തിരുവനന്തപുരം: പിണറായി സര്‍ക്കാരിന് പാപ്പാത്തിച്ചോലയിലെ കൈയേറ്റക്കുരിശിനോടും ശബരിമലയോടും വിശ്വാസത്തിന്റെ കാര്യത്തില്‍ രണ്ട് നിലപാടാണെന്ന് തുറന്നുകാട്ടി ബിജെപി. ശബരിമല വിഷയത്തില്‍ വിശ്വാസികളോട് നടത്തുന്ന ഈ യുദ്ധ പ്രഖ്യാപനം അവസാനിപ്പിക്കണം. പ്രതിഷേധം കാണാനും നിലപാട് മാറ്റാനും പിണറായി സര്‍ക്കാര്‍ തയാറായില്ലെങ്കല് ബിജെപി ഇതിനെ രാഷ്ട്രീയ സമരമാക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. അങ്ങനെ വന്നാല്‍ അത് താങ്ങാന്‍ സംസ്ഥാന സര്‍കാരിന് കഴിയില്ലെന്നും മുന്നറിയിപ്പു നല്കി.
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുമ്പോള്‍ പാപ്പാത്തിച്ചോലയിലെ കോണ്‍ക്രീറ്റ് കുരിശ് നീക്കം ചെയ്തപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത്, ‘സര്‍ക്കാരിന്റെ നിയമമായാലും ഉദ്യോസ്ഥര്‍ അത് നടപ്പിലാക്കുമ്പോള്‍ വിശ്വാസികള്‍ക്ക് മുറിവേല്ക്കാത്ത രീതിയില്‍ നടപ്പാക്കണം” എന്നായിരുന്നു. ആ നിലപാടെടുത്ത മുഖ്യമന്ത്രി ശബരിമലക്കാര്യത്തില്‍ വിശ്വാസികളുടെ വികാരം മാനിക്കേണ്ടതല്ലേ. സര്‍ക്കാര്‍ ജനങ്ങളുടെ പക്ഷത്താണെങ്കില്‍ ജനവികാരം മാനിക്കണം. പക്ഷേ ശബരിമലക്കാര്യത്തില്‍ സര്‍ക്കാര്‍ ജനവികാരം മാനിക്കുന്നില്ല. വിശ്വാസികളുടെ വികാരം കണക്കിലെടുക്കുന്നില്ല, രമേശ് പറഞ്ഞു.
വിശ്വാസികളുടെ വികാരങ്ങളുടെ കാര്യത്തില്‍ പിണറായി സര്‍കാരിന് ഇരട്ടത്താപ്പാണ്. സുപ്രീം കോടതി വിധികള്‍ പലതും ലംഘിക്കുകയോ നടപ്പാക്കാതിരിക്കുകയോ വെച്ചുതാമസിപ്പിക്കുകയോ ചെയ്ത പാരമ്പര്യമുള്ള സര്‍ക്കാര്‍ ശബരിമലയില്‍ യുവതികളെ കയറ്റുന്ന കോടതി വിധി നടപ്പാക്കുന്നകാര്യത്തില്‍ മാത്രം എന്തിനാണ് ധൃതിപിടിക്കുന്നതെന്ന് രമേശ് ചോദിച്ചു. സര്‍ക്കാര്‍ ആരോടൊപ്പമാണെന്ന് സര്‍ക്കാര്‍ ആലോചിക്കണം. സര്‍ക്കാരിന് കോടതിയി പുതിയൊരു അപേക്ഷ സമര്‍പ്പിച്ച് ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാമല്ലോ. എന്തിനാണ് പിടിവാശി കാണിക്കുന്നത്. പല സാധ്യതയുമുണ്ട്. അതൊന്നും പരിഗണിക്കാതെ ശബരിമല സംബന്ധിച്ച ആദ്യയോഗത്തില്‍ ആദ്യ കാര്യമായി അവിടെ യുവതികളെ പ്രവേശിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. തുലാമാസം ഒന്നാംതീയതി പുരുഷന്മാര്ക്കുതന്നെ ചെല്ലാന്‍ പറ്റാത്ത രീതിയില്‍ സൗകര്യമില്ലായ്മയാണ്. സര്‍ക്കാര്‍ ജനവികാരം മാനിക്കണം.
സുപ്രീം കോടതിയോട് എന്നാണ് ഈ സര്‍ക്കാരിന് ഇത്ര മമത ഉണ്ടായത്. സെന്‍കുമാര്‍ കേസില്‍, മെഡിക്കല്‍ കോളെജ് കേസില്‍ വിധി മറികടക്കാന്‍ ശ്രമിച്ചില്ലേ, ദേശീയപതയോരത്ത് മദ്യശാല പാടില്ലെന്നു വന്നപ്പോള്‍ അതിനെതിരേ നിന്നില്ലേ. പക്ഷേ ശബരിമലക്കാര്യത്തില്‍ മാത്രം ഇങ്ങനെ നിലപാടെടുത്ത് വിധി നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അതത്ര നിഷ്കളങ്കമല്ല, ഗൂഢാലോചനയാണ്, രമേശ് പറഞ്ഞു.
