ന്യൂദല്‍ഹി: സാമ്പത്തികത്തട്ടിപ്പുകള്‍ നടത്തി വിദേശരാജ്യങ്ങളിലേക്ക് മുങ്ങുന്നവരെ പിടികൂടി മടക്കിയെത്തിക്കാനുള്ള ഇന്ത്യയുടെ നടപടികള്‍ വിജയം കണ്ടു തുടങ്ങി. ഇതോടെ വിജയ് മല്ല്യ, നീരവ് മോദി എന്നിവരടക്കമുള്ള വമ്പന്‍ തട്ടിപ്പുകാരെ മടക്കിയെത്തിക്കാനുള്ള നടപടികളും ഉഷാറാകും.
2003ല്‍ ബെംഗളൂരു നിന്ന് 46 ലക്ഷം രൂപ തട്ടി ബെഹ്‌റൈനിലേക്ക് മുങ്ങിയ മുഹമ്മദ് യഹ്യ(47)യെയാണ് നിയമനടപടികള്‍ വഴി മടക്കിയെത്തിച്ചത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ വലിയ വിജയമാണെന്ന് ടൈംസ് ഒാഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ബെഹ്‌റൈന്‍ അധികൃതര്‍ ഇയാളെ കണ്ടെത്തി അറസ്റ്റു ചെയ്ത് ഇന്ത്യയെ ഏല്‍പ്പിക്കുകയായിരുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയയാളെ ഇതാദ്യമായാണ് നയതന്ത്ര, നിയമ നടപടികളുടെ ഫലമായി ഇന്ത്യയ്‌ക്ക് മടക്കി ലഭിക്കുന്നത്. ഈ ആഗസ്തിലാണ് ഇതിന് സഹായകമായ നിയമം പാര്‍ലമെന്റ് പാസാക്കിയത്.
പൊതുപണം തട്ടി മുങ്ങുന്നവരെ മടക്കിക്കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ നിശ്ചയ ദാര്‍ഡ്യത്തിന്റെ തെളിവാണിത്. കര്‍ണ്ണാടക സ്വദേശിയായ യഹ്യ, ദമ്പതികളെ കബളിപ്പിച്ചാണ് 46 ലക്ഷവുമായി മുങ്ങിയത്. 2009ലാണ് കേസ് സിബിഐ ഏറ്റെടുത്തത്. കേസ് അന്വേഷിച്ച് പ്രഖ്യാപിത കുറ്റവാളിയാണെന്ന് കണ്ടെത്തിയ സിബിഐ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. പക്ഷെ യഹ്യ വിദേശത്തേക്ക് മുങ്ങിയിരുന്നു. തുടര്‍ന്ന് സിബിഐ ഇന്റര്‍പോളിനെ സമീപിച്ച് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനു ശേഷമാണ് ബെഹ്‌റൈന്‍ പോലീസ് ഇയാളെ അന്വേഷിച്ച് കണ്ടെത്തി അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്ക് കൈമാറിയ മുഹമ്മദ് യഹ്യയയെ വെള്ളിയാഴ്ച ദല്‍ഹിയില്‍ എത്തിച്ചു. അവിടെ നിന്ന് ബെംഗളൂരുവിലും. നീരവ് മോദി, വിജയ് മല്ല്യ , മേഹുല്‍ ചോക്‌സി എന്നിവരടക്കം 28 പേരാണ് ഇന്ത്യയില്‍ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയവരുടെ പട്ടികയില്‍.
















