പമ്പ : ശബരിമല കയറാനെത്തിയ കേരള ദളിത് ഫെഡറേഷൻ വനിത നേതാവ് എസ്.പി മഞ്ജുവിന് മലകയറാൻ അനുമതി പോലീസ് നിഷേധിച്ചു. ഇതോടെ മഞ്ജു തന്റെ തീരുമാനം പിന്‍വലിച്ച് മടങ്ങി. സന്നിധാനത്ത് സംഘർഷാവസ്ഥ ഉണ്ടാകുമെന്നതിനെ തുടർന്നാണ് പ്രവേശിക്കാനെത്തിയ യുവതിയെ പോലീസ് തടഞ്ഞത്. മല കയറാൻ സുരക്ഷ നൽകില്ലെന്ന് പോലീസ് അറിയിച്ചു.
ചാത്തന്നൂർ സ്വദേശിനിയായ മഞ്ജു ഇന്നു രാവിലെയാണ് ശബരിമലയിൽ കയറണമെന്ന് ആവശ്യപ്പെട്ട് പമ്പയിൽ എത്തിയത്.ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൂടിയാലോചിച്ചതിനു ശേഷമാണ് അനുമതി നിഷേധിച്ചത്. കൊല്ലം ഗസ്റ്റ് ഹൗസ് മാനേജരെയും മറ്റും ആക്രമിച്ചത് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് ഇവരെന്നാണ് റിപ്പോർട്ട്. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വാതന്ത്ര സ്ഥാനാർഥിയായും ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായും മത്സരിച്ചിട്ടുണ്ട്.
അതേസമയം മഴയായതിനാലാണ് ശബരിമല കയറുന്നത് ഒഴിവാക്കിയതെന്ന് ഐജി ശ്രീജിത്ത് വ്യക്തമാക്കി. യുവതിക്ക് വേണമെങ്കിൽ ഇവിടെ തുടരാം. ഇവരുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കുന്നുണ്ടെന്നും ഐജി വ്യക്തമാക്കി. വൈകുന്നേരം ആറേകാലോടെ പൊലീസ് സുരക്ഷയില്‍ ഇവരെ ചാത്തന്നൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി.
മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മഞ്ജു തയ്യാറായില്ല. ശബരിമലയിലേക്ക് പോകാന്‍ തനിക്ക് താത്പര്യമില്ലെന്ന് ഇവര്‍ പോലീസിന് എഴുതി നല്‍കിയെന്നാണ് വിവരം.
















