തിരുവനന്തപുരം: ആര്‍ഭാടങ്ങളില്ലാത്ത സ്കൂള്‍ കായികമേളയില്‍ ആദ്യദിവസം ഓട്ടത്തിലും (400 മീറ്റര്‍) ചാട്ടത്തിലും (പോള്‍ വാള്‍ട്ട്) ഓട്ടച്ചാട്ടത്തിലും (ഹര്‍ഡില്‍സ്) റെക്കോഡ്. ദേശീയ ജേതാവിനെ രണ്ടാംസ്ഥാനക്കാരനാക്കിയതും ഇരട്ടകള്‍ സ്വര്‍ണം വെള്ളി നേട്ടങ്ങള്‍ കൈവരിച്ചതും ആദ്യദിവസത്തെ പ്രത്യേകതയായി. എറണാകുളം ജില്ലയും കോതമംഗലം മാര്‍ബേസില്‍ സ്കൂളും പോയിന്റ് നിലയില്‍ മുന്നില്‍നില്‍ക്കുന്നു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയം ഭരണങ്ങാനം സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലിലെ ആന്‍ റോസ് ടോമിയാണ് ആദ്യദിവസത്തെ ആദ്യ റെക്കോഡുകാരി. 14.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ആന്‍ റോസ് ഇതേ സ്കൂളിലെ ദിബി സെബാസ്റ്റിയന് 2013ല്‍ സ്ഥാപിച്ച 14.93 സെക്കന്‍ഡിന്റെ റെക്കോഡാണ് മറികടന്നത്. രണ്ടാംസ്ഥാനത്തെത്തിയ തിരുവനന്തപുരം ജിവി രാജയിലെ അതുല്യ പി. സജിയും 14.90 സെക്കന്‍ഡുമായി മെച്ചപ്പെടുത്തി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 400മീറ്ററില്‍ എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ടിലെ സാന്ദ്ര എ.എസ്സാണ് രണ്ടാമത് മീറ്റ് റെക്കോഡിനുടമ. 55.95 സെക്കന്‍ഡില്‍ 400 മീറ്റര്‍ ഓടിയെത്തിയാണ് സാന്ദ്ര 2014ല്‍ പൂവമ്പായി എഎംഎച്ച്എസിലെ ജിസ്ന മാത്യുവിന്റെ (56.04) റെക്കോഡ് മറികടന്നത്.
പോള്‍വാള്‍ട്ടിലാണ് മറ്റൊരു മീറ്റ് റെക്കോഡ് . പാലക്കാട് കുമാരംപുത്തൂര്‍ കെഎച്ച്എസിലെ മുഹമ്മദ് ബാസില്‍ 4.06 മീറ്റര്‍ ചാടി റെക്കോഡ്കാരനായി. കോതമംഗലം മാര്‍ബേസില്‍ അനീഷ് മധു(4.05)വിന്റെ റെക്കോഡാണ് പഴങ്കഥയായത്.
3000 മീറ്ററില്‍ ദേശീയ ചാമ്പ്യന്‍ സി.ചാന്ദ്നിയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലിയിലെ കെ.പി.സനിക നേടിയ സ്വര്‍ണത്തിന് റെക്കോര്‍ഡിനെക്കാള്‍ തിളക്കമുണ്ടായിരുന്നു.
സബ്ജൂനിയര് പെണ്‍കുട്ടികളുടെ 400 മീറ്ററിലാണ് ഇരട്ടകള്‍ താരമായത്. പെരുമ്പാവൂര്‍ സെന്റ് തോമസിലെ അനിതാ മരിയ ജോണും അലീന മരിയ ജോണും യഥാക്രമം സ്വര്‍ണവും വെള്ളിയും നേടി ശ്രദ്ധേയരായി.
ഇന്നലെ 31 ഇനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാംദിവസമായ ഇന്ന് 38 ഫൈനലുകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: