പിണറായി (കണ്ണൂര്‍): മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വീട്ടുപരിസരത്തും ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നാമജപയാത്ര. മുഖ്യമന്ത്രിയുടെ പിണറായി പാണ്ട്യാലയിലെ വസതിക്ക് മുന്നില്‍ നിന്നാരംഭിച്ച് പോലീസ് സ്‌റ്റേഷന്‍ റോഡില്‍ സമാപിച്ച യാത്രയില്‍ നൂറു കണക്കിന് ഭക്തര്‍ പങ്കെടുത്തു.
1950ല്‍ ശബരിമല ക്ഷേത്രം തീവെച്ച് നശിപ്പിച്ചപ്പോള്‍ കുറ്റം ചെയ്തവരെ കണ്ടെത്തി ശിക്ഷ നല്‍കുമെന്ന് ഹിന്ദുക്കളെ വ്യാമോഹിപ്പിച്ചാണ് ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയതെന്നും ഇന്ന് അതേ കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയുടെ അചാരാനുഷ്ഠാനങ്ങളെ ചവിട്ടിമെതിക്കുകയാണെന്നും യാത്ര ഉദ്ഘാടനം ചെയ്ത ക്ഷേത്ര സംരക്ഷണ സമിതി മുന്‍ ജില്ലാ അധ്യക്ഷന്‍ മോഹനന്‍ മാനന്തേരി പറഞ്ഞു.
അധര്‍മത്തിന്റെയും അഹങ്കാരത്തിന്റെയും മൂര്‍ത്തിയായി മാറിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് മുന്നില്‍ നിന്ന് നാമജപ പ്രതിഷേധ യാത്ര പുറപ്പെട്ടുവെന്നത് ദൈവനിശ്ചയമാണ്. സനാതനമായ ഹിന്ദുധര്‍മത്തെ നശിപ്പിക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളരെക്കാലമായുളള അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.
നാമജപയാത്ര പിണറായി പോലീസ് സ്‌റ്റേഷന്‍ റോഡില്‍ എസ്‌ഐ എ.വി. ദിനേശിന്റ നേതൃത്വത്തില്‍ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ശരണം വിളിച്ചു. ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി കെ. സുഭാഷ് അധ്യക്ഷത വഹിച്ചു. ആര്‍.കെ. ഗിരിധരന്‍, എ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. നാമജപയാത്രയ്‌ക്ക് പി. സുധീര്‍ ബാബു, കെ.കെ. സുധീര്‍, ഇ. ജയദീപന്‍, സരിന്‍ ഓലായിക്കര എന്നിവര്‍ നേതൃത്വം നല്‍കി.
















