കൊച്ചി: ചേകന്നൂര്‍ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണക്കോടതി ഇരട്ട ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ച ഒന്നാം പ്രതി വി.വി. ഹംസയെ ഹൈക്കോടതി വെറുതേ വിട്ടു. മതിയായ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് ശിക്ഷ റദ്ദാക്കിയത്.
1993 ജൂലായ് 31 നാണ് ചേകന്നൂര്‍ മൗലവിയെ കാണാതായത്. ഒന്നാം പ്രതി ഹംസയടക്കമുള്ളവര്‍ ജൂലായ് 29 ന് വീട്ടില്‍ നിന്ന് മൗലവിയെ കൂട്ടിക്കൊണ്ടുപോയെന്ന് ബന്ധുക്കളുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 1995 നവംബര്‍ പത്തിന് അന്വേഷണം സിബിഐയ്‌ക്കു വിട്ടു.
മൗലവി കൊല്ലപ്പെട്ടെന്ന നിഗമനത്തിലാണ് സിബിഐ എത്തിച്ചേര്‍ന്നത്. ഹംസയടക്കം ഒമ്പത് പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കി. 2010 സെപ്തംബര്‍ 29 ന് ഹംസയ്‌ക്ക് മാത്രം ശിക്ഷ വിധിച്ച എറണാകുളം സിബിഐ കോടതി മറ്റു പ്രതികളെ വെറുതേ വിട്ടു. ഈ ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹംസ നല്‍കിയ അപ്പീലും കേസിലെ നാലം പ്രതി മുഹമ്മദ് ബഷീറിനെ വെറുതേ വിട്ടതിനെതിരെ സിബിഐയും വിചാരണക്കോടതിയുടെ വിധി പുനഃപരിശോധിക്കണെമന്നാവശ്യപ്പെട്ട് മൗലവിയുടെ അമ്മാവന്‍ സലീം ഹാജിയും നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
ഇതില്‍ സലിം ഹാജിയുടെയും സിബിഐയുടെയും ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ചേകന്നൂര്‍ മൗലവി കൊല്ലപ്പെട്ടതാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതിന് തെളിവുകളില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിന് മൗലവിയെ ഇവര്‍ എന്തു ചെയ്‌തെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മൗലവി മറ്റൊരു പ്രത്യയശാസ്ത്രത്തെ അനുകൂലിച്ചിരുന്നതിനാല്‍ കൊലപ്പെടുത്തിയെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
















