തിരുവനന്തപുരം : ശബരിമലയില്‍ പ്രവേശിക്കാന്‍ തനിക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തത് പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹും,ഐ ജി മനോജ് എബ്രാഹാമുമാണെന്ന വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. മാദ്ധ്യമ പ്രവര്‍ത്തകനുമായി നടത്തിയ സംസാരത്തിനിടയിലാണ് രഹ്ന ഫാത്തിമ വിശ്വാസ ലംഘനം നടത്താന്‍ സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയത്.
തന്നെ സന്നിധാനത്ത് പ്രവേശിപ്പിക്കാമെന്ന് പൊലീസ് ഉറപ്പ് തന്നിരുന്നു.ആദ്യം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട തനിക്ക് പമ്പയിലെ ഗണപതി കോവില്‍ വരെ സ്വന്തം റിസ്‌ക്കില്‍ വരാനായിരുന്നു നിര്‍ദേശം.അവിടെ നിന്ന് സംരക്ഷണം നല്‍കാമെന്ന് അറിയിച്ചു.ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ച് ബാക്കി തീരുമാനിക്കാമെന്ന് സ്റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ അറിയിച്ചെങ്കിലും താന്‍ ജില്ലാ കലക്ടര്‍ നൂഹിനോടും,ഐ ജി മനോജ് എബ്രാഹാമിനോടും സംസാരിച്ചിരുന്നതായും അവര്‍ക്ക് സന്ദേശം നല്‍കിയിരുന്നതായും സ്റ്റേഷനില്‍ ഉണ്ടായിരുന്നവരെ അറിയിച്ചു.
താന്‍ പുറപ്പെടും മുന്‍പും വിവരം ഇരുവരെയും അറിയിച്ചിരുന്നു.പമ്പയിലെത്തിയാല്‍ സംരക്ഷണം നല്‍കാമെന്ന് കലക്ടറും ഉറപ്പ് പറഞ്ഞു. ഗണപതി കോവില്‍ എത്തുംവരെ തന്നെ ആരും തിരിച്ചറിഞ്ഞിരുന്നില്ല.പെണ്‍കുട്ടിയാണെന്ന് പോലും മനസില്ലാക്കാന്‍ കഴിഞ്ഞില്ല.
ഐ ജി ശ്രീജിത്ത് നല്ല രീതിയില്‍ പിന്തുണ നല്‍കിയിരുന്നു.തയ്യാറാണെങ്കില്‍ നിങ്ങളെ അവിടെ എത്തിക്കുമെന്ന് തന്നെ ശ്രീജിത്ത് ഉറപ്പ് നല്‍കിയിരുന്നു.അവരുടെ പ്രൊട്ടക്ഷനില്‍ നിന്നും പിന്മാറരുതെന്ന് നിര്‍ദേശിച്ചിരുന്നു.പൊലീസ് നല്ല രീതിയില്‍ സഹായിച്ചു.പക്ഷെ കുറച്ച് മുന്നോട്ട് പോയി കഴിഞ്ഞപ്പോള്‍ പിന്നെ പോകാന്‍ പറ്റാതെ വന്നു.അതാണ് പിന്മാറിയത്.
തനിക്ക് ബിജെപിയുമായി ഒരു വിധത്തിലും ബന്ധമില്ല.സ്‌ക്കൂള്‍ തലം മുതലും,ഇപ്പോള്‍ ജോലിയുമായി ബന്ധപ്പെട്ടും തനിക്ക് ഇടതുപക്ഷ മനോഭാവമാണുള്ളത്.കെ സുരേന്ദ്രനുമായും തനിക്ക് ബന്ധമില്ല. താന്‍ ശബരിമലയില്‍ പ്രവേശിച്ചതിനെതിരെ പ്രതികരിച്ചപ്പോഴാണ് അദ്ദേഹത്തെ കാണുന്നത് തന്നെ.രശ്മി നായര്‍ തന്നോട് പക വീട്ടാനാണ് കെ സുരേന്ദ്രനുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നതായി ആരോപിക്കുന്നതെന്നും രഹ്ന ഫാത്തിമ പറഞ്ഞു.
