കേരളത്തിലെ വിശ്വാസി സമൂഹത്തോടുള്ള ഈ യുദ്ധപ്രഖ്യാപനത്തില്നിന്ന് പിന്മാറാന് സര്‍ക്കാര്‍ തയാറാകണം. ഇല്ലെങ്കില്‍ വലിയ രാഷ്ട്രീയ പ്രക്ഷോഭത്തെ നേരിടേണ്ടിവരും. ഇപ്പോള്‍ത്തന്നെ വിശ്വാസി സമൂഹം പ്രക്ഷോഭത്തിലുണ്ട്. അത് രാഷ്ട്രീയ പ്രക്ഷോഭമായി മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് ഈ സര്‍കാര്‍ വലിയ വിലകൊടുക്കേണ്ടി വരും.
ദേവസ്വം ബോര്‍ഡ് ആര്‍ക്കു വേണ്ടി?
ദേവസ്വം ബോര്‍ഡിന്റെ പ്രസക്തി നഷ്ടമായി. ബോര്‍ഡിനു കീഴിലുള്ള ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നുവെന്നാണ് ബോര്‍ഡംഗങ്ങളുടെ സത്യപ്രതിജ്ഞാ വാചകം. പ്രാഥമിക ചുമതല നിറവേറ്റുന്നില്ലെങ്കില്പിന്നെ ബോര്‍ഡിന്റെ പ്രസക്തിയെന്താണ്. നാളെ സര്‍ക്കാര്‍ ഏതെങ്കിലുമൊരു ക്ഷേത്രത്തിലെ ആചാരം മാറ്റാന്‍ തീരുമാനിച്ചാല്‍ അതിന്റെ കൂടെ നില്‍ക്കലല്ല, ബോര്‍ഡിന്റെ ചുമതല. ഒരു ഭരണഘടനാ സ്ഥാപനം വിശ്വസങ്ങള്‍ മാറ്റണമെന്നു പറഞ്ഞാല്‍ ആ സ്ഥാപനത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെന്തെന്ന് വസ്തുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെടുത്തുകയാണ് ബോര്‍ഡിന്റെ ചുമതല. ഈ കാര്യങ്ങളില്‍ ബോര്‍ഡ് പരാജയപ്പെട്ടു. ബോര്‍ഡ് നിരവധി സര്‍ക്കാര്‍ കോര്‍പ്പറേഷനുകള്‍ ഒന്നായി അധഃപതിച്ചു. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നയങ്ങള്‍ നടപ്പാക്കുന്ന ഉപകരണമായി മാറിയിരിക്കുന്നു.
ദേവസ്വംബോര്‍ഡ് ഈ വിഷയത്തില്‍ സര്‍ക്കാരിനൊപ്പമല്ല, വിശ്വാസികള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്. പക്ഷേ ഈ നിമിഷംവരെ അതിന് ബോര്‍ഡ് തയാറായിട്ടില്ല. പന്തളം കൊട്ടാരത്തെയും ശബരിമല തന്ത്രിയെയുമൊക്കെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ട് ശബരിമല വിശ്വാസികളോട് ഒരു ദേവസ്വം ബോര്‍ഡ് യുദ്ധം ചെയ്യുമ്പോള്‍ അതിന്റെ പ്രസക്തി കേരളത്തില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട്, അല്‍പ്പമെങ്കിലും അവരുടെ മനസില്‍ വിശ്വാസം ശേഷിക്കുന്നുവെങ്കില്‍ അവര്‍ രാജിവെക്കണം. ഇല്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ അവര്‍ രാജിവെച്ചു പോകേണ്ടതായി വരും.
ഈ കാര്യത്തില്‍ വിശ്വാസി സമൂഹത്തിനൊപ്പമാണ് ബിജെപി. വിശ്വാസികളുടെ മുന്നേറ്റത്തെ പരിഹസിക്കാനും അടിച്ചമര്‍ത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസം വിശ്വാസികള്‍ നടത്തിയ നാമജപ ഘോഷയാത്രയെ പോലീസിനെക്കൊണ്ട് തടസപ്പെടുത്താന്‍ ശ്രമിച്ചു. വിശ്വാസി സമൂഹത്തിന്റെ മുന്നേറ്റത്തെ അധികാരദണ്ഡുപയോഗിച്ച് തടയാനും തകര്‍ക്കാനുമാണ് ശ്രമിക്കുന്നതെങ്കില്‍ ഇതിനെ രാഷ്ട്രീയ പോരാട്ടമാക്കി മാറ്റാന്‍ ബിജെപി തയറാകും. അത്തരമൊരു സാഹചര്യത്തിലേക്ക് പോയിക്കഴിഞ്ഞാല്‍, അതിനെ അഭിമുഖീകരിക്കാന്‍ സാധിക്കില്ലെന്ന് പിണറായി വിജയന് സര്‍ക്കാരിനെ ഓര്‍മ്മിക്കുന്നുവെന്ന് രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: