ടോബര്‍ 27 പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഒന്നാം ചരമവാര്‍ഷികം.
ഒരെഴുത്തുകാരന്റെ ആസ്തി അയാള്‍ മറഞ്ഞാലും മായാതെ നില്ക്കുന്ന അയാളുടെ രചനകളെന്ന സ്മാരകശിലകളാണ്. പുനത്തിലിനെ സംബന്ധിച്ചിടത്തോളം കല്ലറ കാടുപിടിച്ചാലും മലയാളത്തില്‍ എന്നന്നേയ്ക്കും നിലനില്ക്കാന് അദ്ദേഹത്തിന്റെ ക്ളാസിക് നോവലായ സ്മാരകശിലകള്‍ മാത്രം മതി. എഴുത്തിന്റെ സ്മാരകശിലകള്‍ അവശേഷിപ്പിച്ച പുനത്തിലിന്റേത് ആരുംവേട്ടയ്ക്കിറങ്ങാത്ത കന്യാവനങ്ങളുടെ സംശുദ്ധിയുള്ള ആശയങ്ങളാണ്. ആഡംബരത്തിന്റെ അലങ്കാരങ്ങളില്ലാത്ത പുനത്തിലിന്റെ ഭാഷ തന്റെ കാലത്തെ ആധുനിക എഴുത്തുകാരില്‍ നിന്നുതന്നെവേറിട്ട ലാളിത്യം നിറഞ്ഞതാണ്.
ഫാന്റസിയും യാഥാര്‍ഥ്യവും ഇഴപിരിഞ്ഞ ഇദ്ദേഹത്തിന്റെ രചനകളില്‍ സ്മാരകശിലകള്‍ ഈ ജനുസില്‍ മലയാള നോവല്‍ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത സ്്മാരകമായി നിലകൊള്ളുകയാണ്. കഥാപാത്രങ്ങളും അവരുടെ ജീവിത പരിസരങ്ങളുമായി തലമുറകളുടെ സ്ഥലകാലങ്ങള്‍ സ്മാരകശിലകളില്‍ വികസിച്ചു വരുന്നതായി കാണാം. വായിച്ചു തീരുമ്പോള്‍ നോവലിന്റെ ലാവണ്യാനുഭൂതിയെക്കാള് അതിലെ കാലഘട്ടം അതേ നിറവോടെ ചുറ്റും തെളിഞ്ഞു വരുന്നതായി അനുഭവപ്പെടും.
ആഭിചാരത്തിന്റെപോലൊരു നിഗൂഢാന്തരീക്ഷവും ദുരൂഹതയും കാര്‍മേഘംപോലെ നിറഞ്ഞു നില്‍ക്കുന്നതാണ് സേതുവിനൊപ്പം എഴുതിയ നോവല്‍ നവഗ്രഹങ്ങളുടെ തടവറ. അന്നത്തെക്കാലത്ത് ആധുനിക നോവലിന്റെ ഏറ്റവും പുതിയ മുഖമായിരുന്നു ഈ നോവല്‍. മിക്കവാറും സേതുവിന്റെ രചനകളില്‍ കാണുന്ന പേടിയുടേയും വിഹ്വലതയുടേയും ദീപ്ത സാന്നിധ്യം ചടുലമായ ഭാഷയിലൂടെ നിറവേറുന്നതായി നവഗ്രഹങ്ങളുടെ തടവറയില്‍ കണ്ടെത്താനാവും.
കത്തി, സൂര്യന്, മരുന്ന്, കന്യാവനങ്ങള്‍, കലീഫ, മലമുകളിലെ അബ്ദുള്ള, നവഗ്രഹങ്ങളുടെ തടവറ(സേതുവുമൊന്നിച്ച്്), വാകമരങ്ങള്‍ തുടങ്ങി അന്‍പതോളം കൃതികളുടെ കര്‍ത്താവാണ് പുനത്തില്‍. തുറന്നുപറച്ചിലുകള്‍കൊണ്ടും സത്യസന്ധതയാലും ഉള്ക്കരുത്തുള്ളതാണ് ആത്മകഥ നഷ്ടജാതകം.
ആത്മഹത്യ ഒഴികെ എല്ലാം അനുഭവിച്ചറിയണം എന്നു പറഞ്ഞ പുനത്തില്‍ കുഞ്ഞബ്ദുള്ള, തിരിച്ചുവന്ന് ആ അനുഭവം പറയാനാവില്ലെന്നു വിചാരിച്ചാകണം ആത്മഹത്യ ചെയ്യാതിരുന്നത്. എന്നാല്‍ ശരികളെ ചില തലതിരിഞ്ഞ ബോധ്യങ്ങളിലൂടെ ജീവിതത്തിലും എഴുത്തിലും ഉറക്കെ പ്രഖ്യാപിച്ച മലയാളത്തിലെ വേറിട്ട എഴുത്തുകാരനാണ് കുഞ്ഞബ്ദുള്ള. മിക്കവാറും ഇന്റര്‍വ്യുകളിലൂടെയാണ് അദ്ദേഹം ഇതു വിളിച്ചു പറഞ്ഞത്. ഇന്നത്തെ സംസ്ക്കാര സമ്പന്നനായ മനുഷ്യന് എന്നു പറയുന്ന ജീവിയുടെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ കൃത്രിമവും പൊങ്ങച്ചവുമെന്നു പ്രഖ്യാപിക്കുന്നതുപോലെയാണ് ഈ എഴുത്തുകാരന്റെ വാദങ്ങള്‍.
സ്വാതന്ത്ര്യത്തിന്റെ ഉടയാടകള്‍ വലിച്ചെറിയുംപോലെ ആദിമ മനുഷ്യന്റെ നിഷ്ക്കളങ്ക അവകാശ പ്രഖ്യാപനം മാതിരിയും തോന്നും ഈ കുപ്പിച്ചില്ലിന്റെ മൂര്‍ച്ചയുള്ള അഭിപ്രായങ്ങള്‍. ഇത്തരം വാക്കുകളോട് മിക്കവാറും നീതികാട്ടി ജീവിച്ച ആളുമാണ് പുനത്തില്‍. എന്നാല്‍ ഇത്തരം വ്യക്തിയെ അദ്ദേഹത്തിന്റെ രചനകളില്‍ കണ്ടുമുട്ടുക പരിമിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: