ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണസമിതി തലവനായ വിനോദ് റായ് വ്യക്തമാക്കി.
കളിക്കാരും സെലക്ടര്‍മാരും കുട്ടികളല്ല. ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. കളിക്കാരും സെലക്ടര്‍മാരും തമ്മില്‍ നല്ല രീതിയില്‍ ആശയ വിനിമയം നടക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം.
വിന്‍ഡീസിതെനിരായ ടെസ്റ്റ് പരമ്പരയ്‌ക്കുളള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് വിനോദ് റായിയുടെ പ്രതികരണം.
കരുണ്‍ നായരെയും മുരളി വിജയിനെയും ഒഴിവാക്കിയതാണ് വിവാദങ്ങള്‍ക്ക് കാരണം. തങ്ങളെ ഒഴിവാക്കുന്നതിനെക്കറിച്ച് സെലക്ടര്‍മാന്‍ സംസാരിച്ചില്ലെന്ന് കരുണ്‍ നായരും മുരളി വിജയും വെളിപ്പെടുത്തി. എന്നാല്‍ ഇത് ശരിയല്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ് വ്യക്തമാക്കി. ഈ കളിക്കാരെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരോടും സംസാരിച്ചെന്ന് പ്രസാദ് പറഞ്ഞു.
ടീം തെരഞ്ഞെടുപ്പിനെതിരെ മുന്‍ വിക്കറ്റ് കീപ്പര്‍ കിര്‍മാണിയും രംഗത്ത് വന്നിരുന്നു. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടെയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് സെലക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നതെന്ന് കിര്‍മാണി ആരോപിച്ചു.
















